ന്യൂദല്‍ഹി : ജമ്മു കശ്മീരിലെ ജനങ്ങള്‍ക്കും മറ്റ് സംസ്ഥാനങ്ങളിലേത് പോലെ സാധാരണ ജീവിതം അവര്‍ക്ക് നല്‍കുന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടിയെനന്ന് കരസേന മേധാവി എം.എം. നരവനെ. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി ജമ്മു കശ്മീരിന്റെ പ്രത്യേക അധികാരം എടുത്തുമാറ്റിയത് ചിരിതപരമായ തീരുമാനം ആണെന്നും അദ്ദേഹം അറിയിച്ചു. എഴുപത്തിരണ്ടാമത് കരസേനാ ദിനത്തോടനുബന്ധിച്ച് ദല്‍ഹി കരിയപ്പ പരേഡ് ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതോടെ അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള നിഴല്‍ യുദ്ധങ്ങള്‍ ഒരു പരിധിവരെ കുറഞ്ഞിട്ടുണ്ട്. അതേസമയം സായുധസേനകള്‍ ഒരു കാരണവശാലും ഭീകര പ്രവര്‍ത്തനങ്ങളോട് സഹിഷ്ണുത കാണിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഭീകര പ്രവര്‍ത്തനങ്ങളെ ഒരിക്കലും അനുവദിച്ചു കൊടുക്കാന്‍ സാധിക്കില്ല. ഇതിനെ ചെറുക്കാന്‍ സൈന്യത്തിന്റെ പക്കല്‍ നിരവധി മാര്‍ഗ്ഗങ്ങളുണ്ട്. രാജ്യ സുരക്ഷയ്ക്കായി ഇവ ഉപയോഗിക്കാന്‍ ഒരിക്കലും മടികാണിക്കില്ലെന്നും അദ്ദേഹം അറിയിച്ചു. സംയുക്ത സേനാ മേധാവിയായി ജനറല്‍ ബിപില്‍ റാവത്ത് ചുമതലയേറ്റശേഷമുള്ള ആദ്യ കരസേനാ ദിനം കൂടിയായിരുന്നു ഇത്. ബിപിന്‍ റാവത്തിനെ കൂടാതെ എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍കെഎസ് ബഹാദുരിയ, നാവികസേനാ മേധാവി അഡ്മിറല്‍ കരംബീര്‍ സിങ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
കരസേനാ ദിനത്തോടനുബന്ധിച്ച് സായുധാ സേനാ ഉപകരണങ്ങളുടെ പ്രദര്‍ശനവും ഇതിനോടനുബന്ധിച്ച് സംഘടിപ്പിച്ചു. ഒരു വനിത പരേഡിന് നേതൃത്വം നല്‍കിക്കൊണ്ട് ഈ കരസേനാ ദിനം പുതിയ ചരിത്രവും സൃഷ്ടിച്ചു. കരസേനാ ക്യാപ്റ്റന്‍ താനിയ ഷെര്‍ഗ്ഗിലാണ് പരേഡിനേ നേതൃത്വം നല്‍കിയത്.
1949-ല്‍, സ്വാതന്ത്ര്യത്തിന് രണ്ട് വര്‍ഷത്തിന് ശേഷം ജനറല്‍ ഫ്രാന്‍സിസ് ബുച്ചറില്‍ നിന്ന് ആദ്യത്തെ സൈനികമേധാവിയായി ജനറല്‍ കരിയപ്പ ചുമതലയേറ്റ ദിവസത്തെ അനുസ്മരിച്ചാണ് എല്ലാ ജനുവരി 15-ാം തീയതിയും കരസേനാ ദിനമായി ആചരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: