ശ്ലോകം 44
അസ്ത്യുപായോ മഹാന്‍ കശ്ചിത് സംസാരഭയ നാശനഃ
തേന തീര്‍ത്വാ ഭവാംഭോധിം പരമാനന്ദമാപ്‌സ്യസി
സംസാരഭയത്തെ ഇല്ലാതാക്കുന്ന മഹത്തായ ഒരു ഉപായമുണ്ട്. അതിലൂടെ ഭവസാഗരത്തെ കടന്ന് പരമാനന്ദം നേടാം.
നിരവധി ഋഷിമാര്‍ പരീക്ഷിച്ച് വിജയച്ചതായ ആ വഴി തന്നെയാണ് സംസാര ഭയത്തെ ഇല്ലാതാക്കാന്‍ ഗുരു നിര്‍ദ്ദേശിക്കുന്നത്. സംസാരക്കടലിനെ കടക്കുക അത്ര എളുപ്പമല്ല എങ്കിലും യതിമാര്‍ പ്രയത്‌നത്തിലൂടെ ഭവാര്‍ണവം മറികടന്ന വഴി തന്നെ ശിഷ്യനും ഉപദേശിക്കാന്‍ പോവുകയാണ്. ഭവസാഗരം കടന്നാല്‍ പിന്നെ പരമാനന്ദം നേടാം.
ഈ ലോകത്തിലെ മിഥ്യാധാരണകളേയും അതേ തുടര്‍ന്നുണ്ടാകുന്ന ദുരിതങ്ങളേയുമാണ് സംസാരം, ഭവാര്‍ണവം എന്നീ വാക്കുകളിലൂടെ പറഞ്ഞിരിക്കുന്നത്.
കഴിഞ്ഞ ശ്ലോകത്തില്‍ പറഞ്ഞതിനെ ഒന്നുകൂടി ആവര്‍ത്തിച്ച് ശിഷ്യന് മതിയായ ഉറപ്പ് നല്‍കുകയാണ് ഇവിടെ. സംസാരക്കടല്‍ കടക്കുക മാത്രമല്ല പരമാനന്ദമെന്ന ഏറ്റവും വലിയ ലക്ഷ്യത്തെ നേടാമെന്നും വ്യക്തമാക്കുന്നു.
അതിനുള്ള വഴി ഇനി പറയുന്നു.
ശ്ലോകം 45
വേദാന്താര്‍ത്ഥ വിചാരേണ ജായതേ ജ്ഞാനമുത്തമം
തേനാത്യന്തിക സംസാര ദുഃഖനാശോ ഭവത്യനു
വേദാന്ത വാക്യങ്ങളുടെ അര്‍ത്ഥ വിചാരം കൊണ്ട് ഉത്തമമായ ജ്ഞാനം ഉണ്ടാകും. അതുമൂലം പൂര്‍ണമായും സംസാരദുഃഖത്തിന് നാശമുണ്ടാകും.
വേദാന്താര്‍ത്ഥ വിചാരത്തെയാണ് ഇവിടെ പ്രധാനമായും ആദ്യം തന്നെ നിര്‍ദ്ദേശിക്കുന്നത്. വേദാന്ത വിചാരം ജ്ഞാനത്തിലേക്ക് നയിക്കും. ജ്ഞാനം സംസാരദുഃഖത്തെ ഇല്ലാതാക്കുകയും ചെയ്യും.
സമ്യക് ജ്ഞാനം നേടാന്‍ വിചാരം തന്നെ വേണം. അച്ചടക്കത്തോടെ അന്ത: കരണം ശുദ്ധമാക്കി മനനം, ധ്യാനം, യുക്തിചിന്തനം, അപഗ്രഥനം എന്നിവയിലൂടെ ക്രമീകൃതമായി വ്യാപരിക്കുന്നതാണ് വിചാരം. വേദാന്തത്തിലെ ആശയങ്ങളുടെ ഉള്ളിലേക്ക് ഇറങ്ങിച്ചെന്ന് ഓരോ വാക്യങ്ങളും എന്താണ് വാസ്തവത്തില്‍ ഉദ്ദേശിക്കുന്നതെന്ന് നിരന്തരമായി മനനം ചെയ്യണം.
തേനീച്ചകള്‍ പൂവിനുള്ളിലെ തേന്‍ കുടിക്കുന്നത് പോലെ ഉപനിഷത്ത് മന്ത്രങ്ങളിലെ സാരത്തെ അറിയലാണ് വിചാരം കൊണ്ട് സാധിക്കേണ്ടത്. പൂക്കളുടെ ഭംഗിയേക്കാളും സുഗന്ധത്തേക്കാളും തേനീച്ചയ്‌ക്കും വണ്ടിനും പ്രിയം അതിനുള്ളിലെ തേനാണ്. അതുപോലെ എത്ര മനോഹരവും കേമവുമായ മന്ത്രമായാലും അതിന്റെ സാരത്തെ വിചാരം ചെയ്യലാണ് വേണ്ടത്.
വിചാരത്തിന്റെ സഹായത്തോടെ ഉപനിഷത്ത് വാക്യങ്ങളെ അപഗ്രഥനം ചെയ്ത് അവയുടെ ഉള്ളിലുള്ള നിഗൂഢ രഹസ്യങ്ങളെ കണ്ടെത്താന്‍ കഴിയും.മന്ത്രങ്ങളുടെ വാച്യാര്‍ത്ഥം മാത്രമല്ല അറിയേണ്ടത് അവയുടെ ഭാവാര്‍ത്ഥവും അന്തരാത്ഥവും അറിഞ്ഞ് സ്വാനുഭവമാകണമെങ്കില്‍ വിചാരം ചെയ്യണം.
അജ്ഞാനം മൂലമുണ്ടാകുന്ന എല്ലാ കുഴപ്പങ്ങളും വിചാരം കൊണ്ട് ഇല്ലാതാകും. വിചാരം കൊണ്ട് ജ്ഞാനമുദിക്കുന്നതോടെ സംസാരദുഃഖങ്ങളൊക്കെ നീങ്ങുകയും ചെയ്യും. വിചാരത്തിലൂടെ ഉദിക്കുന്ന ജ്ഞാനത്തിലൂടെ പരമാനന്ദത്തെ കൈവരിക്കാം.
9495746977
പ്രതികരിക്കാൻ ഇവിടെ എഴുതുക