പെരിയ: പുല്‍വാമ ആക്രമണവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട് രാജ്യദ്രോഹക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട വിദ്യാര്‍ഥിയെ കേന്ദ്ര സര്‍വകലാശാലയില്‍ നിന്ന് പുറത്താക്കി. പെരിയ കേന്ദ്ര സര്‍വകലാശാലയിലെ രണ്ടാം വര്‍ഷ എംഎ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്‍ഡ് പോളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ഥി അവാലരാമുവിനെയാണ് പുറത്താക്കിയത്.
2019 ഫെബ്രുവരിയില്‍ അവാലരാമു പുല്‍വാമ ആക്രമണവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ ദേശവിരുദ്ധ പ്രസ്താവനകള്‍ നടത്തിയെന്നാരോപിച്ച് രാമുവിനെ സസ്‌പെന്‍ഡ് ചെയ്തു. ഇതിനു പുറമെ കേന്ദ്ര സര്‍വകലാശാല അധികൃതര്‍ രാമുവിനെതിരെ നല്‍കിയ പരാതിയില്‍ ബേക്കല്‍ പോലീസ് രാജ്യദ്രോഹ കുറ്റത്തിന് കേസെടുത്തു. 11 മാസത്തിന് ശേഷമാണ് രാമുവിനെ പുറത്താക്കിയതായി കേന്ദ്ര സര്‍വകലാശാലയുടെ പബ്ലിക് റിലേഷന്‍സ് ഓഫീസില്‍ നിന്ന് അറിയിപ്പ് വന്നത്.
സര്‍വകലാശാല രൂപീകരിച്ച പ്രത്യേക സമിതി ഇതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തുകയും വിദ്യാര്‍ഥിയുടെ പ്രസ്താവനകള്‍ സ്ഥാപനത്തിന്റെ സല്‍പ്പേരിന് ദോഷമുണ്ടാക്കുന്നതാണെന്നും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്ന് പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
















