കൊല്‍ക്കത്ത: ഭാരതത്തിന്റെ ആത്മീയതയും ആത്മാഭിമാനവും ആഗോളതലത്തില്‍ ഉജ്ജ്വലമാക്കിയ സ്വാമി വിവേകാനന്ദന്റെ 157-ാം ജന്മവാര്‍ഷികം രാജ്യം ആഘോഷിച്ചു. സ്വാമി വിവേകാനന്ദന്റെ സന്ദേശങ്ങളും ആഹ്വാനങ്ങളും ഏറ്റുവാങ്ങിയ രാജ്യം, ദേശീയ യുവജന ദിനമായി അദ്ദേഹത്തിന്റെ ജന്മവാര്‍ഷികം ആചരിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ യുവാക്കളുടെ നേതൃത്വത്തില്‍ നിരവധി പരിപാടികള്‍ സംഘടിപ്പിച്ചു.
സ്വാമി വിവേകാനന്ദന്റെ അദൃശ്യ സാന്നിധ്യത്താല്‍ അനുഗ്രഹീതമായ ഹൗറയിലെ ബേലൂര്‍ മഠത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാമിജിക്ക് പ്രണാമം അര്‍പ്പിച്ചത്. സ്വാമി വിവേകാനന്ദന്‍ കഴിഞ്ഞിരുന്ന ആശ്രമത്തിലെ മുറിയില്‍ അദ്ദേഹത്തിന്റെ ജന്മ വാര്‍ഷിക ദിനത്തില്‍ കുറച്ച് സമയം ചെലവഴിക്കാനായത് തന്റെ ഭാഗ്യമാണ്. മറ്റെല്ലാം മറന്ന് ഭാരതാംബയ്‌ക്ക് വേണ്ടി ജീവിക്കാനാണ് വിവേകാനന്ദന്‍ പറഞ്ഞത്. നമുക്കിനി ആ സ്വപ്നത്തിലൂടെ സഞ്ചരിക്കാം, പ്രധാനമന്ത്രി പറഞ്ഞു.
ദ്വിദിന ബംഗാള്‍ സന്ദര്‍ശനത്തിനിടെയാണ് അദ്ദേഹം രാമകൃഷ്ണ മഠത്തിന്റെയും മിഷന്റെയും ആസ്ഥാനമായ ബേലൂരിലെത്തിയത്. മഠത്തില്‍ സന്ന്യാസിമാര്‍ക്കും ഋഷിവര്യന്മാര്‍ക്കുമൊപ്പം പ്രാര്‍ഥനകളില്‍ പങ്കെടുത്ത അദ്ദേഹം രാമകൃഷ്ണ പരമഹംസന്റെ വിഗ്രഹത്തിന് മുന്നിലും പ്രണാമമര്‍പ്പിച്ചു. ബേലൂര്‍ മഠം ഒരു തീര്‍ത്ഥാടന കേന്ദ്രം തന്നെയാണെന്നും അവിടെയെത്തുന്നത് സ്വഗൃഹത്തിലെത്തുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച വൈകി മഠത്തിലെത്തിയ പ്രധാനമന്ത്രിയെ ഞായറാഴ്ച വരെ അവിടെ തങ്ങാന്‍ അനുവദിച്ച ബംഗാള്‍ സര്‍ക്കാരിന് അദ്ദേഹം നന്ദിയും അറിയിച്ചു.
















