ലഖ്‌നൗ : ഇന്ത്യയിലെ 130 കോടി ജനങ്ങളെ ഹിന്ദു സമൂഹമായി കണക്കാക്കുന്നു. സംഘടനയുടെ ഈ വിശ്വാസത്തിന് ജാതി, മതം, ഭാഷ ഇങ്ങനെ ഒരു വേര്‍തിരിവും ഇല്ലെന്ന് ആര്‍എസ്എസ് സര്‍സംഘ ചാലക് മോഹന്‍ ഭാഗവത്.
130 കോടി ജനങ്ങളും ഹിന്ദുക്കളാണെന്നും ഇന്ത്യ ഹിന്ദു രാഷ്‌ട്രമാണെന്ന് പറയുന്നുണ്ടെങ്കില്‍ അത് ആരുടേയും മതമോ ജാതിയോ ഭാഷയോ മാറ്റാന്‍ ലക്ഷ്യമിട്ടല്ല. ആര്‍എസ്എസ് ഭരണഘടനയില്‍ വിശ്വസിക്കുന്നു. അതിനാല്‍ മറ്റ് അധികാര കേന്ദ്രങ്ങള്‍ സംഘത്തിന് ആവശ്യമില്ല. ആരുടേയും ജാതിയോ മതമോ മാറ്റാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
വിവിധ വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ ഇതിന്റെ ഭാഗമായി പ്രവര്‍ത്തിച്ചുവരുന്നുണ്ട്. രാജ്യത്തിന്റെ മൂല്യങ്ങള്‍ കാത്തു സൂക്ഷിക്കാനാണ് സംഘം ശ്രമിച്ചുവരുന്നത്. 60 വര്‍ഷത്തോളമായി അതിനുള്ള പ്രയത്‌നം നടത്തി വരികയാണെന്നും മോഹമന്‍ ഭാഗവത് പറഞ്ഞു.
അതേസമയം ബിജെപിയെ നിയന്ത്രിക്കുന്നത് ആര്‍എസ്എസ് ആണെന്ന പ്രസ്താവനകളേയും അദ്ദേഹം നിഷേധിച്ചു. രാജ്യത്തെ 130 കോടി ജനങ്ങള്‍ക്ക് വേണ്ടിയാണ് സംഘം പ്രവര്‍ത്തിക്കുന്നത്. ദേശീയോദ്ഗ്രഥനവും ചിന്താഗതിയുമുള്ള ആര്‍ക്ക് വേണമെങ്കിലും ആര്‍എസ്എസിന്റെ ഭാഗമായി പ്രവര്‍ത്തിക്കാവുന്നതാണ്. അതിന് ആര്‍എസ്എസിന്റെ ശാഖകളില്‍ പോയി പ്രത്യേക പരിശീലനം സിദ്ധിക്കണം എന്നൊന്ന് ഇല്ലെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.
നാനാത്വത്തില്‍ ഏകത്വം എന്ന ആശയത്തില്‍ ഉറച്ച വിശ്വാസമുണ്ട്. സൗഹാര്‍ദ്ദപരമായ ജീവിതം എന്നാണ് ഹിന്ദുത്വ എന്ന വാക്ക് പോലും അര്‍ത്ഥമാക്കുന്നത്. വൈകാരികമായ ഏകീകരണത്തിന് ശ്രമിക്കണമെന്നാണ് ഭരണഘടനപോലും പറയുന്നതെന്നും രാജ്യം തങ്ങളുടേതാണെന്ന ചിന്തയാണ് ആ വൈകാരികതയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
















