ന്യൂദല്‍ഹി : നിര്‍ഭയക്കേസ് പ്രതികളില്‍ ഒരാള്‍ ദയാഹര്‍ജി നല്‍കിയതിനാല്‍ 22ന് തന്നെ വധശിക്ഷ നടപ്പിലാക്കാന്‍ സാധിക്കില്ലെന്ന് ദല്‍ഹി സര്‍ക്കാര്‍. പ്രതി മുകേഷ് സിങ് മരണ വാറണ്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് ദല്‍ഹി സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.
ദയാഹര്‍ജിയില്‍ രാഷ്‌ട്രപതി തീരുമാനം എടുത്തുന്നത് വരെ വധശിക്ഷ നീട്ടിവെയ്‌ക്കണമെന്നാണ് മുകേഷിന്റെ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. ഇന്ന് ഉച്ചയ്‌ക്ക് 12 മണിക്കാണ് ഈ ഹര്‍ജി ദല്‍ഹി ഹൈക്കോടതി പരിഗണിച്ചത്. അടുത്ത ബുധനാഴ്‌ച്ച പ്രതികളുടെ വധ ശിക്ഷ നടപ്പാക്കിനിരിക്കേയാണ് ഈ നടപടി. നിയമപരമായ എല്ലാ സാധ്യതകളും തേടാന്‍ തങ്ങള്‍ക്ക് അവസരം നല്‍കണമെന്നും പ്രതി കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികളില്‍ ഒരാള്‍ ദയാ ഹര്‍ജി നല്‍കിയ സാഹചര്യത്തില്‍ നിശ്ചയിച്ച ദിവസംതന്നെ വധശിക്ഷ നടപ്പിലാക്കാന്‍ സാധിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. പുതിയ മരണ വാറണ്ട് പുറപ്പെടുവിക്കാന്‍ കീഴ്‌ക്കോടതിയെ സമീപിക്കുമെന്നും ദല്‍ഹി സര്‍ക്കാര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് മുകേഷ് സിങ് ദയാഹര്‍ജി നല്‍കിയത്. ഗവര്‍ണര്‍ക്ക് ഇത് കൈമാറിയിട്ടില്ല. നേരത്തെ അക്ഷയ് സിങ് ദയാഹര്‍ജി നല്‍കിയെങ്കിലും അവസാന നിമിഷം അതുപിന്‍വലിച്ചിരുന്നു. കേസിലെ രണ്ടുപ്രതികള്‍ക്കുകൂടി ദയാഹര്‍ജി നല്‍കാനുള്ള സാഹചര്യം ഉണ്ട്.
ദയാഹര്‍ജി തള്ളിയാല്‍ പതിനാല് ദിവസത്തെ നോട്ടീസ് പിരീഡ് പ്രതികള്‍ക്ക് നല്‍കണമെന്നതാണ് വ്യവസ്ഥ. അതിനാലാണ് നിലവില്‍ വധശിക്ഷ നടപ്പിലാക്കുന്നത് നീട്ടിവെയ്‌ക്കാന്‍ തീരുമാനിച്ചത്.
ദയാഹര്‍ജിയും തിരുത്തല്‍ ഹര്‍ജിയും നല്‍കാനുണ്ടായ കാലതാമസത്തെ ചോദ്യം ചെയ്ത കോടതി നിയമവ്യവസ്ഥയെ പ്രതികള്‍ ദുരുപയോഗം ചെയ്യുകയാണെന്ന് വിമര്‍ശിച്ചു. മരണ വാറണ്ട് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മുകേഷ് സിങ് കോടതിയില്‍ സമര്‍പ്പിച്ചിരുന്ന ഹര്‍ജി കോടതി തള്ളി. മുകേഷ് സിങ്ങിന് ഇനി സുപ്രീംകോടതിയെ സമീപിക്കാം. അതേസമയം പ്രതികള്‍ ഓരോരുത്തരായി പ്രത്യേകം ഹര്‍ജി നല്‍കുന്നത് നിരാശ ജനകമാണെന്ന് ദല്‍ഹി സര്‍ക്കാര്‍ പറഞ്ഞു. ഇത് കാലതാമസം ഉണ്ടാക്കുന്നുണ്ടെന്നും കോടതിയെ അറിയിച്ചു.
അതിനിടെ പ്രതികളുടെ ശിക്ഷ നിശ്ചയിച്ച ദിവസം തന്നെ നടപ്പിലാക്കണമെന്ന് നിര്‍ഭയയുടെ അമ്മ അറിച്ചു. ഇവരുടെ ദയാ ഹര്‍ജി രാഷ്‌ട്രപതി നിരസിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
















