അശ്വഘോഷന്‍ (തഥതാവാദം), നാഗാര്ജ്ജുനന് (ശൂന്യവാദം), അസംഗന്‍ (യോഗാചാരം), വസുബന്ധു (വിജ്ഞാനവാദം) എന്നീ പ്രസിദ്ധരായ ബൗദ്ധാചാര്യന്മാര്ക്കു ശേഷമാണ് ഗൗഡപാദാചാര്യരുടെ കാലം. പ്രസിദ്ധബൗദ്ധമഹായാനഗ്രന്ഥമായ പ്രജ്ഞാപാരമിതയിലെ സൂത്രങ്ങളാണ് അസംഗന്റെ യോഗാചാരത്തിനും നാഗാര്‍ജുനന്റെ ശൂന്യവാദത്തിനും അടിസ്ഥാനം എന്നാണ് ഡോക്ടര്‍ എസ്. സി. വിദ്യാഭൂഷണ്‍ പറയുന്നത്.
ദാസ്ഗുപ്തയുടെ അഭിപ്രായത്തില്‍ അശ്വഘോഷന്റെ തഥതാസിദ്ധാന്തത്തിലും ശൂന്യവാദത്തിലെ മൗലികമായ ആശയങ്ങള്‍ കാണാം. നാഗാര്‍ജുനന്റെ സവിശേഷത അദ്ദേഹത്തിന്റെ സംവാദമികവാണ് എന്നാണ് ദാസ്ഗുപ്തയുടെ നിരീക്ഷണം. വൈദികചിന്തകര്ക്ക് ഗൗഡപാദരുടെ കാലത്തിനു മുമ്പുതൊട്ടേ ബൗദ്ധതത്വചിന്തകള് ഉള്ളടങ്ങുന്ന മഹായാനസൂത്രങ്ങളും മറ്റും സുപരിചിതങ്ങളായിരുന്നു. ശങ്കരാചാര്യരുടെ കാലത്തിനും ശേഷം വന്ന അദ്വൈതാചാര്യനായ വാചസ്പതിമിശ്രന്‍ പോലും തന്റെ ഭാമതിയില് ബൗദ്ധസിദ്ധാന്തമായ പ്രതീത്യസമുത്പാദത്തെ വിവരിക്കാന്‍ ശാലിസ്തംഭസൂത്രത്തെ ഉദ്ധരിക്കുന്നതായി കാണാം.
ദാസ്ഗുപ്തയുടെ അഭിപ്രായപ്രകാരം ഗൗഡപാദാചാര്യര്‍, ഉപനിഷത്തുകളിലെ സിദ്ധാന്തം ഗൗതമബുദ്ധന്റെ ഉപദേശവും ആയി തീര്‍ത്തും പൊരുത്തപ്പെടുന്നതു തന്നെയാണ് എന്നു കരുതിയ ഒരു ബൗദ്ധാചാര്യനായിരുന്നു. അതിനു തെളിവായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത് മാണ്ഡൂക്യകാരികയും മാധ്യമികകാരികയും തമ്മില്‍ പദപ്രയോഗം, ആശയം, സംവാദശൈലി എന്നിവയില്‍ കാണുന്ന സാദൃശ്യം തന്നെയാണ്. ശങ്കരാചാര്യരുടെ പരമഗുരുവായ ഗൗഡപാദാചാര്യര്‍ എഴുതിയതാണ് മാണ്ഡൂക്യകാരിക. ബൗദ്ധാചാര്യനായ നാഗാര്ജ്ജുനന് എഴുതിയതാണ് പ്രസിദ്ധമായ മാധ്യമികകാരിക. പ്രസിദ്ധങ്ങളായ ദശോപനിഷത്തുകളിലെ ഏറ്റവും ചെറിയ (കേവലം പന്ത്രണ്ടുമന്ത്രങ്ങള് മാത്രം) ഉപനിഷത്തായ മാണ്ഡൂക്യോപനിഷത്തിനെ അധികരിച്ചെഴുതപ്പെട്ടതാണ് ഈ മാണ്ഡൂക്യകാരിക. മുണ്ഡകം, പ്രശ്നം എന്നീ ഉപനിഷത്തുകളെപ്പോലെ അഥര്വവേദശാഖയില് പെട്ടതാണ് മണ്ഡൂകമഹര്ഷിപ്രണീതമായ ഈ മാണ്ഡൂക്യം. ഭവേദാന്താര്ത്ഥസാരസംഗ്രഹഭൂതംഭ എന്നാണ് ശങ്കരാചാര്യര്‍ തന്റെ ഭാഷ്യത്തില്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. ‘ഭാഷ്യകാരന്‍ അദ്വൈതമതസ്ഥാപനത്തിന് അടിസ്ഥാനമായി സ്വീകരിച്ചിട്ടുള്ളത്
മാണ്ഡൂക്യോപനിഷത്തിനെയും ഗൗഡപാദകാരികകളെയുമാണ് എന്നതുകൊണ്ടുതന്നെ അദ്വൈതദര്‍ശനത്തില്‍ ഇതിനുള്ള പ്രാമുഖ്യം സ്പഷ്ടമാണല്ലോ’ എന്നാണ് മൃഡാനന്ദസ്വാമി തന്റെ മാണ്ഡൂക്യകാരികാ വ്യാഖ്യാന(മലയാളം)ത്തില്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: