കൊച്ചി: ചോറ്റാനിക്കര ക്ഷേത്രവും പ്രദേശവും വികസിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാറിന്റെ ആര്‍ജിപിഎസ്എ ഫണ്ടില്‍നിന്ന് മൂന്നു കോടി രൂപ ചെലവഴിച്ചുള്ള ടെമ്പിള്‍ സിറ്റി പദ്ധതി നഷ്ടമാകുന്നു. പിണറായി സര്‍ക്കാരിന്റെ പിടിപ്പുകേടും അവഗണനയുമാണ് മുഖ്യ കാരണം. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിന്റെ ഉദാസീനതയുമുണ്ട്. സാമ്പത്തിക വര്‍ഷം കഴിയാന്‍ രണ്ടുമാസം മാത്രം ശേഷിക്കെ പദ്ധതി ഇത്തവണ നടപ്പാകില്ലെന്ന് നൂറു ശതമാനം ഉറപ്പായി.
തദ്ദേശ സ്വയംഭരണ വകുപ്പിന്, പഞ്ചായത്തുകളിലെ പ്രധാന പ്രദേശത്തെ പ്രത്യേക വികസനത്തിനായി കേന്ദ്രസര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ വകുപ്പുവഴി ലഭ്യമാക്കുന്നതാണ് രാജീവ് ഗാന്ധി പഞ്ചായത്ത് സശക്തീകരണ്‍ അഭിയാന്‍ പ്രകാരമുള്ള അഞ്ചുവര്‍ഷ ഫണ്ട്. ചോറ്റാനിക്കര പഞ്ചായത്തിന് 2016 -ല്‍ അനുവദിച്ചതാണ് (2016 സെപ്തംബര്‍ 26 ന് തദ്ദേശ സ്വയം ഭരണ വകുപ്പ് ഉത്തരവ് നമ്പര്‍ 2739/2016) ഈ തുക. ഇക്കാലമത്രയും വിനിയോഗിച്ചില്ല.
ചോറ്റാനിക്കരയിലെത്തുന്ന ഭക്തര്‍ക്ക് സൗകര്യം ഉണ്ടാക്കുക, ക്ഷേത്ര നഗരിയോടു ചേര്‍ന്നുള്ള ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, മജിസ്‌ട്രേറ്റുകോടതി, പോലീസ് സ്‌റ്റേഷന്‍ തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ജനങ്ങള്‍ക്ക് കൂടുതല്‍ സുഗമമാക്കുക, പ്രദേശത്തെ ഗതാഗതക്കുരുക്ക് മാറ്റുക, റോഡ് നന്നാക്കുക, പ്രദേശത്ത് കുടിവെള്ള വിതരണ സൗകര്യം ഉണ്ടാക്കുക തുടങ്ങിയ സംവിധാനങ്ങള്‍ ഒന്നിപ്പിച്ചുള്ളതായിരുന്നു പദ്ധതി. ക്ഷേത്ര ദര്‍ശനത്തിനെത്തുന്നവര്‍ക്ക് വ ടക്കും തെക്കും നടകളില്‍ 300 മീറ്റര്‍ നീളത്തില്‍ നടപ്പന്തല്‍ ഉണ്ടാക്കി, ശബരിമല ഇടത്താവള സൗകര്യം നിര്‍മിച്ച് ശുചിമുറികളും വിശ്രമമുറികളുമുണ്ടാക്കി, ഇതിനു മുകളില്‍ സംഭരിക്കുന്ന മഴവെള്ളം കൊണ്ട് ഒരു കിലോ മീറ്റര്‍ ചുറ്റളവില്‍ കുടിവെള്ളം വിതരണം ചെയ്യാനാണ് വിഭാവനം ചെയ്തത്.
പക്ഷേ, യുഡിഎഫ് ഭരിക്കുന്ന ചോറ്റാനിക്കര പഞ്ചായത്തിന് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അനുവദിച്ച പദ്ധതിയുടെ നടപ്പാക്കല്‍ റിപ്പോര്‍ട്ട് ഈ എല്‍ഡിഎഫ് സര്‍ക്കാര്‍ തള്ളി. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രമായതിനാല്‍ ബോര്‍ഡിന്റെ അനുമതിവേണം. വകുപ്പുമന്ത്രി ജി. സുധാകരന്‍ പദ്ധതി അംഗീകരിച്ചില്ല. പഞ്ചായത്തിനും
ക്ഷേത്ര പദ്ധതിയില്‍ വലിയ താല്‍പര്യമില്ലായിരുന്നു. അങ്ങനെ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ മൂന്നു കോടി രൂപ ചെലവില്‍ ചോറ്റാനിക്കര ക്ഷേത്രത്തിനും ഒരു പ്രദേശത്തുണ്ടാകുമായിരുന്ന വന്‍ വികസന സാധ്യതയാണ് നഷ്ടമാകാന്‍ പോകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: