കാഞ്ഞങ്ങാട്: ക്ഷേത്രങ്ങള്‍ ആദ്ധ്യാത്മികതയോടൊപ്പം ഭൗതികതയുടെയും കേന്ദ്രങ്ങളാകണമെന്ന് കേന്ദ്ര വിദേശകാര്യ സഹ പാര്‍ലമെന്റ് വകുപ്പുമന്ത്രി വി.മുരളീധരന്‍ പറഞ്ഞു. കാഞ്ഞങ്ങാട് മാവുങ്കാല്‍ പരശ്ശിവ വിശ്വകര്‍മ്മ ക്ഷേത്രത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ സ്വദേശിദര്‍ശന്‍ പദ്ധതിയില്‍ അനുവദിച്ച കെട്ടിടത്തിന്റെ ശിലാസ്ഥാപനകര്‍മ്മം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹം ഒരുമിച്ചു നിന്നാല്‍ മാത്രമേ സമന്വയം ഉണ്ടാകൂ. സമന്വയമുണ്ടാകുമ്പോളാണ് ഭൗതിക പുരോഗതിയുണ്ടാകുന്നത്. ആരാധനയോടൊപ്പം പാരമ്പര്യം നിലനിര്‍ത്താന്‍ പുതുതലമുറയെ വാര്‍ത്തെടുക്കുന്നതിനുവേണ്ടി തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങാന്‍ ക്ഷേത്രങ്ങള്‍ മുന്നോട്ടുവരണം. അനാചാരങ്ങളെ അകറ്റി പാരമ്പര്യത്തിന്റെ അന്തസ്സത്ത മുറുകെപ്പിടിച്ച് മുന്നോട്ടുപോയാല്‍ മാത്രമേ സമുദായത്തിന് ഉന്നതിയിലെത്താന്‍ സാധിക്കുകയുള്ളൂ. അതോടൊപ്പം തന്നെ വേദന അനുഭവിക്കുന്നവരെ സഹായിക്കാനുള്ള സന്മനസ്സ് ക്ഷേത്ര കമ്മറ്റികള്‍ക്കുണ്ടാകണം. അപ്പോള്‍ മാത്രമാണ് ക്ഷേത്രം അതിന്റെ പരിപാവനയിലെത്തുന്നത്.
ആധുനിക കാലത്തെ സാങ്കേതിക വിദ്യകള്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പേ തന്നെ വിശ്വകര്‍മ്മ സമൂഹം ദക്ഷിണേന്ത്യയിലെ മഹാക്ഷേത്രങ്ങളിലൂടെ ശില്പകലയിലുള്ള തങ്ങളുടെ വൈദഗ്‌ദ്ധ്യം തെളിയിച്ചിട്ടുള്ളതാണ്. അക്കാലത്ത് ശില്പകലയും മറ്റും വാമൊഴിയിലൂടെയാണ് പകര്‍ന്ന് നല്‍കിയിരുന്നത്. വിശ്വകര്‍മ്മാക്കളാണ് ഈ പ്രപഞ്ചത്തിന്റെ സൃഷ്ടികര്‍ത്താക്കളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
യോഗത്തില്‍ ക്ഷേത്ര ഭരണസമിതി പ്രസിഡണ്ട് പി.കെ.രാമകൃഷ്ണന്‍ ആചാരി അധ്യക്ഷത വഹിച്ചു. മലബാര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ ഡോ. സി.കെ.നാരായണന്‍ മുഖ്യാതിഥിയായി. കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി.വി.രമേശന്‍, ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രമീള സി.നായക്, ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത്, ജനറല്‍ സെക്രട്ടറി എ.വേലായുധന്‍, അജാനൂര്‍ പഞ്ചായത്തംഗങ്ങളായ ഗീതാബാബുരാജ്, ടി.മാധവന്‍ മാസ്റ്റര്‍, കെ.എം.ഗോപാലന്‍, പി.പത്മനാഭന്‍, സിപിഐ ജില്ലാ കൗണ്‍സില്‍ അംഗം എ.ദാമോദരന്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് സതീശന്‍ പരക്കാട്ടില്‍ തുടങ്ങിയവര്‍ സംസാരിച്ചു. ക്ഷേത്ര നവീകരണ കമ്മ റ്റി ചെയര്‍മാന്‍ വൈനിങ്ങാല്‍ പുരുഷോത്തമന്‍ വിശ്വകര്‍മ്മന്‍ സ്വാഗതവും, ക്ഷേത്രഭരണസമിതി സെക്രട്ടറി ഇ.വി. ഉമാദേവശങ്കര്‍ നന്ദിയും പറഞ്ഞു.
















