ഗൗഡപാദരുടെ മാണ്ഡൂക്യകാരികകളിലെ ആശയങ്ങളെ ദാസ്ഗുപ്ത വിശദമാക്കുന്നത് ഇത്തരത്തിലാണ്. ആദ്യത്തെ പ്രകരണത്തില്‍ ഗൗഡപാദര്‍ ആത്മാവിന്റെ മൂന്നു തരത്തിലുള്ള പ്രാകട്യങ്ങളെപ്പറ്റി പറഞ്ഞു തുടക്കം കുറിക്കുന്നു. (1) ജാഗ്രദവസ്ഥയില്‍ ബാഹ്യലോകസംവേദനമുള്ള ആത്മാവ് (വിശ്വന്, വൈശ്വാനരന്‍), (2) സ്വപ്നാവസ്ഥയില് സ്വപ്നസംവേദിയായ ആത്മാവ് (തൈജസന്‍), (3) സുഷുപ്തി അവസ്ഥയിലുള്ള ആത്മാവ് (പ്രാജ്ഞന്‍). ഈ സുഷുപ്തി അവസ്ഥയില്‍ സവികല്പ ജ്ഞാനമില്ല. ശുദ്ധമായ ബോധവും ആനന്ദവും മാത്രം. ഈ മൂന്നും ഒന്നു തന്നെ എന്നറിയുന്നവന് ഒരിക്കലും അനുഭവങ്ങളുടെ ബന്ധനമില്ല. തുടര്‍ന്ന് ഗൗഡപാദര്‍ പ്രപഞ്ചസൃഷ്ടിയെ സംബന്ധിച്ച് അന്നു നിലവിലിരുന്ന ചില സിദ്ധാന്തങ്ങളെ എണ്ണിപ്പറയുന്നു. പ്രാണനില്‍ നിന്നുമാണ് സൃഷ്ടിയുടെ തുടക്കമെന്നു ചിലര്‍. ഏതൊന്നില് നിന്നാണോ സൃഷ്ടിയുടെ തുടക്കം ആ കാരണത്തിന്റെ വിഭൂതി ആണ് ഇതെല്ലാം എന്നു മറ്റു ചിലര്‍. വേരെ ചിലര്‍ സൃഷ്ടി എന്നാല്‍ സ്വപ്നമാണ്, മായയാണ് എന്നു ചിന്തിക്കുന്നു. ചിലരാകട്ടെ ഈശ്വരേച്ഛയാല്‍ ഉദ്ഭൂതമാണു സൃഷ്ടി എന്നു കരുതുന്നു. കാലമാണു സൃഷ്ടിക്കു കാരണം എന്നു ചിലര്‍ പറയുന്നു. ഈശ്വരന്റെ ഭോഗാര്ത്ഥമോ ക്രീഡാര്ത്ഥമോ ആണ് സൃഷ്ടി എന്നും ചിലര്‍. ഈശ്വരന്റെ സ്വഭാവമാണ് സൃഷ്ടിക്കല്‍ എന്നു വേരെ ചിലര്‍. ആഗ്രഹസാഫല്യം വന്ന ആളായതുകൊണ്ട് അദ്ദേഹത്തിന്റെ ഈ സൃഷ്ടി സോദ്ദേശമല്ല എന്നും അവര്‍ പറയുന്നു. ഗൗഡപാദര്‍ മേല്‍പ്പറഞ്ഞ ഒന്നിനോടും ചായ്വു പ്രകടിപ്പിക്കാതെ ആത്മാവിന്റെ നാലാമത്തെ അവസ്ഥ (തുരീയം) യെ തുടര്‍ന്ന് വര്‍ണിക്കുന്നു. മാണ്ഡൂക്യോപനിഷത്തിലെ തുരീയാവസ്ഥാവിവരണവും മാധ്യമികകാരികയിലെ ആദ്യവരികളുമായുള്ള അതിശയകരമായ സാദൃശ്യം നാം മുകളില്‍ കണ്ടു.
രണ്ടാമത്തെ പ്രകരണത്തില്‍ ജഗത്ത് സ്വപ്നസദൃശമാണെന്നു പറയുന്നതിന്റെ പൊരുള്‍ അത് അയാഥര്ത്ഥമാണെന്നു തന്നെയാണ് എന്നു വിശദീകരിക്കുന്നു. തുടക്കത്തിലും അന്ത്യത്തിലും ഇല്ലാത്ത ഒന്ന് മധ്യത്തിലും ഉണ്ടാകാന്‍ തരമില്ലല്ലോ. യഥാര്‍ത്ഥമെന്ന തോന്നലാണിവിടെ ഉള്ളത്. തോന്നലുകള്‍ക്ക് തുടക്കവും ഒടുക്കവുമുള്ളതിനാല് അവ മിഥ്യയാണ്. സ്വപ്നത്തില്‍ നമ്മുടെ ഉള്ളില്‍ നാം എല്ലാറ്റിനേയും സങ്കല്‍പ്പിക്കുന്നു. നമ്മുടെ ജാഗ്രദവസ്ഥയിലാകട്ടെ എല്ലാം നമുക്കു വെളിയിലാണെന്ന തരത്തില്‍ കരുതുന്നു. സത്യത്തില്‍ രണ്ടും ആത്മാവിന്റെ മായാസൃഷ്ടികള്‍ തന്നെ. മനസ്സില്‍ ഉണ്ടാകുന്ന ഒരു വസ്തുപ്രത്യക്ഷത്തില് ആ വസ്തുവിന് കാണുന്ന മാത്രയില്‍
മാത്രമാണ് നിലനില്‍പ്പ്. ബാഹ്യവസ്തുക്കള്‍ക്ക് രണ്ടു ക്ഷണങ്ങളിലാണ് നിലനില്‍പ്പ് ഉള്ളതായി കരുതുന്നത് (കാണുന്നതിനു തൊട്ടുമുമ്പും കണ്ടുതുടങ്ങുമ്പോഴും). പക്ഷേ ഇതെല്ലാം കേവലഭാവനകള് മാത്രമാണ്. മനസ്സില്‍ (ഉള്ളില്‍) അവ്യക്തമായും വെളിയില്‍ തന്നില്‍ നിന്നും വേര്‍പെട്ട് വ്യക്തതയാര്ന്നും തോന്നുന്നതെല്ലാം തന്നെ ഇന്ദ്രിയങ്ങളുമായി ബന്ധപ്പെട്ട ഭാവനാസൃഷ്ടികള്‍ മാത്രമാണ്. ആദ്യം പ്രമാതാവായ ആത്മാവിന്റെ (ജീവന്റെ) ഭാവന പിന്നെ അതിന്റെ കൂടെ ഭാവനാസൃഷ്ടികളായ വൈവിധ്യമാര്‍ന്ന മാനസികാവസ്ഥകളും ബാഹ്യലോകവും. അരണ്ട വെളിച്ചത്തില്‍ കയറിനെ
പാമ്പായി ഭാവന ചെയ്യുന്നതുപോലെ ആത്മാവും അതിന്റെ സ്വന്തം വിഭ്രാന്തിയാല്‍ തന്നെത്തന്നെ പല നാമരൂപങ്ങളായി ഭാവന ചെയ്യപ്പെടുന്നു. ഇവിടെ ഉല്പ്പത്തിയുമില്ല, നാശവുമില്ല (ന നിരോധോ ന ചോല്പ്പത്തിഃ); ബദ്ധനുമില്ല, ബന്ധമോചനത്തിനായി യത്നിക്കുന്നവനു (സാധകന്) മില്ല (നാഗാര്‍ജുനന്റെ മാധ്യമികകാരികയിലെ അനിരോധമനുത്
പാദം എന്ന വരിയുമായുള്ള സാദൃശ്യം ശ്രദ്ധിക്കുക). അയഥാര്‍ത്ഥങ്ങള്‍ യഥാര്‍ത്ഥങ്ങളായി തോന്നുന്നതിലൂടെ ഭാവന സ്വയം സാക്ഷാല്കൃതമാവുകയാണിവിടെ സംഭവിക്കുന്നത്; അതുപോലെ അവയുടെ ഏകതാബോധവും. പലതെന്നോ ഒന്നെന്നോ (അദ്വയം) ഉള്ള തോന്നലുകളെല്ലാം മിഥ്യയാണ്. അദ്വയതയാണ് നല്ലത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: