കോട്ടയം: ക്രിസ്ത്യന്‍ സെമിത്തേരികളില്‍ ശവസംസ്കാരം നടത്തുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സിനെതിരെ ആഞ്ഞടിച്ച് ഓര്‍ത്തഡോക്സ് സഭ. മലങ്കര സഭാതര്‍ക്കത്തില്‍ യാക്കോബായ വിഭാഗത്തെ ഒപ്പം നിര്‍ത്താനും സുപ്രീംകോടതി വിധി മറികടക്കാനുമുള്ള സര്‍ക്കാരിന്റെ ഗൂഢതന്ത്രമാണ് ഇതിന് പിന്നിലെന്നാണ് സഭ കരുതുന്നത്. പളളികളില്‍ സമാന്തര ഭരണം കൊണ്ടുവരാന്‍ ഓര്‍ഡിനന്‍സിലൂടെ സര്‍ക്കാര്‍ ഒത്താശ ചെയ്യുകയാണെന്നും ഓര്‍ത്തഡോക്സ് സഭ കരുതുന്നു. അതിനാല്‍ ഓര്‍ഡിനന്‍സിനെ നിയമപരമായി നേരിടാനാണ് സഭാ നേതൃത്വത്തിന്റെ തീരുമാനം.
ഓര്‍ഡിനന്‍സിന്റെ കരട് തയാറാക്കിയപ്പോള്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചത് ഈ നിയമം മലങ്കരസഭാ തര്‍ക്കത്തെ തുടര്‍ന്നുണ്ടായ ചില പ്രതിസന്ധികള്‍ പരിഹരിക്കുന്നതിന് ലക്ഷ്യമിടുന്നു എന്നാണ്. എന്നാല്‍, ഓര്‍ഡിനന്‍സ് പുറത്തിറങ്ങിയപ്പോള്‍ അത് കേരളത്തിലെ ക്രൈസ്തവ സഭകളെ മുഴുവന്‍ ബാധിക്കുന്ന വിധത്തിലാണ് ക്രോഡീകരിക്കപ്പെട്ടിരിക്കുന്നത്. ഇത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതാണെന്ന് സഭാ നേതൃത്വം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഓര്‍ഡിനന്‍സിലെ പല വ്യവസ്ഥകള്‍ക്കും കൃത്യമായ നിര്‍വചനങ്ങള്‍ നല്‍കിയിട്ടില്ല. ഒരു ഇടവകാംഗം മരിച്ചാല്‍ അദ്ദേഹത്തിന്റെ ഇടവകപള്ളിയില്‍ പൂര്‍വികരെ അടക്കം ചെയ്ത സെമിത്തേരിയില്‍ അടക്കപ്പെടാന്‍ അര്‍ഹതയുണ്ട് എന്നാണ് നിയമത്തിന്റെ ആദ്യ ചട്ടം. എന്നാല്‍, പൂര്‍വികര്‍ എന്നതിന് ഒരു നിര്‍വചനവും നല്‍കിയിട്ടില്ല. എത്ര തലമുറവരെ പിന്നോട്ട് പൂര്‍വികരായി കണക്കാക്കാം? ഒരാള്‍ ഇടവകാംഗമാണോ എന്നും അദ്ദേഹത്തിന്റെ പൂര്‍വികര്‍ ആ ഇടവക സെമിത്തേരിയില്‍ സംസ്കരിക്കപ്പെട്ടിട്ടുണ്ടോ എന്നും സ്ഥിരീകരിക്കേണ്ട ചുമതല ആര്‍ക്കാണ് എന്നൊന്നും ഓര്‍ഡിനന്‍സില്‍ വ്യക്തമല്ല.
ദുരുപയോഗം ചെയ്യപ്പെടുവാനുള്ള സാധ്യതയേറെയുള്ളതാണ് ഈ ഓര്‍ഡിനന്‍സ്. ക്രൈസ്തവ സെമിത്തേരികളില്‍ ആര്‍ക്കു വേണമെങ്കിലും, ആരെയും സംസ്കരിച്ച്, എന്തുവേണമെങ്കിലും എഴുതി സര്‍ട്ടിഫിക്കറ്റ് ആക്കാമെന്നതാണ് ഈ നിയമത്തിന്റെ പ്രത്യേകത. ആര്‍ട്ടിക്കിള്‍ 25, 26 അനുവദിക്കുന്ന മത സ്വാതന്ത്ര്യത്തെ ഈ പുതിയ നിയമം ഹനിക്കുകയാണ്. നിയമപരമായി നിലനില്‍പ്പില്ലാത്ത ഒരു വിഭാഗത്തിന് ഒത്താശ ചെയ്തുകൊടുക്കുവാനുള്ള സര്‍ക്കാരിന്റെ ലക്ഷ്യം ഇതില്‍ വ്യക്തമാണ്. ഇത് വിവേചനാപരമായ നടപടിയാണ്, സഭാവക്താക്കള്‍ ചൂണ്ടിക്കാട്ടി. വാര്‍ത്താ സമ്മേളനത്തില്‍ ഡോ. യൂഹാനോന്‍ മാര്‍ ദിയസ്കോറസ് മെത്രാപ്പോലീത്ത, സഭാ വക്താവ് ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട്, അസോസിയേഷന് സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: