കോട്ടയം: വായ്പാ കുടിശ്ശികയുടെ പേരില്‍ ജപ്തി നടപടികള്‍ നേരിടേണ്ടി വന്ന റബ്കോയുടെ പ്രവര്‍ത്തനം വീണ്ടും പ്രതിസന്ധിയില്‍. കോട്ടയം ജില്ലയിലെ പാമ്പാടിയില്‍ പ്രവര്‍ത്തിക്കുന്ന ഫോം ബെഡ് നിര്‍മാണ യൂണിറ്റില്‍ തൊഴിലാളികള്‍ക്ക് കഴിഞ്ഞ മാസത്തെ ശമ്പളം പൂര്‍ണമായി നല്കാന് മാനേജ്മെന്റിനായില്ല.
ശനിയാഴ്ച തൊഴിലാളികള്‍ ഫാക്ടറിയില്‍ പ്രവേശിച്ചെങ്കിലും ജോലി ചെയ്യാതെ പ്രതിഷേധിച്ചു. തുടര്‍ന്ന് കമ്പനി എംഡിയും, ചെയര്‍മാനും പ്രശ്നത്തില്‍ ഇടപെട്ട് സമാശ്വാസമായി 5,000 രൂപ വീതം നല്കി. കമ്പനി സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ബാക്കി ശമ്പളം ഘട്ടം ഘട്ടമായേ നല്‍കൂ എന്നുമാണ് മാനേജ്മെന്റ് പറയുന്നത്.
റബ്കോയുടെ കീഴില്‍ വ്യത്യസ്ത ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന എട്ടോളം യൂണിറ്റുകളുള്ളതില്‍ ബഹുഭൂരിപക്ഷവും നഷ്ടത്തിലാണ്. ഭരണത്തിന്റെ പിന്‍ബലത്തില്‍ വിവിധ ജില്ലാ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത കോടിക്കണക്കിന് രൂപയുടെ തിരിച്ചടവ് മുടങ്ങിയതിനെത്തുടര്‍ന്ന് വന്‍ബാധ്യതയാണ് റബ്കോയ്ക്കുള്ളതെന്നും തൊഴിലാളികള്‍ പറയുന്നു.
കോട്ടയം ജില്ലാ സഹകരണ ബാങ്കില്‍ മാത്രം എട്ട് കോടിയില്‍പ്പരം രൂപയുടെ ബാധ്യതയുണ്ട്. ചട്ടങ്ങള്‍ പാലിക്കാതെയാണ് വായ്പ നല്‍കിയതെന്ന പരാതികള്‍ ഇപ്പോഴും നിലനില്ക്കുന്നു. കേരള ബാങ്കിന്റെ മറവില്‍ റബ്കോയുടെ വായ്പ എഴുതിത്തള്ളാനുള്ള നീക്കവും നടന്നിരുന്നു.
സാമ്പത്തിക അച്ചടക്കമില്ലായ്മയും ഭരണത്തിലെ കെടുകാര്യസ്ഥതയുമാണ് തൊഴിലാളികളുടെ വേതനം മുടങ്ങുന്ന നിലയിലേക്ക് റബ്കോയെ എത്തിച്ചതെന്ന് ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു. സ്വകാര്യ കമ്പനികളില്‍ ലഭിക്കുന്ന ശമ്പളം പോലും ഇവിടെ നല്കാറില്ലെന്ന പരാതികള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
തുടക്കത്തിലുണ്ടായി രുന്ന തദ്ദേശീയരില്‍ മിക്കവരും ജോലി ഉപേക്ഷിച്ചു. പിന്നീട് കണ്ണൂരില്‍ നിന്നുള്ള സിപിഎമ്മുകാരെയും ബംഗാളികളെയും ഉപയോഗിച്ചാണ് കമ്പനിയുടെ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോയത്.
കൂലി കിട്ടുന്നതില്‍ മുടക്കം വന്നതോടെ ബംഗാളികളും ഇവിടം വിട്ടുപോയി. തുടക്കം മുതല്‍ സിപിഎം നേതൃത്വത്തിന്റെ കൈപ്പിടിയിലാണ് റബ്കോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: