ന്യൂദല്‍ഹി: ഇന്ത്യയില്‍ കഴിയുന്ന തമിഴ് അഭയാര്‍ഥികളില്‍ 3000പേര്‍ ശ്രീലങ്കയിലേക്ക് മടങ്ങാനൊരുങ്ങുന്നു. ശ്രീലങ്കന്‍ വിദേശകാര്യമന്ത്രി ദിനേശ് ഗുണവര്‍ധനയാണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായുള്ള കൂടിക്കാഴ്ചയ്‌ക്കു ശേഷം ഇക്കാര്യം അറിയിച്ചത്. നിലവില്‍ ഇന്ത്യയില്‍ 90,000 ശ്രീലങ്കന്‍ തമിഴ് വംശജരാണുള്ളത്. ഇവരില്‍ 60,000 പേരെ ശ്രീലങ്ക സ്വീകരിക്കാന്‍ സന്നദ്ധത അറിയിച്ചു. അഭയാര്‍ഥികളുടെ തിരിച്ചുവരവ് പ്രധാനമാണെന്നും ഇതുസംബന്ധിച്ച് ഇന്ത്യ തങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കുന്നുണ്ടെന്നും ദിനേശ് ഗുണവര്‍ധന പറഞ്ഞു. ഇന്ത്യയില്‍ താമസക്കുന്ന 30000 പേര്‍ കുടുംബത്തോടെ ജോലിചെയ്ത് ജീവിക്കുന്നവരാണ്. ഇവരില്‍ ചിലര്‍ക്ക് ശ്രീലങ്കയിലേക്ക് തിരിച്ചു പോകാന്‍ ആഗ്രഹമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതോടൊപ്പം സമുദ്രാതിര്‍ത്തി ലംഘിച്ചതിന് ശ്രീലങ്ക പിടികൂടിയ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെയും അവരുടെ ബോട്ടുകളും വിട്ടയക്കുമെന്നും ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രി പറഞ്ഞു. മത്സ്യത്തൊഴിലാളികളെ വിട്ടയയ്‌ക്കുമെന്ന് ശ്രീലങ്കന്‍ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശനത്തില്‍ പ്രഖ്യാപിച്ചിരുന്നു.
















