ബെംഗളൂരു: ബിജെപി കര്‍ണാടക സംസ്ഥാന പ്രസിഡന്റായി ദക്ഷിണ കന്നഡ എംപി നളിന്‍കുമാര്‍ കട്ടീലിനെ വീണ്ടും തെരഞ്ഞെടുത്തു. സംസ്ഥാന പ്രസിഡന്റായിരുന്ന ബി.എസ്. യെദിയുരപ്പ മുഖ്യമന്ത്രിയായതോടെ കഴിഞ്ഞ ആഗസ്റ്റില്‍ നളിന്‍ കുമാര്‍ കട്ടീലിനെ പ്രസിഡന്റായി നിശ്ചയിച്ചിരുന്നു.
പാര്‍ട്ടി സംഘടനാ തെരഞ്ഞെടുപ്പിന്റെ ഭാഗമായാണ് ഇപ്പോള്‍ വീണ്ടും തെരഞ്ഞെടുത്തിരിക്കുന്നത്. 2023 വരെയാണ് പുതിയ പ്രസിഡന്റിന്റെ കാലാവധി. വളരെ ചെറുപ്പത്തില്‍ ആര്‍എസ്എസ് ശാഖയിലൂടെ സമാജ സേവനത്തിനിറങ്ങിയ നളിന്‍ കുമാര്‍ പതിനെട്ടാം വയസ്സില്‍ ആര്‍എസ്എസ്സിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തകനായി (പ്രചാരകന്‍). 12 വര്‍ഷത്തിന് ശേഷം പിതാവിന്റെ മരണത്തോടെ തിരികെയെത്തി കുടുംബത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു.
കൃഷി, നിര്‍മാണ കരാര്‍ ജോലികള്‍ ചെയ്തുവരുന്നതിനൊപ്പം ബിജെപിയുടെ സജീവ പ്രവര്‍ത്തകനായി. 2004-ല്‍ ബിജെപി ദക്ഷിണ കന്നഡ ജില്ലാ സെക്രട്ടറിയായി. 2009ല്‍ ദക്ഷിണ കന്നഡയില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചു വിജയിച്ചു. കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന ജനാര്‍ദന്‍ പൂജാരിയെ പരാജയപ്പെടുത്തിയായിരുന്നു കന്നി വിജയം. 2014ലും 2019ലും വിജയം ആവര്‍ത്തിച്ചു. കോണ്‍ഗ്രസ്സിലെ മിഥന്‍ റായിക്കെതിരെ 2,74,621 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു 2019-ലെ വിജയം. ഭാര്യ: ശ്രീദേവി എന്‍.ഷെട്ടി, രണ്ടുമക്കള്‍.
















