ഉപ്പള (കാസര്‍കോട്): ദുരൂഹസാഹചര്യത്തില്‍ കാണാതായ അധ്യാപികയുടെ മൃതദേഹം കുമ്പള പെര്‍വാഡ് കടപ്പുറത്ത് കണ്ടെത്തി. മിയാപദവ് വിദ്യാവര്‍ധക ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപികയും ചികുര്‍പാദയിലെ പരേതനായ കൃഷ്ണന്‍-ലീലാവതി ദമ്പതികളുടെ മകളുമായ രൂപശ്രീ(43)യുടെ മൃതദേഹമാണ് കണ്ടെത്തിയത്.
വ്യാഴാഴ്ച രാവിലെ സ്‌കൂളിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു. ഉച്ചയോടെ മകള്‍ പഠിക്കുന്ന വിദ്യാലയത്തിലെത്തി ഫീസടച്ചു. തുടര്‍ന്ന് മഞ്ചേശ്വരത്ത് ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുത്തതായും ബന്ധുക്കള്‍ പറയുന്നു. രാത്രിയും വീട്ടിലെത്താത്തതിനെ തുടര്‍ന്ന് സിപിഎം പ്രാദേശിക നേതാവും സഹകരണ ബാങ്ക് മാനേജരുമായ ഭര്‍ത്താവ് ചന്ദ്രശേഖരന്‍ മഞ്ചേശ്വരം പോലീസില്‍ പരാതി നല്‍കി. പോലീസ് അന്വേഷിക്കുന്നതിനിടെയാണ് ഇന്നലെ രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഒരു അധ്യാപകനെ സംശയമുള്ളതായും ബന്ധുക്കള്‍ പറയുന്നു. ഇയാളെ ചോദ്യം ചെയ്തതായി പോലീസ് വ്യക്തമാക്കി.
രാവിലെ ആരാധനാലയത്തില്‍ പോകുന്നവരാണ് മൃതദേഹം കണ്ടത്. ഇവര്‍ ഉപയോഗിച്ചിരുന്ന സ്‌കൂട്ടര്‍ കിലോമീറ്ററുകള്‍ക്കപ്പുറത്ത് ദുര്‍ഗ്ഗിപ്പള്ളത്ത് റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കഴിഞ്ഞ ദിവസം വൈകിട്ടോടെ കണ്ടെത്തിയിരുന്നു. ലോക്ക് ചെയ്ത നിലയിലായിരുന്നു. സൈബര്‍സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ഫോണ്‍ ബേരികെ ടവറിന്റെ പരിധിയിലുള്ളതായും കണ്ടെത്തിയിരുന്നു. ഫോണില്‍ നിന്ന് ചില സുപ്രധാന വിവരങ്ങള്‍ കിട്ടിയതായും ഇവര്‍ കടുത്ത മാനസികപീഡനം നേരിട്ടതായും സൂചനയുണ്ട്. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. മക്കള്‍: കൃതിക്, കൃപ. സഹോദരങ്ങള്‍: ഗീത, ശില്‍പ.
















