ജബല്‍പൂര്‍ (മധ്യപ്രദേശ്): കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുലിനെയും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെയും വെല്ലുവിളിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനുമായ അമിത് ഷാ. ഒരു ഇന്ത്യക്കാരനില്‍ നിന്നെങ്കിലും പൗരത്വം തട്ടിയെടുക്കാനുള്ള വകുപ്പ് പൗരത്വ നിയമ ഭേദഗതിയില്‍ കാണിച്ചു തരാനാണ് ഷായുടെ വെല്ലുവിളി. മധ്യപ്രദേശിലെ ജബല്‍പൂരില്‍ പൊതുപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിഭജനകാലത്ത് രാജ്യത്തെ മതാടിസ്ഥാനത്തില്‍ വിഭജിച്ചവരാണ് കോണ്‍ഗ്രസുകാര്‍. പാക്കിസ്ഥാന്റെ കിഴക്കും പടിഞ്ഞാറും കഴിഞ്ഞിരുന്ന ഹിന്ദു, സിഖ്, പാഴ്‌സി, ജെയ്ന്‍ മതസ്ഥര്‍ ഇവിടേക്ക് വരാനാഗ്രഹിച്ചിരുന്നെങ്കിലും രക്തച്ചൊരിച്ചില്‍ കാരണം അന്ന് അവിടെ തുടര്‍ന്നു. അന്നത്തെ നേതാക്കള്‍ അവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാമെന്ന് വാക്കു കൊടുത്തിരുന്നു, അമിത് ഷാ പറഞ്ഞു.
വിഭജനകാലത്ത് പാക്കിസ്ഥാനിലെ കിഴക്ക്, പടിഞ്ഞാറന്‍ മേഖലകളില്‍ 30 ശതമാനം വീതം ഹിന്ദുക്കളുണ്ടായിരുന്നു. എന്നാല്‍, ഇന്നിത് വെറും ഏഴ് ശതമാനവും മൂന്ന് ശതമാനവുമായി. ഹിന്ദു, സിഖ്, സിന്ധി സഹോദരന്മാരെവിടെയെന്ന് അന്ധരായ കോണ്‍ഗ്രസ് നേതാക്കളോട് ഞാന്‍ ചോദിക്കുന്നു, അമിത് ഷാ പറഞ്ഞു.
















