ന്യൂദല്‍ഹി: ജെഎന്‍യുവില്‍ അരങ്ങേറിയ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സര്‍വ്വകലാശാല യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷിനെ ചോദ്യംചെയ്യാന്‍ ആരംഭിച്ചു. കേസില്‍ സാക്ഷികളായ നാല് അധ്യാപകരുടെ മൊഴി സംഘം രേഖപ്പെടുത്തി. അഞ്ച് പേരടങ്ങുന്ന സംഘമാണ് ചോദ്യം ചെയ്യാന്‍ കാമ്പസില്‍ എത്തിയത്. സുരക്ഷാ ജീവനക്കാരില്‍ നിന്നും സംഘം വിവരങ്ങള്‍ ശേഖരിക്കും. ക്യാമ്പസിലെ യൂണിയന്‍ ഓഫീസിനകത്താണ് ചോദ്യം ചെയ്യുന്നത്.
ജെഎന്‍യു സര്‍വ്വകലാശാലയിലെ സെര്‍വര്‍ റൂം തകര്‍ത്തതിനും സുരക്ഷാജീവനക്കാരെ ആക്രമിച്ചതിനുമാണ് ഐഷി ഘോഷ് ഉള്‍പ്പെടെ 20 പേര്‍ക്കെതിരെ കേസ് എടുത്തത്. ജനുവരി 4നാണ് ഐഷി ഘോഷും സംഘവും സെര്‍വര്‍ മുറിയില്‍ അതിക്രമിച്ചു കയറി അക്രമം നടത്തിയത്. തടയാന്‍ എത്തിയ സുരക്ഷാ ജീവനക്കാരെയും സംഘം ആക്രമിച്ചിരുന്നു.
പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട ഒമ്പത് പേര്‍ക്ക് കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചിരുന്നു. ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തണമെന്നാണ് നിര്‍ദേശിച്ചിരുന്നതെങ്കിലും പിന്നീട് അന്വേഷണ സംഘം കാമ്പസില്‍ എത്തി ചോദ്യം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ചോദ്യം ചെയ്യല്‍ കണക്കിലെടുത്ത് കാമ്പസിനുള്ളിലും ചുറ്റും പോലീസ് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. അതേസമയം കേസില്‍ ഇതുവരെ 49 പേര്‍ക്ക് അന്വേഷണ സംഘം നോട്ടീസ് അയച്ചിട്ടുണ്ട്.
ജെഎന്‍യു സംഘര്‍ഷത്തില്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച ദൃശ്യങ്ങളും വിവരങ്ങളും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ വാട്സ്ആപ്പ്, ഗൂഗിള്‍, ആപ്പിള്‍ എന്നി കമ്പനികള്‍ക്ക് ദല്‍ഹി ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു.
















