ഐസ്വാള്‍/അഗര്‍ത്തല: രാജ്യത്തെ ജനങ്ങളോടുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ കരുതലിന്റെയും ഉത്തരവാദിത്വത്തിന്റെയും നേര്‍ക്കാഴ്ച വടക്കുകിഴക്കില്‍ നിന്ന്. രണ്ട് പതിറ്റാണ്ടിലധികം അഭയാര്‍ഥികളായി കഴിയേണ്ടിവന്ന ബ്രൂ റിയാങ് ഗോത്ര വംശജരെ സംരക്ഷിക്കുന്ന ബ്രൂ റിയാങ് കരാര്‍ യാഥാര്‍ഥ്യമാക്കിയതിന് മോദി സര്‍ക്കാരിനെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും അഭിനന്ദിക്കുകയാണ് രാജ്യം.
ആഭ്യന്തര സംഘര്‍ഷത്തെത്തുടര്‍ന്ന് മിസോറമില്‍ നിന്ന് ത്രിപുരയിലേക്ക് പലായനം ചെയ്യേണ്ടി വന്ന ബ്രൂ റിയാങ് വംശജരെ പുനരധിവസിപ്പിക്കുന്നതാണ് കരാര്‍. ഇതനുസരിച്ച് ത്രിപുരയില്‍ താമസിക്കുന്ന 34,000 പേരെ അവിടെ സ്ഥിരമായി താമസിക്കുന്നതിന് അനുവദിക്കും. ഇതിനായി ത്രിപുരയ്‌ക്ക് 600 കോടി രൂപയും കേന്ദ്രം നല്‍കും. അമിത് ഷാ, ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേവ്, മിസോറം മുഖ്യമന്ത്രി സൊറാംതാങ്ഗ, ബ്രൂ റിയാങ് വിഭാഗത്തിന്റെ പ്രതിനിധികള്‍ എന്നിവരാണ് കരാറിലൊപ്പിട്ടത്.
കരാര്‍ യാഥാര്‍ഥ്യമായത് പതിറ്റാണ്ടുകളായി തുടരുന്ന സംഘര്‍ഷം അവസാനിപ്പിക്കുമെന്നും ജനങ്ങളോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ പ്രതിബദ്ധതയാണ് ഇത് കാണിക്കുന്നതെന്നും മുന്‍ മിസോറം ഗവര്‍ണറും മുന്‍ കേന്ദ്രമന്ത്രി സുഷമ സ്വരാജിന്റെ ഭര്‍ത്താവുമായ സ്വരാജ് കൗശല്‍ അടക്കമുള്ളവര്‍ ചൂണ്ടിക്കാട്ടി. കരാര്‍ നടപ്പാക്കിയതിന് പ്രധാനമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും കൗശല്‍ അഭിനന്ദിച്ചു. മേഖലയിലെ സംസ്ഥാന സര്‍ക്കാരുകളും വിവിധ സംഘടനകളും ത്രിപുരയിലെയും മിസോറമിലെയും ജനങ്ങളും കേന്ദ്ര സര്‍ക്കാരിനെ അഭിനന്ദിച്ച് രംഗത്തെത്തി.
ഓരോ കുടുംബത്തിനും നാലു ലക്ഷം സ്ഥിര നിക്ഷേപം
വടക്കന്‍ ത്രിപുരയിലെ കാഞ്ചന്‍പൂരില്‍ താത്കാലിക ക്യാമ്പിലാണ് അഭയാര്‍ഥികള്‍ കഴിയുന്നത്. ഓരോ കുടുംബത്തിനും ത്രിപുരയില്‍ വീട്‌വച്ച് താമസിക്കാം. സ്ഥലം ത്രിപുര സര്‍ക്കാര്‍ നല്‍കും. ഓരോ കുടുംബത്തിനും നാല് ലക്ഷം രൂപ സ്ഥിരനിക്ഷേപം സര്‍ക്കാര്‍ സഹായമായി നല്‍കും. ഇത് രണ്ട് വര്‍ഷത്തിനു ശേഷമേ പിന്‍വലിക്കാനാകൂ. ഓരോ കുടുംബത്തിനും രണ്ട് വര്‍ഷത്തേക്ക് മാസം 5,000 രൂപയും നല്‍കും. വീട് വയ്‌ക്കുന്നതിനും സര്‍ക്കാര്‍ സഹായമുണ്ട്, ഒന്നര ലക്ഷം രൂപ.
ഏകദേശം 34,000 പേര്‍ക്ക് കരാര്‍ ഗുണകരമാകും. ത്രിപുരയില്‍ അവിടത്തുകാരായി തന്നെ ഇവര്‍ക്ക് ഇനി ജീവിതം മുന്നോട്ടുകൊണ്ടുപോകാം. തദ്ദേശീയരായവര്‍ക്കുള്ള എല്ലാ ആനുകൂല്യങ്ങളും ലഭിക്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ സാമൂഹ്യക്ഷേമ പദ്ധതികള്‍ക്കും ഇനി ഇവര്‍ അര്‍ഹരാകും.
കനലെരിഞ്ഞ നാള്‍വഴികള്‍
തങ്ങളുടെ അസ്തിത്വം നിലനിര്‍ത്താനുള്ള യാത്രയില്‍ കടുപ്പമേറിയ ഒട്ടേറെ പരീക്ഷണങ്ങള്‍ നേരിട്ടു ബ്രൂ റിയാങ് വംശജര്‍. മിസോറമിലെ തനത് ഗോത്ര വര്‍ഗക്കാരാണ് ബ്രൂ റിയാങ്ങുകള്‍. മതം മാറണമെന്ന ക്രിസ്ത്യന്‍ മിഷണറിമാരുടെ നിര്‍ബന്ധത്തെ എതിര്‍ത്തതോടെയാണ് ഇവര്‍ക്കെതിരെ ആക്രമണം തുടങ്ങുന്നത്. ഇതോടെ, ഇവര്‍ അവിടം വിടാന്‍ നിര്‍ബന്ധിതരായി.
1997ല്‍ ഏകദേശം 30,000ത്തിലധികം പേര്‍ ത്രിപുരയിലേക്ക് പലായനം ചെയ്തു. കാഞ്ചന്‍പൂരിലാണ് ഇവര്‍ക്ക് അഭയാര്‍ഥി ക്യാമ്പുകളൊരുക്കിയത്. 2010 മുതലാണ് ഇവരെ പുനരധിവസിപ്പിക്കാനുള്ള ശ്രമം തുടങ്ങുന്നത്. 2014ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ നീക്കം സജീവമായി.
2014ല്‍ 1,622 പേര്‍ മിസോറമിലേക്ക് മടങ്ങി. 2018ല്‍ 328 കുടുംബങ്ങളിലായി 1,369 പേരും തിരിച്ചുപോയി. ബാക്കിയുള്ളവര്‍ പോകാന്‍ വിസമ്മതിച്ചു. അവിടെ പോയാല്‍ വീണ്ടും അക്രമം നേരിടേണ്ടിവരുമെന്ന ഭീതിയായിരുന്നു കാരണം. തിരിച്ചുപോകാന്‍ താത്പര്യമില്ലാത്തവര്‍ക്ക് ത്രിപുരയില്‍ തുടരാന്‍ നിയമ പരിരക്ഷ വേണമെന്നായിരുന്നു ഇവരുടെ പ്രധാന ആവശ്യം. ഇതോടെ, കേന്ദ്ര, ത്രിപുര, മിസോറം സര്‍ക്കാരുകളും ബ്രൂ വംശജരും വീണ്ടും ചര്‍ച്ചകള്‍ തുടങ്ങി. അതിനൊടുവിലാണ് കരാര്‍ യാഥാര്‍ഥ്യമായത്.
















