നീലേശ്വരം: പൗരത്വ ഭേദഗതി നിമയത്തിനെതിരെ നടക്കുന്ന കള്ളപ്രചരണങ്ങള്‍ക്കും മാര്‍കിസ്റ്റ് അക്രമണത്തിനുമെതിരെയുള്ള വന്‍ താക്കീതായി ബിജെപി ജനജാഗ്രതാ സമ്മേളനം മാറി. സിപിഎം വെല്ലുവിളികളെ കാറ്റില്‍ പറത്തി ആയിരങ്ങള്‍ നീലേശ്വരത്ത് ബിജെപി പൊതുയോഗ സ്ഥലത്ത് തടിച്ചു കൂടിയത് ഇടത് വലത് കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. കുട്ടികള്‍ക്കായി ആര്‍എസ്എസ് നടത്തിയ ശിബിരത്തിന് നേരെ അക്രമണം അഴിച്ച് വിട്ട നീലേശ്വരത്തിന്റെ മണ്ണില്‍ തന്നെ വരും ദിവസം ആര്‍എസ്എസ് പഥസഞ്ചലനം നടത്തുമെന്ന് കണ്ണൂര്‍ വിഭാഗ് സമ്പര്‍ക്ക പ്രമുഖ് കെ.സജീവന്‍ ആറളം പറഞ്ഞു.
ഒരുമിച്ച് സമരം ചെയ്താല്‍ ഞങ്ങള്‍ മാത്രമാണ് മുസ്ലീം സംരക്ഷകരെന്ന് തോന്നിപ്പിക്കാന്‍ ഇടത് വലത് മുന്നണികള്‍ക്ക് കഴിയില്ല. അതുകൊണ്ടാണ് വേറെ വേറെ സമരം ചെയ്യുന്നതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍ ബിജെപി ജനജാഗ്രതാ സമ്മേളനം ഉദ്ഘാടനം ചെയ്ത് പറഞ്ഞു. 2014ല്‍ ഡല്‍ഹിയില്‍ ക്രൈസ്തവ ദേവാലയങ്ങളില്‍ വ്യാപക അക്രമം നടത്തി മോദി വന്നാല്‍ അപകടമമെന്ന് പ്രചരിപ്പിച്ചു. 2019 റഫേല്‍ ഇടപാട് അഴിമതി വ്യാപകമായി പ്രചരിപ്പിച്ചു. വ്യാജ പ്രചരണം കേരളം വിശ്വസിച്ചു. 2019 വീണ്ടും വന്‍ ഭൂരിപക്ഷത്തില്‍ വന്ന നരേന്ദ്ര മോദി മുസ്ലിം സ്ത്രീകള്‍ക്കുവേണ്ടി മുത്തലാഖ് കൊണ്ടുവന്ന് അവരെ മോചിപ്പിച്ചു. മതം നോക്കാതെ വികസനം കൊണ്ടുവന്നു. പാചക വാതക കണക്ഷന്‍ കൊടുത്തപ്പോള്‍, വീട് കൊടുത്തപ്പോള്‍, ജന്‍ ധന്‍ അക്കൗണ്ടില്‍ പണം നല്‍കിയപ്പോള്‍ മോദി മതം ചോദിച്ചില്ല. ഈ രാജ്യത്ത് ജനിച്ചവര്‍ ആരായാലും അവരുടെ പൗരത്വം നഷ്ടപ്പെടുമെന്ന് ഒരു ഭരണാധികാരിയും പറഞ്ഞിട്ടില്ല. മോദി അഞ്ചുവര്‍ഷം കുടി ഭരിച്ചാല്‍ ഭൂരിപക്ഷം 400 കടക്കുമെന്ന് ഭയന്ന പ്രതിപക്ഷം വീണ്ടും കള്ള പ്രചരണവുമായി വരുന്നു. മുത്തലാഖിനും, 370 നും എതിരെ പ്രതിഷേധിച്ചെങ്കിലും ഫലിച്ചില്ല. അതിനാല്‍ ആസൂത്രിതമായ പ്രചാരണം നടക്കുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരാണെങ്കില്‍ കോണ്‍ഗ്രസ്സും സിപിഎമ്മും ഒരുമിച്ച് സമരം ചെയ്യുകയാണ് വേണ്ടത്. ന്യൂനപക്ഷ സംരക്ഷകര്‍ ഞങ്ങള്‍ മാത്രമാണെന്നും തങ്ങള്‍ക്കുള്ള വോട്ട് സിപിഎമ്മിന് പോകരുതെന്നും കരുതിയാണ് വേറെ വേറെ സമരം. പൗരത്വം ഉള്‍പ്പെടെ എഴുപത് കൊല്ലമായി രാജ്യം ആവശ്യപ്പെട്ട കാര്യമാണ് മോദി നടപ്പാക്കുന്നത്. 370 നീക്കം ചെയ്തത് കശ്മീരിലെ മുസ്ലീങ്ങള്‍ക്ക് വേണ്ടിയാണ്. കൊട്ടാരക്കര ഗണപതിയുടെ കുറിമായിച്ചാലും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ അടുത്തതവണ രക്ഷപ്പെടില്ലെന്ന് കോണ്‍ഗ്രസ്സിനറിയാം. മതേതരത്വം എവിടെ വരെയെത്തിയെന്ന് കുറിമായ്‌ക്കല്‍ വ്യക്തമാക്കുന്നുവെന്ന് മുരളീധരന്‍ പറഞ്ഞു.
ബിജെപി കാസര്‍കോട് ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത് അദ്ധ്യക്ഷത വഹിച്ചു. ബിജെപി ദേശീയ സമിതിയംഗം എം.സജ്ജീവ ഷെട്ടി സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രമീള സി നായ്‌ക്, ഉത്തരമേഖല പ്രസിഡണ്ട് വി.വി.രാജന്‍, സമിതിയംഗങ്ങളായ പി.സുരേഷ്‌കുമാര്‍ ഷെട്ടി, രവീശ തന്ത്രി കുണ്ടാര്‍, കൗണ്‍സില്‍ അംഗങ്ങളായ പൊവ്വല്‍ ദാമോധരന്‍, ശിവകൃഷ്ണ ഭട്ട്, കുഞ്ഞിരാമന്‍ തൃക്കരിപ്പൂര്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ എ.വേലായുധന്‍, പി.രമേശ്, സെക്രട്ടറിമാരായ കുഞ്ഞിക്കണ്ണന്‍ ബളആല്‍, എം.ബല്‍രാജ്, ഉപാദ്ധ്യക്ഷന്‍മാരായ അഡ്വ.സദാനന്ദറൈ, സത്യശങ്കരഭട്ട്, എം.ശോഭന, മണ്ഡലം പ്രസിഡണ്ടുമാരായ സി.വി.സുരേഷ്, എം.മധു, കെ.ടി.പുരുഷോത്തമന്‍, മണികണ്ഠറൈ, കമ്മറ്റിയംഗം അഡ്വ.രാജഗോപാലന്‍, മുന്‍ മണ്ഡലം പ്രസിഡണ്ട് എം.ഭാസ്‌കരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
















