തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരേ സുപ്രീം കോടതിയില്‍ കേരള സര്‍ക്കാര്‍ ഹര്‍ജി നല്കിയ സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേ തുറന്നടിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഭരണഘടനയും ചട്ടങ്ങളും ഈ സംഭവത്തില്‍ ലംഘിക്കപ്പെട്ടിരിക്കുന്നു. ചട്ടപ്രകാരം കേന്ദ്രവുമായും മറ്റു സംസ്ഥാനങ്ങളുമായും ഏറ്റുമുട്ടല്‍ ഉണ്ടാകുന്ന വിഷയങ്ങളില്‍ സുപ്രീം കോടതിയേയോ ഹൈക്കോടതിയേയോ സമീപിക്കും മുന്‍പ് ഇക്കാര്യം ഗവര്‍ണറെ അറിയിക്കണമെന്നാണ് ചട്ടം. എന്നാല്‍, സുപ്രീം കോടതിയില്‍ പൗരത്വ നിയമത്തിനെതിരേ ഹര്‍ജി നല്കുന്ന കാര്യം മുഖ്യമന്ത്രി തന്നെ അറിയിച്ചിരുന്നില്ല. മുഖ്യമന്ത്രിക്ക് നേരിട്ടോ മന്ത്രിമാര്‍, ഉദ്യോഗസ്ഥര്‍ മുഖേനയോ ഇക്കാര്യം തന്നെ അറിയിക്കാമായിരുന്നു. അത്തരത്തില്‍ അറിയിച്ചിരുന്നില്ലെങ്കില്‍ വിഷയത്തില്‍ തന്റെ അഭിപ്രായം വ്യക്തമാക്കുമായിരുന്നു.
ഏതൊക്കെ വിഷയങ്ങളാണ് സര്‍ക്കാരിന് വേണ്ടി മുഖ്യമന്ത്രി മുന്‍കൂട്ടി ഗവര്‍ണറെ അറിയിക്കേണ്ടത് എന്ന് റൂള്‍സ് ഓഫ് ബിസിനസിന്റെ 34(2)ല്‍ അഞ്ചാം വകുപ്പില്‍ വ്യക്തമാക്കുന്നുണ്ട്. കേന്ദ്രസര്‍ക്കാരുമായുള്ള ബന്ധത്തെ ബാധിക്കുന്ന ഏതെങ്കിലുമൊരു വിഷയമുണ്ടെങ്കില്‍ അത് ഗവര്‍ണറെ അറിയിച്ചിരിക്കണമെന്ന് നിര്‍ബന്ധമുണ്ട്. മാത്രമല്ല മറ്റ് സംസ്ഥാന സര്‍ക്കാരുകളെ പ്രതികൂലമായി ബാധിക്കുന്ന കാര്യങ്ങളുണ്ടെങ്കില്‍ അതും ഗവര്‍ണറെ അറിയിച്ചിരിക്കണം. മാത്രമല്ല ഹൈക്കോടതിയും സുപ്രീം കോടതിയുമായുമുള്ള ബന്ധത്തെ ബാധിക്കുന്ന വിഷയങ്ങളുണ്ടെങ്കില്‍ അവയും ഗവര്‍ണറെ മുന്‍കൂട്ടി അറിയിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. റൂള്‍സ് ഓഫ് ബിസിനിലെ 34(2)ലെ അഞ്ചാം വകുപ്പ് സര്‍ക്കാര്‍ ലംഘിച്ചു.
സര്‍ക്കാര്‍ നടത്തുന്ന ഏത് നീക്കവും ഗവര്‍ണര്‍ക്ക് വേണ്ടി എന്ന രീതിയിലാണ് ഭരണഘടനാപരമായി വ്യാഖ്യാനിക്കുന്നത്. അങ്ങനെയുള്ളപ്പോള്‍ എന്തുകൊണ്ടാണ് തന്നെ ഈ വിഷയം അറിയിച്ചില്ല എന്നു വ്യക്തമാക്കേണ്ടതുണ്ട്. ഗവര്‍ണര്‍ അനുമതി നിഷേധിച്ചാല്‍ തന്നെയും അതിനെ മറികടന്ന് കോടതിയെ സമീപിക്കാന്‍ സര്‍ക്കാരിന് സാധിക്കും. പക്ഷെ അറിയിക്കാതെ പോയത് ഭരണഘടനപരമായി തെറ്റാണെന്നും ഗവര്‍ണര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: