കോട്ടയം: കാരിക്കേച്ചര്‍ രചനയില്‍ തനതും വേറിട്ടതുമായ ശൈലിക്ക് ഉടമയായിരുന്നു അന്തരിച്ച തോമസ് ആന്റണി. ആക്ഷേപ ഹാസ്യത്തിലൂടെയും വിമര്‍ശനാത്മക ശൈലിയിലൂടെയും അദ്ദേഹത്തിന്റെ രചനകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒട്ടേറെ പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. ദി ഹാര്‍ട്ട് അനിമേഷന്‍ ആര്‍ട്ട് അവാര്‍ഡ് ഹൈദരാബാദ് (1998), ഹിന്ദുസ്ഥാന്‍ ടൈംസ് കാര്‍ട്ടൂണ്‍ അവാര്‍ഡ് (2000), ഫ്രീ കാര്‍ട്ടൂണ്‍ അവാര്‍ഡ് ചൈന (2002), ഇന്ത്യ ഇന്റര്‍നാഷണല്‍ കാര്‍ട്ടൂണ്‍ അവാര്‍ഡ് ഹൈദരാബാദ് (2002), യുണൈറ്റഡ് നേഷന്‍സ് പൊളിറ്റിക്കല്‍ കാര്‍ട്ടൂണ്‍ അവാര്‍ഡ് (2007), വേള്‍ഡ് പ്രസ് കാര്‍ട്ടൂണ്‍ പുരസ്‌കാരം (2018) തുടങ്ങിയ പ്രശസ്തമായ പുരസ്‌കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചു.
തോമസ് ആന്റണി വരച്ച ചിത്രങ്ങള്‍ 2005 മുതല്‍ വേള്‍ഡ് പ്രസ് കാര്‍ട്ടൂണ്‍ ബുക്കില്‍ സ്ഥിരമായി ഇടംപിടിച്ചു. അന്‍പതിലേറെ അന്താരാഷ്‌ട്ര ചിത്രപ്രദര്‍ശനങ്ങളില്‍ പങ്കെടുത്തു. പോര്‍ച്ചുഗല്‍ ആസ്ഥാനമായുള്ള വേള്‍ഡ് പ്രസ് കാര്‍ട്ടൂണ്‍ (ഡബ്ല്യൂപിസി) അവാര്‍ഡും അദ്ദേഹത്തെ തേടിയെത്തിയിരുന്നു. 2018ലെ പത്രവാര്‍ത്തകളില്‍ നിന്നും തെരഞ്ഞെടുത്ത കാരിക്കേച്ചര്‍ വിഭാഗത്തിലാണ് അവാര്‍ഡ് ലഭിച്ചത്. 54 രാജ്യങ്ങളില്‍ നിന്നായി 227 പ്രസിദ്ധീകരണങ്ങളില്‍ നിന്നും 300ല്‍ പരം രചനകളാണ് അവാര്‍ഡിന് പരിഗണിക്കപ്പെട്ടത്. ഏഷ്യയില്‍ നിന്നും അവാര്‍ഡിന് അര്‍ഹനായത് തോമസ് ആന്റണി മാത്രമായിരുന്നു. 2007 ലെ യുഎന്‍ പൊളിറ്റിക്കല്‍ കാര്‍ട്ടൂണ്‍ അവാര്‍ഡും നേടിയിട്ടുണ്ട്.
മുന്‍ പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്‌പേയിയെ വ്യത്യസ്തമായ ശൈലിയില്‍ തോമസ് ആന്റണി വരച്ചത് ശ്രദ്ധ നേടിയിരുന്നു. വാജ്‌പേയിയുടെ വിയോഗത്തിനു ശേഷം ജന്മഭൂമി പുറത്തിറക്കിയ ‘വാജ്‌പേയി: ജീവിതവും സ്വപ്‌നങ്ങളും’ എന്ന പ്രത്യേക പതിപ്പില്‍ തോമസ് ആന്റണി വരച്ച ഈ കാരിക്കേച്ചര്‍ ഉള്‍പ്പെടുത്തിയിരുന്നു.
കാര്‍ട്ടൂണ്‍ പോലെ തന്നെ അദ്ദേഹത്തിന്റെ നിലപാടുകളും ഉറച്ചതായിരുന്നു. ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കല്‍ കഥാപാത്രമായ വിശ്വാസം രക്ഷതി എന്ന കാര്‍ട്ടൂണിന് ലളിത കലാ അക്കാദമി പുരസ്‌കാരം നല്‍കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ അക്കാദമി സെക്രട്ടറിയായിരുന്ന തോമസ് ആന്റണി പിന്നോട്ട് പോകാന്‍ തയാറായിരുന്നില്ല. കാര്‍ട്ടൂണിനെ അംഗീകരിക്കേണ്ടത് പൊതുസമൂഹത്തിന്റെ ബാധ്യതയാണെന്ന ശക്തമായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. സഭയും സര്‍ക്കാരും കാര്‍ട്ടൂണിനെതിരെ രംഗത്ത് വന്നിട്ടും അദ്ദേഹം കാര്‍ട്ടൂണിസ്റ്റിനൊപ്പമായിരുന്നു. തുടര്‍ന്ന് ഈ വിവാദം പശ്ചാത്തലമാക്കി അദ്ദേഹം വരച്ച കാരിക്കേച്ചര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
















