കൊച്ചി: പ്ലാന്റേഷന്‍ നയം പരിഷ്‌കരിക്കാന്‍ ലക്ഷ്യമിടുന്ന പിണറായി സര്‍ക്കാര്‍ തോട്ടങ്ങള്‍ സ്വകാര്യ മേഖലയ്‌ക്ക് തീറെഴുതി കൊടുക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുന്നു. ഗ്ലോബല്‍ ഇന്‍വെസ്റ്റേഴ്സ് മീറ്റില്‍ ഈ നയം പ്രഖ്യാപിച്ച മുഖ്യമന്ത്രി, അതിനുള്ള നിയമങ്ങള്‍ നിര്‍മിക്കാനുള്ള ഒരുക്കത്തിലാണ്. കരട് തയാറായി. അവസാന കൂടിയാലോചനകളാണിനി.
യുഡിഎഫ് സര്‍ക്കാര്‍ തോട്ടഭൂമിയില്‍ അഞ്ചു ശതമാനം തരംമാറ്റി വിനിയോഗിക്കാന്‍ അനുമതി കൊടുത്തതിന്റെ തുടര്‍ച്ചയാണ് എല്‍ഡിഎഫ് ആസൂത്രണം. ഇതിന്റെ ഭാഗമായി നാളെ കൊച്ചിയില്‍ സര്‍ക്കാര്‍ ശില്‍പ്പശാല നടത്തുന്നു. തൊഴില്‍ വകുപ്പാണ് കരട് നയ ചര്‍ച്ചയ്‌ക്ക് ശില്‍പ്പശാല നടത്തുന്നത്. തോട്ടം മേഖലയുടെ വികസനത്തിനെന്നാണ് പറയുന്നതെങ്കിലും വാസ്തവത്തില്‍ സ്വകാര്യമേഖലയ്‌ക്ക് സര്‍ക്കാര്‍ ഭൂമി സ്വതന്ത്രമായി വിട്ടുനല്‍കുന്നതിലേയ്‌ക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്ന് ആക്ഷേപമുണ്ട്.
ഉമ്മന്‍ചാണ്ടിയുടെ യുഡിഎഫ് സര്‍ക്കാര്‍ അവസാനകാലത്ത് തോട്ടം സംരക്ഷണത്തിനെന്ന പേരില്‍ കാര്‍ഷികാവശ്യങ്ങള്‍ക്ക് അല്ലാതെ ആകെ കൈവശ ഭൂമിയുടെ അഞ്ച് ശതമാനം വിനിയോഗിക്കാന്‍ നിയമമുണ്ടാക്കി. ഇതിന്റെ ഫലം, തോട്ടംഭൂമിയിലെ വന്‍തോതിലുള്ള മരം മുറിക്കല്‍ മാത്രമായിരുന്നുവെന്നാണ് പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്.
തോട്ടം മേഖലയില്‍ മരം മുറിക്കാന്‍ സീനിയറേജ് വ്യവസ്ഥ നിലവിലുണ്ടായിരുന്നു. അത് സര്‍ക്കാര്‍ റദ്ദ് ചെയ്തു. ഒരു ക്യുബിക് മീറ്റര്‍ മരം മുറിക്കുമ്പോള്‍ സര്‍ക്കാരിന് നിശ്ചിത തുക കെട്ടിവയ്‌ക്കണമായിരുന്നു. അത് ഈ സര്‍ക്കാര്‍ റദ്ദാക്കി. അതായത് ഒരു മരം മുറിക്കുമ്പോള്‍ 2500 രൂപ വീതം എങ്കിലും സര്‍ക്കാരിന് ലഭ്യമാകുമായിരുന്നു. അത് ഇല്ലാതാക്കി. റബ്ബര്‍ എസ്റ്റേറ്റുകളില്‍ നിന്ന് വന്‍തോതില്‍ മരം മുറിച്ച് നീക്കിയത് വഴി കനത്ത നഷ്ടം സര്‍ക്കാരിനുണ്ടാക്കി. ഈ റദ്ദാക്കല്‍ പുനപ്പരിശോധിക്കണമെന്ന് റവന്യു വകുപ്പ് ആവശ്യപ്പെട്ടിരിക്കുകയാണ്.
ഗ്ലോബല്‍ ഇന്‍വെസ്റ്റ്മെന്റ് മീറ്റായ അസന്‍ഡ് 2020ല്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചത് തോട്ടംമേഖലയില്‍ സ്വകാര്യകമ്പനികള്‍ക്കും വ്യക്തികള്‍ക്കും നിയമവിധേയമായി കൂടുതല്‍ സ്വാതന്ത്ര്യം അനുവദിക്കുമെന്നാണ്. മീറ്റില്‍ അവതരിപ്പിച്ച 100 പ്രോജക്ടുകളില്‍ 18 എണ്ണം നേരിട്ട്, തോട്ടം-വനം മേഖലകളില്‍ നടപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ളവയാണ്. ടൂറിസം-ഹോസ്പിറ്റാലിറ്റി വിഭാഗത്തില്‍പ്പെടുത്തി ഈ പദ്ധതികള്‍ക്ക് നിക്ഷേപകരെ മാതൃക കാണിച്ചിരിക്കുന്നത് ബൊളീവിയ, കൊളംബിയ, അല്‍ജീരിയ, ഇംഗ്ലണ്ട്, സിംഗപ്പൂര്‍, ബ്രസീല്‍ എന്നിവിടങ്ങളിലെ പദ്ധതികളാണ്.
ഇടുക്കിയില്‍ ആറേക്കര്‍ സ്ഥലത്ത് വാസസ്ഥലങ്ങള്‍ ഒരുക്കാനുള്ള പദ്ധതിയാണ് മറ്റൊന്ന്. ഇടുക്കി വില്ലേജില്‍ പാര്‍ക്ക്, ഇക്കോ ലോഡ്ജ് തുടങ്ങിയവയും പദ്ധതിയുടെ ഭാഗമാണ്. വര്‍ഷം ഒന്നര ലക്ഷം സന്ദര്‍ശകരുള്ള ഇടുക്കി ഡാമിന്റെ ടൂറിസം സാധ്യത കണക്കാക്കിയാണ് പദ്ധതി. ഇടുക്കി, വയനാട്, തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട്, കോട്ടയം, പത്തനംതിട്ട മേഖലകളിലെ ഇത്തരം പദ്ധതികള്‍ തോട്ടം മേഖലയില്‍ ആവിഷ്‌കരിക്കാന്‍ ഒരുങ്ങിയാണ് ഗ്ലോബല്‍ മീറ്റില്‍ അവതരിപ്പിച്ചിരിക്കുന്നത്.
എന്നാല്‍, ഇതില്‍ പലതും പരിസ്ഥിതി പ്രശ്നങ്ങള്‍ ഉള്‍പ്പെടെ ഒട്ടേറെ കടമ്പകള്‍ കടക്കേണ്ടതാണ്. പദ്ധതികള്‍ 2030ല്‍ നടപ്പാക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്. അതായത്, അഞ്ചു വര്‍ഷ സര്‍ക്കാരിന്റെ അവസാനഘട്ടത്തിലെ ഈ പദ്ധതികളുടെ പ്രഖ്യാപനം മാത്രമാണ് ലക്ഷ്യം. തോട്ടഭൂമി അഞ്ച് ശതമാനം ‘തരംമാറ്റി’ ഉപയോഗിക്കാന്‍ അനുമതി കൊടുത്ത യുഡിഎഫ് സര്‍ക്കാര്‍ ലക്ഷ്യമിട്ടത് ഈ സര്‍ക്കാരും പിന്തുടരുന്നുവെന്നര്‍ത്ഥം.
ഭരണഘടനാലംഘനമാണ്, തോട്ടംഭൂമിയുടെ ‘തരംമാറ്റ’ലെന്ന സുപ്രീംകോടതി വിധിയെ മറികടന്നാണ് യുഡിഎഫ്, സര്‍ക്കാരിന്റെ തീരുമാനം വന്നത്. ചൊവ്വാഴ്ച നടക്കുന്ന യോഗങ്ങളും കൂടിയാലോചനകളും കഴിഞ്ഞ് പുതിയ തോട്ടം നിയമം ഉണ്ടാക്കുമ്പോള്‍ എല്‍ഡിഎഫ് സര്‍ക്കാരും എടുക്കുന്ന തീരുമാനം സുപ്രീംകോടതി വിധിയെ മറികടക്കുന്നതാവാനേ തരമുള്ളു. അതുകൊണ്ടു തന്നെ കേരളത്തിന്റെ വ്യവസായ വളര്‍ച്ചയോ വികസനമോ ആയിരിക്കില്ല, മറിച്ച് തെരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് സ്വകാര്യതോട്ടം ഉടമകളുടെയും കമ്പനികളുടെയും എല്ലാവിധ പിന്തുണയും നേടാനുള്ള അടവ് മാത്രമായിരിക്കും പുതിയ നിയമത്തിലെ വ്യവസ്ഥകളെന്ന ആശങ്കകള്‍ തോട്ടം മേഖലയില്‍ ഉള്ളവര്‍ക്കുതന്നെയുണ്ട്.
കൂടാതെ, തോട്ടം മേഖലയ്‌ക്ക് നല്‍കുന്ന പുതിയ ഇളവുകള്‍ പണ്ട് ഈ ഭൂമിയുടെ ഉടമസ്ഥരായിരുന്നവര്‍ക്കും അവകാശപ്പെട്ടതാണെന്നും അന്ന് ഭൂമി വിട്ടുകൊടുത്തവര്‍ക്ക് ഒരു ആനുകൂല്യവും കിട്ടുന്നില്ലെന്നും നിയമജ്ഞരെ ഉദ്ധരിച്ച് പഴയ ഉടമകളുടെ പുതിയ തലമുറ പറയുന്നു. ഇക്കാര്യത്തില്‍ അര്‍ഹമായ ആനുകൂല്യം നേടാന്‍ നിയമനടപടിക്ക് സാധിക്കുമോ എന്ന് അവര്‍ ആലോചിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: