ന്യൂദല്‍ഹി: നിര്‍ഭയകേസില്‍ വധ ശിക്ഷ നടപ്പാക്കുന്നത് വൈകിപ്പിക്കാന്‍ പ്രതികള്‍ നടത്തുന്ന നീക്കം വീണ്ടും പരാജയപ്പെട്ടു. കോടതിയില്‍ സമര്‍പ്പിക്കാനുള്ള ചില രേഖകള്‍ തീഹാര്‍ ജയില്‍ അധികൃതര്‍ കൈമാറുന്നില്ലെന്നാരോപിച്ച് രണ്ട് പ്രതികള്‍ നൽകിയ ഹർജി ദല്‍ഹി കോടതി തള്ളി. ജയിൽ അധികൃതരോട് ഇനി രേഖകൾ നൽകാൻ ആവശ്യപ്പെടേണ്ടതില്ലെന്ന് കോടതി നിരീക്ഷിച്ചു.
അഡ്വ.എ.പി സിങ് മുഖേന അക്ഷയ് കുമാര്‍ സിങ് (31) പവന്‍ കുമാര്‍ (25) എന്നിവരാണ് ചില രേഖകള്‍ നല്‍കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. വധ ശിക്ഷ നടപ്പാക്കുന്നത് വൈകിപ്പിക്കാന്‍ പ്രതിഭാഗം നടത്തുന്ന തന്ത്രങ്ങളുടെ ഭാഗമായിട്ടായിരുന്നു ഈ നീക്കം. പ്രതികളിലൊരാളായ വിനയ് ശർമ്മയ്‌ക്ക് ജയിലിൽ വച്ച് വിഷബാധയേറ്റുവെന്നും ഇതിന്റെ രേഖകൾ ജയിൽ അധികൃതർ നൽകിയില്ലെന്നും എ.പി സിങ് കോടതിയെ അറിയിച്ചു. എന്നാൽ, വധശിക്ഷ വൈകിപ്പിക്കാൻ പ്രതിഭാഗം മനപ്പൂർവം ശ്രമിക്കുകയാണെന്നായിരുന്നു പ്രോസിക്യൂഷൻ വാദം.
ശിക്ഷാ വിധി പുനഃപരിശോധിക്കാനായി കേസിലെ മറ്റ് രണ്ട് പ്രതികളായ വിനയ് കുമാര്‍ ശര്‍മ (26) മുകേഷ് സിങ് (32) എന്നിവര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി അടുത്തിടെ കോടതി തള്ളിയിരുന്നു. കഴിഞ്ഞ ബുധനാഴ്‌ച്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയം വധശിക്ഷ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് മരണ വാറണ്ട് പുറപ്പെടുവിക്കുന്നതോടൊപ്പം ഏഴ് ദിവസത്തിനുള്ളില്‍ ശിക്ഷാ വിധി നടപ്പാക്കണമെന്നുകൂടി ഉത്തരവിടണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
നിര്‍ഭയ കേസിന്റെ പശ്ചാത്തലത്തില്‍ വധശിക്ഷ നടപ്പാക്കുന്നതിലെ സങ്കേതിക നടപടികള്‍ നീണ്ടുപോകുന്നതിനാലാണ് ഇത്തരമൊരു അപേക്ഷയുമായി കേന്ദ്രം സുപ്രീം കോടതിയെ സമീപിച്ചത്. നിര്‍ഭയ കേസില്‍ ഈ മാസം 22ന് വധശിക്ഷ നടപ്പാക്കാനായിരുന്നു കോടതി മരണ വാറണ്ട് പുറപ്പെടുവിച്ചത്. എന്നാല്‍ നടപടിക്രമങ്ങള്‍ വൈകിയതോടെ ശിക്ഷ നടപ്പാക്കുന്നത് ഫെബ്രുവരി ഒന്നിലേക്ക് മാറ്റി വീണ്ടും മരണ വാറണ്ടിറക്കി.
ആകെ ആറ് പ്രതികളുണ്ടായിരുന്ന കേസില്‍ ഒരാള്‍ വിചാരണ വേളയില്‍ ജയിലില്‍ ആത്മഹത്യ ചെയ്തിരുന്നു. പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പ്രതി ജുവനൈല്‍ ജസ്റ്റിസ് പ്രകാരം മൂന്ന് വര്‍ഷത്തെ തടവു ശിക്ഷ പൂര്‍ത്തിയാക്കി അടുത്തിടെ പുറത്തിറങ്ങി.
















