പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച് ഒരുകൂട്ടം നിക്ഷിപ്ത താല്പര്യക്കാരായ രാഷ്ട്രീയ കക്ഷികള്‍ ഉയര്‍ത്തിവിട്ട ഭൂതം കുടത്തില്‍നിന്ന് ചാടിയാല്‍ എന്തായിരിക്കും അവസ്ഥയെന്നതിന്റെ നേര്‍കാഴ്ചയാണ് കഴിഞ്ഞ ദിവസം നെടുങ്കണ്ടത്ത് കണ്ടത്.
പൗരത്വ നിയമത്തെക്കുറിച്ചുള്ള പൊതുയോഗത്തിന്റെ ഉദ്ഘാടനത്തിനെത്തിയ ബിജെപി സംസ്ഥാന സെക്രട്ടറിയെ ഒരു പറ്റം അക്രമികള്‍ പള്ളിമുറ്റത്ത് മര്‍ദ്ദിച്ചവശനാക്കുകയായിരുന്നു. പൊതുയോഗം ഉദ്ഘാടനം ചെയ്ത ശേഷം നിസ്കരിക്കാനാണ് എ.കെ. നസീര്‍ തൂക്കുപാലം ജമാഅത്ത് പള്ളിയില്‍ എത്തിയത്. നിസ്കരിച്ചിറങ്ങുകയായിരുന്ന നസീറിനെ ഒരാള്‍ പിന്നില്‍ നിന്ന് ചവിട്ടി വീഴ്ത്തുകയായിരുന്നു. എഴുന്നേല്‍ക്കുന്നതിന് മുമ്പുതന്നെ മറ്റു ചിലര്‍ കസേര കൊണ്ട് മര്‍ദിച്ചവശനാക്കുകയാണുണ്ടായത്.ഗുരുതരമായി പരിക്കേറ്റ നസീര്‍ ഇപ്പോള്‍ ചികിത്സയിലാണ്. പള്ളിയില്‍ ഉണ്ടായിരുന്ന ഒരാള്‍ ഇടപെട്ട് ബിജെപി പ്രവര്‍ത്തകരെയും മറ്റും വിളിച്ചുകൂട്ടിയതിനാലാണ് നസീര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.
അപകടകരമായ ഒരു പോക്കിലേക്കാണ് സ്ഥിതിഗതികള്‍ മാറിമറയുന്നത് എന്നതിന് ഇതില്‍ കൂടുതല്‍ എന്ത് തെളിവു വേണം? പൗരത്വ നിയമം എന്താണെന്നോ അത് എന്തിന്റെ അടിസ്ഥാനത്തിലാണ് കൊണ്ടുവരേണ്ടി വന്നതെന്നോ അറിയാത്തവരും അക്രമം മാത്രം നടത്താന്‍ താല്‍പര്യപ്പെട്ടിറങ്ങുന്നവരും ചേര്‍ന്ന് അന്തരീക്ഷം കലാപ കലുഷിതമാക്കുകയാണ്. വിശ്വാസത്തിന്റെ പേരിലെന്ന് ചൂണ്ടിക്കാട്ടി തച്ചുതകര്ക്കാന് ഇറങ്ങിപ്പുറപ്പെടുന്നവര്‍ ആരാധനാലയത്തിനുള്ളില്‍ പോലും അതിക്രമത്തിനു മുതിരുന്നുവെങ്കില്‍ ഉദ്ദേശ്യം മറ്റെന്തൊക്കെയോ അല്ലേ? ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ ഒരു നിയമത്തെ തങ്ങള്‍ അനുസരിക്കില്ലെന്നും അതിന്റെ പേരില്‍ രാജ്യത്തെ കലാപത്തില്‍ ആഴ്ത്തുമെന്നും ആക്രോശിക്കുന്നവരുടെ കൂറ് ആരോടാണ്? അത്തരക്കാരുടെ ഉദ്ദേശ്യങ്ങള്‍ തിരിച്ചറിയപ്പെടാത്തത് എന്തുകൊണ്ടാണ്?
പൗരന്മാരുടെ ഒരവകാശവും എടുത്തുകളയാനോ അട്ടിമറിക്കാനോ ഉള്ളതല്ല പൗരത്വനിയമ ഭേദഗതിയെന്ന് പകല്‍പോലെ വ്യക്തമായിട്ടും ഒരു രാഷ്ട്രീയ കക്ഷിയോടുള്ള വിദ്വേഷം മൂലം അരാജകത്വത്തിന് വഴിമരുന്നിടുകയാണ്. ബിജെപി നേതാവ് ആയതുകൊണ്ടു മാത്രം അദ്ദേഹം മതസംബന്ധമായ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പാടില്ലെന്ന് ശഠിക്കുന്നത് രൂപം മാറിയ ഫത്വ തന്നെയല്ലേ? ബിജെപി ഒരു മതവിഭാഗത്തിന് എതിരാണെന്ന് ചൂണ്ടിക്കാട്ടുന്നവര്‍തന്നെയാണ് ആ പാര്‍ട്ടിയിലെ പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും നേരെ തിരിയുന്നത്. തന്റെ മതസംസ്കാരത്തെ മാനിച്ചുകൊണ്ടുതന്നെ പാര്‍ട്ടിയില്‍ ഒരു പ്രയാസവും കൂടാതെ പ്രവര്‍ത്തിക്കാമെന്ന് തെളിയിച്ചു കൊണ്ടിരിക്കുന്ന പ്രിയപ്പെട്ട നേതാവാണ് നസീര്‍. അത്തരമൊരാളെ ലക്ഷ്യമിടുന്നതിലൂടെ അക്രമികള്‍ മറ്റുള്ളവര്‍ക്കു കൂടി ഭീഷണിയുയര്‍ത്തുകയാണ്. ബിജെപി
യെ വ്യാജപ്രചാരണങ്ങളിലൂടെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളെ തുറന്നു കാട്ടിയതാണ് നസീറിനെ ആക്രമിക്കാന്‍ കാരണമായതെന്ന് തിരിച്ചറിയേണ്ടതുണ്ട്. ഇത് മതവിശ്വാസികള്‍ നടത്തുന്നതല്ല. അവരുടെ പേരില്‍ ഛിദ്രശക്തികള്‍ കാട്ടിക്കൂട്ടുന്ന വിക്രിയകളാണ്. പള്ളിയങ്കണം സംഘര്‍ഷത്തിന് വേദിയാക്കാന്‍ യഥാര്‍ഥ വിശ്വാസികള്‍ ഒരിക്കലും തയാറാവില്ല. താലിബാനിസത്തിലേക്കുള്ള ചിലരുടെ പോക്കില്‍ കേരളത്തില്‍ നിന്ന് കൈത്താങ്ങു കിട്ടുന്നുണ്ട് എന്നത് ഇതിനൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ്.
സമൂഹത്തെ മുന്നോട്ടു കൊണ്ടു പോകേണ്ട ഉത്തരവാദിത്തപ്പെട്ട ഭരണകൂടത്തിന്റെ ഇടപെടലുകളും അക്രമികള്‍ക്ക് കരുത്തു പകരുകയാണ്. കേരള സര്‍ക്കാരിന്റെ അടുത്തിടെയുള്ള പ്രഖ്യാപനങ്ങളും മറ്റും ഇത്തരം ക്ഷുദ്രശക്തികള്‍ക്ക് സര്‍വതന്ത്രസ്വാതന്ത്ര്യമാണ് അനുവദിച്ചു കൊടുത്തിരിക്കുന്നത്. എന്തിന്റെയെങ്കിലും പേരില്‍ അക്രമത്തിന് കാത്തിരുന്നവര്‍ക്ക് പൗരത്വനിയമ ഭേദഗതി കച്ചിത്തുരുമ്പായെന്നു മാത്രം. അത്തരക്കാര്‍ അപകടകരമായ നിലയിലേക്ക് പോകുന്നത് തടയേണ്ടവര്‍ നിസ്സംഗതയോടെയിരിക്കുന്നത് സമൂഹത്തിന് ഭീഷണിയാവും. നസീറിനെ ആക്രമിച്ചവര്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ പോലും പൊലീസ് താല്‍പര്യമെടുക്കാത്തതിന്റെ കാരണവും സര്‍ക്കാരിന്റെ മനോഗതം അറിയാവുന്നതിനാലാണ്. ഇക്കാര്യത്തില്‍ ശക്തമായ നടപടിയെടുക്കാന്‍ തയാറായില്ലെങ്കില്‍ ഗുരുതരമായ സ്ഥിതിവിശേഷം വിളിച്ചു വരുത്തും. ജനാധിപത്യ സംവിധാനം ശക്തമായ സ്ഥലത്ത് അത് ആശാസ്യമല്ലെന്ന് പറയേണ്ടതില്ലല്ലോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: