കണ്ണൂര്‍: മാവോയിസ്റ്റ് ബന്ധത്തില്‍ കോഴിക്കോട് ജില്ലയില്‍ സിപിഎം അംഗങ്ങളായ അലന് ഷുഹൈബ്, ത്വാഹ ഫസല്‍ എന്നിവരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തതില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടുകളെ സ്തുതിച്ച് സംസ്ഥാന സമിതിയംഗം പി. ജയരാജന് രംഗത്ത് വന്നത് പാര്‍ട്ടി നേതൃത്വത്തില്‍ തിരിച്ചെത്താനുള്ള നീക്കത്തിന്റെ ഭാഗം. കഴിഞ്ഞദിവസം കോഴിക്കോട് നടന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവെലില്‍ മാവോയിസവും ഇസ്ലാമിസവും എന്ന ചര്‍ച്ചയില്‍ സംസാരിക്കവെയാണ് പിണറായിയുടെ നടപടിയെ ന്യായീകരിച്ചുകൊണ്ട് പി.ജയരാജന് സംസാരിച്ചത്.
അലന് ഷുഹൈബും ത്വാഹ ഫസലും മാവോവാദികളുമായി ബന്ധം പുലര്‍ത്തി എസ്എഫ്ഐക്കുള്ളില്‍ അവരുടെ ആശയം പ്രചരിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് ജയരാജന് പറഞ്ഞത്. ഇരുവര്‍ക്കുമെതിരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തതില്‍ പാര്‍ട്ടിക്കകത്തും പുറത്തു നിന്നുമായി പിണറായിക്കെതിരെ ശക്തമായ വിമര്‍ശനമുയരുന്നുണ്ട്. പാര്‍ട്ടി കേന്ദ്രക്കമ്മിറ്റിയിലുള്പ്പെടെ ഈ വിഷയത്തില്‍ പിണറായി വിജയന് ഒറ്റപ്പെട്ട സാഹചര്യമായിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പോടെ സിപിഎമ്മില്‍ സംഘടനാപരമായി ഒതുങ്ങിയ പി. ജയരാജന് പിണറായിയുടെ നിലപാടുകള്‍ക്കെതിരായിരുന്നു. കണ്ണൂര്‍ ആന്തൂരില്‍ പ്രവാസി വ്യവസായി സാജന് പാറയില്‍ ആത്മഹത്യ ചെയ്ത വിഷയത്തിലും പിണറായിയും ജയരാജനും രണ്ട് വഴിക്കായിരുന്നു. എന്നാല്‍, ഈ കാഴ്ചപ്പാടില്‍ നിന്ന് വ്യതിചലിച്ച് പി. ജയരാജന് പിണറായിക്ക് അനുകൂലമായി നിലപാടെടുത്തത് പാര്‍ട്ടി കേന്ദ്രങ്ങളെയും അമ്പരപ്പിക്കുന്നതാണ്. കണ്ണൂര്‍ ജില്ലയില്‍ ഒരു കാലത്ത് പിണറായിയുടെ വിശ്വസ്തനായിരുന്നു പി. ജയരാജന്. കേരളത്തില്‍ പിണറായിയുടെ നേതൃത്വത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കണ്ണൂര്‍ ജില്ലയില്‍ തുടര്‍ച്ചയായുണ്ടായ രാഷ്ട്രീയ കൊലപാതകങ്ങളും പയ്യന്നൂരില്‍ പോലീസ് സ്റ്റേഷന് മാര്‍ച്ച് സ്റ്റേഷന് വരാന്തയില്‍ കയറി ഉദ്ഘാടനം ചെയ്തതും പി. ജയരാജനെ പൂര്‍ണ്ണമായും പിണറായിക്ക് അനഭിമതനാക്കി.
ജയരാജന് വ്യക്തിപൂജ പ്രോത്സാഹിപ്പിക്കുന്നുവെന്നും പാര്‍ട്ടിക്ക് അതീതനായി വളരുന്നുവെന്നും ആരോപിച്ചായിരുന്നു ഒതുക്കലിന് തുടക്കം കുറിച്ചത്. കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്ന് നീക്കി കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ മത്സരിപ്പിച്ചു. ദയനീയ പരാജയം ഏറ്റുവാങ്ങിയ ജയരാജന് പിന്നീട് സംഘടനാ ചുമതലകളൊന്നും നല്‍കിയില്ല. തോല്‍ക്കുമെന്ന് ഉറപ്പിച്ച് ജയരാജനെ മത്സരിപ്പിച്ചതാണെന്ന ആരോപണവുമുണ്ടായിരുന്നു.
പിന്നീട് സംഘടനയ്ക്കകത്ത് അപ്രഖ്യാപിത വിലക്ക് നേരിട്ട ജയരാജനെ പാര്‍ട്ടി വേദികളില്‍ പോലും അപൂര്‍വമായി മാത്രമേ അവസരം നല്കിയുള്ളൂ. ഈ സാഹചര്യത്തിലാണ് മാവോയിസ്റ്റ് നിലപാടില്‍ പിണറായിയുടെ നടപടികളെ പരസ്യമായി പിന്തുണച്ചുകൊണ്ടുള്ള ജയരാജന്റെ നിലപാട് ചര്‍ച്ചയാകുന്നത്. പിണറായിയോടൊപ്പം നിന്ന് വിശ്വാസം പിടിച്ചുപറ്റി പാര്‍ട്ടിയില്‍ പഴയകാല പ്രതാപം വീണ്ടെടുക്കാനാണ് ജയരാജന്റെ ഇപ്പോഴത്തെ ശ്രമം. എന്നാല്‍ എം.വി. ഗോവിന്ദന്, ഇ.പി. ജയരാജന്, എം.വി. ജയരാജന് ഉള്‍പ്പടെയുള്ള കണ്ണൂര്‍ ലോബിയിലെ ശക്തരെ മറികടന്ന് പി. ജയരാജന് പാര്‍ട്ടിയില്‍ സജീവമാവുക ഏറെക്കുറെ അസാധ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: