ഷിര്‍ദ്ദി : കഴിഞ്ഞ നൂറ്റാണ്ടിലെ ആത്മീയ ഗുരുവായി കരുതുന്ന ഷിര്‍ദ്ദി സായി ബാബയുടെ ജന്മസ്ഥലം സംബന്ധിച്ച തര്‍ക്കം മൂലം പ്രദേശത്ത് ബന്ദ് ആചരണം. ജന്മസ്ഥലം സംബന്ധിച്ച് തര്‍ക്കം ഉടലെടുക്കുകയും ഷിര്‍ദ്ദി സായി ബാബയുടെ മഹാസമാധി സ്ഥലം അനിശ്ചിതമായി അടച്ചിടാന്‍ തീരുമാനിക്കുകയും നടപടിയില്‍ പ്രതിഷേധിച്ച് ബന്ദിന് ആഹ്വാനം ചെയ്യുകയുമായിരുന്നു.
ഷിര്‍ദ്ദി സായിബാബയുടെ ജന്മ സ്ഥലം സംബന്ധിച്ച് ആര്‍ക്കും വ്യക്തമായി അറിവില്ല. എവിടെയാണ് ജനിച്ചതെന്നതിനെപ്പറ്റിയും തന്റെ കുടുംബത്തെപ്പറ്റിയും അദ്ദേഹം അനുയായികളോട് വലിയ സൂചനകളൊന്നും കൊടുത്തിരുന്നുമില്ല. പക്ഷേ 1858ഓടെ മഹാരാഷ്‌ട്രയിലെ ഷിര്‍ദ്ദി എന്ന പ്രദേശത്ത് എത്തിയ അദ്ദേഹം മഹാസമാധി വരെ അവിടെ കഴിയുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഷിര്‍ദ്ദിയില്‍ മഹാസമാധി ഉയരുകയും പ്രതിദിനം ലക്ഷകണക്കിന് ആളുകള്‍ എത്തുന്ന ആരാധനാ കോന്ദ്രമായി ഇത് മാറുകയും ചെയ്തു.
എന്നാല്‍ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി എംഎല്‍എ സുരാനി അബ്ദുള്ള ഖാന്‍ സായിയ ബാബയുടെ ജന്മസ്ഥാനം മഹാരാഷ്‌ട്ര പര്‍ബാനി ജില്ലയിലെ പാഥ്രീ എന്ന സ്ഥലമാണെന്ന് പ്രഖ്യാപിച്ചതോടെയാണ് വിവാദങ്ങള്‍ തലപൊക്കിയത്. മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അബ്ദുള്ളഖാനെ അനുകൂലിച്ച് പാഥ്രിയില്‍ ജന്മസ്ഥാന മന്ദിരം പണിയാന്‍ നൂറു കോടിരൂപയുടെ ഫണ്ട് നല്‍കുമെന്ന് അറിയിക്കുകയും ചെയ്തു.
പാഥ്രിയിലെ ജനങ്ങള്‍ ഷിര്‍ദ്ദിക്കെതിരെ ചരട് വലിക്കുന്നതാണെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. പാഥ്രിയില്‍ ജന്മസ്ഥാന മന്ദിരം ഉയര്‍ന്നാല്‍ ഷിര്‍ദ്ദിയുടെ പ്രാധാന്യം കുറയും അതിനാല്‍ മുഖ്യമന്ത്രിയെ കൂട്ടുപിടിച്ച് പാഥ്രിവാസികളുടെ ഗൂഢാലോചനയാണ് ഇതെന്ന് ഷിര്‍ദ്ദിവാസികളും മറുപടി നല്‍കി. ഇതോടെ ഇരു പ്രദേശത്തേയും ആളുകള്‍ തമ്മില്‍ വഴക്കില്‍ എത്തുകയും തുടര്‍ന്ന് ബന്ദിന് ആഹ്വാനം ചെയ്യുകയുമായിരുന്നു. തുടര്‍ന്ന് സായി ബാബയുടെ സമാധി മന്ദിരം അനിശ്ചിത കാലത്തേയ്‌ക്ക് അടച്ചിടാന്‍ നിര്‍ദ്ദേശിച്ചു.
അതേസമയം സായി ബാബ ജീവിച്ചിരുന്നപ്പോള്‍ ജന്മസ്ഥലം സംബന്ധിച്ച് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അനാവശ്യമായി വിവാദങ്ങള്‍ ഉണ്ടാക്കുകയാണ്. ഷിര്‍ദ്ദിയിലെ സമാധിസ്ഥലത്തെ അപമാനിച്ചത് ദുരുപദിഷ്ടമാണെന്നും പ്രദേശവാസികള്‍ ആരോപിച്ചു. പവിത്രമായ സമാധിസ്ഥലത്തെ അപവാദങ്ങളിലേക്ക് വലിച്ചിഴച്ചതുകൊണ്ട് ജനുവരി 19 മുതല്‍ അനിശ്ചിതകാലത്തേക്ക് ഷിര്‍ദ്ദിബാബ സമാധിസ്ഥലം അടച്ചിടുകയാണ്.
ഗ്രാമവാസികള്‍ ഒരുമിച്ചുകൂടിയാണ് ഈ തീരുമാനമെടുത്തന്നെ് ഷിര്‍ദ്ദി സായി ബാബ ട്രസ്റ്റി ബി. വാക്ചൗരെ അറിയിച്ചു. ഒന്നും ആലോചിക്കാതെയോ വിഷയത്തെ കുറിച്ച് പഠനം നടത്താതെയുമാണ് ഉദ്ധവ് താക്കറെയുടെ നടപടിയെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. മുഖ്യമന്ത്രിക്കെതിരെ ഷിര്‍ദ്ദിയില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്.
















