ശ്ലോകം 40
കഥം തരേയം ഭവസിന്ധുമേതം കാ വാ ഗതിര്‍മേ കതമോ/സ്ത്യുപായ:
ജാനേ ന കിഞ്ചിത് കൃപയാ/വ മാം പ്രഭോ സംസാര ദു:ഖക്ഷതിമാതനുഷ്വ
ഈ സംസാര സമുദ്രത്തെ എങ്ങനെ മറികടക്കും? എന്റെ ഗതിയെന്താണ്? സംസാരത്തെ കടക്കാന്‍ എന്ത് ഉപായമാണ് വേണ്ടത്? എനിക്കിതൊന്നും അറിയില്ല. പ്രഭോ എന്നെ കൃപയോടെ രക്ഷിക്കണേ.സംസാരദുഃഖത്തെ ഇല്ലാതാക്കണേ..
സദ്ഗുരുവിനെ വേണ്ടതു പോലെ സമീപിച്ച് സേവനം ചെയ്ത് പക്വത വന്ന ശിഷ്യന്റെ ചോദ്യമാണിത്.ഈ ചോദ്യത്തില്‍ എന്താണ് ഒരു ശിഷ്യന് ചോദിക്കേണ്ടതായിട്ടുള്ളത് എന്നത് വളരെ വ്യക്തമാക്കിയിട്ടുണ്ട്. ചോദ്യത്തിലെ വ്യക്തതയും വാക്കുകളിലെ വിനയവും നല്ലൊരു ശിഷ്യന്റ ഭാവത്തെ കാണിക്കുന്നു.
സംസാരത്തിന്റെ ദോഷങ്ങളെക്കുറിച്ച് അറിയുമ്പോള്‍ അതില്‍ നിന്ന് മുക്തിയേ നേടാനുള്ള മാര്‍ഗ്ഗം കണ്ടെത്തുകയെന്നത് ഗുരുവിന്റെ അനുഗ്രഹം കൊണ്ട് നേടിയെടുക്കേണ്ടതാണ്. ഗുരുവുമായി ഏകീഭവിച്ച ശിഷ്യനു മാത്രമേ വേണ്ടതു പോലെ ചോദിക്കാനും കഴിയുള്ളൂ.ഈ സംസാരം വലിയ അപകടം പിടിച്ചതെന്നും ഓരോ നിമിഷവും അതില്‍ പെട്ട് ഉഴലുന്നത് സഹിക്കാനാവുന്നില്ലെന്നും ശിഷ്യന് മനസ്സിലാക്കി. അതുകൊണ്ടാണ് എങ്ങനെ ഞാനീ സംസാരക്കടല്‍ മറികടക്കുമെന്ന് ചോദിക്കുന്നത്.
സംസാരക്കടല്‍ കടക്കാനായില്ലെങ്കില്‍ എന്തായിരിക്കും തന്റെ അവസ്ഥ?ആത്മതത്വത്തെ നേടാനായില്ലെങ്കില്‍ തന്റെ ഗതിയെന്താകും? ആത്മസാക്ഷാത്കാരം നേടാനുള്ള വഴിയേതാണ് എന്നിങ്ങനെയുള്ള ഉത്കണ്ഠകള്‍ ശിഷ്യന്റെ മോക്ഷം നേടുന്നതിനുള്ള തീവ്രമായ ആഗ്രഹത്തെക്കുറിക്കുന്നു. ഇപ്പോഴത്തെ അവസ്ഥ തീര്‍ത്തും താങ്ങാനാവാത്തതും കൂടുതല്‍ കുഴപ്പങ്ങളിലേക്ക് ചാടിക്കുന്നതുമാണെന്ന് ബോധ്യമായിട്ടുണ്ട്.
ഒരു പക്ഷേ ഇങ്ങനെ ചോദ്യം ചോദിക്കാന്‍ കഴിയുന്നതു പോലും ഗുരുവിനടുത്ത് എത്തിയതുകൊണ്ടാകണം. താന്‍ ഈ സംസാരത്തില്‍ കിടന്ന് കഷ്ടപ്പെടേണ്ടവനല്ല എന്നും തനിക്ക് മുന്നില്‍ എറ്റവും മഹത്തരമായ ലക്ഷ്യമുണ്ടെന്നും അയാള്‍ക്കറിയാം. പക്ഷേ തനിക്ക് പറ്റിയ മാര്‍ഗം ഏതെന്ന് കൃത്യമായി അറിയില്ല. ഇതാണ് ഗുരുവില്‍ നിന്ന് അറിയേണ്ടത്. പലതും പരീക്ഷിച്ച് പരാജയപ്പെട്ടിട്ടുണ്ടാകാം. ചിലപ്പോള്‍ അങ്ങനെയൊരു നടത്തിയിട്ടുമുണ്ടാകില്ല. പക്ഷേ ആത്മവികാസത്തിന് പറ്റിയ മാര്‍ഗ്ഗ നിര്‍ദ്ദേശം നല്കാന് മികച്ച ഒരു ഗുരുവിന്റെ ഉപദേശം ആവശ്യമാണ്. ഇതിനുള്ള കരുണയും അനുഗ്രഹവുമാണ് ചോദിക്കുന്നത്. എനിക്കൊന്നുമറിയില്ല എന്ന ശിഷ്യന്റെ വാക്കുകള്‍ ഗുരുവിനോടുള്ള ഭക്തിയും വിനയവും വെളിവാക്കുന്നതാണ്. അല്ലെങ്കിലും ഗുരുവിന്റെ അപാരജ്ഞാനത്തിന് മുന്നില്‍ ശിഷ്യര്‍ ഒന്നുമല്ലല്ലോ.
ഗുരു ആത്മതത്വം അനുഭവമായവനും ശിഷ്യന് അതേക്കുറിച്ച് കേള്‍ക്കുക മാത്രം ചെയ്തവനോ കേള്‍ക്കാത്തവനോ ആകാം.സദ്ഗുരുവിനെ കണ്ടാല്‍ എന്ത് ചോദിക്കണം, എപ്പോള്‍ ചോദിക്കണം, എങ്ങിനെ ചോദിക്കണം തുടങ്ങിയ കാര്യങ്ങള്‍ ശിഷ്യന്റെ ചോദ്യങ്ങളിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.പലപ്പോഴും പലരുടേയും ചോദ്യങ്ങള്‍ തങ്ങള്‍ക്ക് വലിയ അറിവുണ്ടെന്ന മട്ടിലോ ഗുരുവിന് ഇതൊക്കെ അറിയാമോ എന്ന് പരിശോധിക്കുന്ന മട്ടിലോ, താരതമ്യം ചെയ്യുന്ന മട്ടിലോ ഒക്കെയാകും. ശരിക്കും സംശയമുള്ളവയേ ചോദിക്കാവൂ.അത് വളരെ ചുരുങ്ങിയ വാക്കുകളില്‍.
അതുകൊണ്ട് പാകത വന്ന ഒരു ശിഷ്യനെയാണ് ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്. വളരെക്കാലം ഗുരുകുലത്തില്‍ വസിച്ച് ഗുരു സേവ ചെയ്യുമ്പോള്‍ ശിഷ്യന് ഈ അറിവിനെ നേടാന്‍ പരുവപ്പെടും. അതിന് ശേഷം ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് കൂടുതല്‍ ശ്രേഷ്ഠതയുണ്ടാകും. ഗുരുവുമായി മാനസികവും ബൗദ്ധികവുമായി ചേര്‍ന്നിരിക്കാന്‍ കഴിയുന്ന ശിഷ്യര്‍ ഭാഗ്യവാന്മാരാണ്. അവരിലേക്ക് ഗുരുകൃപ ഒഴുകിയിറങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: