ന്യൂദല്‍ഹി: മുസ്ലീം സ്ത്രീകളുടെ പള്ളിപ്രവേശനവുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങള്‍ ഒന്‍പത് അംഗ വിശാല ബെഞ്ച് പരിശോധിക്കുമെന്ന് സുപ്രീം കോടതി. പാഴ്സി സ്ത്രീകളുടെ ആരാധാനാലയ പ്രവേശനം, ദാവൂദി ബോറാ വിഭാഗത്തിലെ സ്ത്രീകളുടെ ചേലാകര്‍മ്മം എന്നീ വിഷയങ്ങള്‍ സുപ്രീം കോടതി പരിശോധിക്കുമെന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ വ്യക്തമാക്കി.
ശബരിമല വിഷയം മാത്രമല്ല വിശാല ബെഞ്ച് പരിഗണിക്കുകയെന്നാണ് സുപ്രീം കോടതി ഇതിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. യുവതീ പ്രവേശനത്തിന് പുറമെ മുസ്ലീം പള്ളികളിലെ സ്ത്രീ പ്രവേശനവും മതം മാറി വിവാഹം ചെയ്ത പാഴ്സി സ്ത്രീകള്‍ക്ക് പ്രാര്‍ത്ഥന നടത്താനുള്ള അവകാശം, പെണ്‍കുട്ടികള്‍ക്കു മേലുള്ള ചേലാകര്‍മ്മം എന്നിവയും ഒന്‍പതംഗ വിശാലബെഞ്ച് പരിശോധിക്കും. ഇതിനു പുറമെ അവകാശങ്ങളെ ഹനിക്കുന്നതായി കണക്കാക്കുന്ന മതാചാരങ്ങളും വിശാല ബെഞ്ച് പരിശോധിക്കുമെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്.
ശബരിമല കേസിലെ പുന:പരിശോധന ഹര്‍ജികള്‍ പരിഗണിച്ച് അഞ്ചംഗ ബെഞ്ച് മുന്നോട്ടുവെച്ച ഏഴ് ചോദ്യങ്ങള്‍ മാത്രമാണ് പരിഗണിക്കുകയെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ അദ്ധ്യക്ഷനായ ഒമ്പതംഗ വിശാല ബെഞ്ചില്‍ ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, എല്‍ നാഗേശ്വരറാവു, മോഹന്‍ എം ശാന്തനഗൗഡര്‍, അബ്ദുള്‍ നസീര്‍, സുഭാഷ് റെഡ്ഡി, ബി ആര്‍ ഗവായ്, സൂര്യകാന്ത് എന്നിവരാണുള്ളത്. ജസ്റ്റിസ് ആര്‍.ഭാനുമതി മാത്രമാണ് വിശാല ബെഞ്ചിലെ ഏക വനിതാ അംഗം.
















