കെ. രഘുനാഥന് എഴുതിയ, അവിസ്മരണീയനായ മലയാള വാചസ്പതി വികെഎന്നിന്റെ ജീവിതാഖ്യായിക ‘മുക്തകണ്ഠം’ പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടത് രണ്ടു ദിവസം മുന്‍പ് വായിച്ചുതീര്‍ത്തു. നേരത്തേ മലയാള മനോരമയുടെ കൊടിക്കപ്പലായി ഞാന്‍ കരുതുന്ന ഭാഷാ പോഷിണി മാസികയില്‍ അതു പ്രസിദ്ധീകരിച്ചപ്പോള്‍ മൂന്നോ നാലോ ലക്കങ്ങളൊഴികെ വായിച്ചിരുന്നതാണ്. അതിന്റെ വിട്ടുപോയ ചങ്ങലക്കണ്ണികള്‍ കൂട്ടിച്ചേര്‍ക്കുക എന്നതും ഇത്തവണത്തെ വായനയില്‍ സാധിച്ചു. രണ്ടാഴ്ച മുന്‍പ് കോഴിക്കോട് സന്ദര്‍ശനത്തിനിടെ മകന് അനു നാരായണനുമൊത്ത് അവിടെ ജയില്‍ റോഡിലുള്ള ഇന്ത്യാ ബുക്സില്‍ പോകാന്‍ അവസരമുണ്ടായി. അതിന്റെ ഉടമ ടി.കെ. സുധാകരന്റെ കൈയില്‍ വീരസാവര്‍ക്കറുടെ ‘എന്റെ ജയില്‍ ജീവിതം’ എന്ന സുപ്രസിദ്ധ പുസ്തകത്തിന്റെ പരിഭാഷ പ്രൂഫ് തിരുത്തി ഏല്‍പ്പിക്കാനാണ് പോയത്. അവിടെയാണ് ‘മുക്തകണ്ഠം’ മുഴുവനായി കണ്ടത്. പുസ്തകം വിപണിയിലെത്തിയെന്നപ്പോള് അറിഞ്ഞു. അതിന്റെ കോപ്പികള്‍ അപ്പോള്‍ത്തന്നെ അനു കച്ചവടമാക്കുകയും ചെയ്തു.
എന്തുകൊണ്ടും വ്യതിരിക്തമാണ് രഘുനാഥന് എഴുതിയ ജീവിതാഖ്യായിക. സാധാരണയ്ക്കു വിപരീതമായി ആഖ്യാനം ആരംഭിക്കുന്നത് കഥാനായകന്റെ ഭൗതിക ജീവിതം അവസാനിക്കുന്നിടത്തുനിന്നാണ്. ജനനം മുതല്‍ മരണം വരെയുള്ള ആഖ്യാനമല്ല, മരണത്തോടെയാണ് കഥാനായകനെ അവതരിപ്പിക്കുന്നത്. മലയാളത്തിലെ ഒറ്റയാനായിരുന്ന വികെഎന്‍ എന്നതു കേവലം പരമാര്‍ത്ഥമാകുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് അര്‍ത്ഥങ്ങളും വ്യംഗ്യങ്ങളും എത്രയെന്നു പറഞ്ഞറിയിക്കാന്‍ വയ്യ. ആ വിഷയങ്ങളെ വിശദീകരിക്കാന്‍ ഞാന്‍ ആളല്ല. അതിനുതക്ക സാഹിത്യ സപര്യയില്‍ ഞാന്‍ ഏര്‍പ്പെട്ടിട്ടുമില്ല. ഔപചാരികമായി വിദ്യാഭ്യാസവും അക്കാദമിക നേട്ടങ്ങളുമല്ല ആരെയും വാഗ്മിയാക്കുന്നതെന്നതിന് സ്കൂള്‍ ഫൈനല്കാരനെക്കാള് വലിയൊരളവ് വേറെയുണ്ടാവില്ല. എന്റെ ചെറുപ്പകാലത്ത് സ്കൂള്‍ ഫൈനല്‍ ജയിച്ച ആളെപ്പറ്റി മറ്റിംഗ്ലീഷ് കാരന് എന്ന നാട്ടുവഴക്കം ഉണ്ടായിരുന്നു. മട്രിക്കുലേഷന്റെ ഭാഷയാണ് മറ്റിംഗ്ലീഷ്. ”മറ്റിംഗ്ലീഷ് കഴിഞ്ഞതാണ്. ഇംഗ്ലീഷ് വെള്ളം പോലെ സംസാരിക്കു”മെന്ന നാടന്‍ പ്രശംസയാണ് അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ വായിച്ചപ്പോള്‍ തോന്നിയത്. അറുപതുകളില്‍ ശങ്കേഴ്സ് വീക്കിലിയില്‍ വായിച്ച ഒരു ലേഖനത്തില്‍ ‘മാര്ട്ടിയറെ’ (രക്തസാക്ഷി) വിവരിച്ചത് രസകരമായിരുന്നു. ഒരു സഖാവിന്റെ കയ്യില്‍ കടിച്ചുവീര്‍ത്ത കൊതുകിനെ അടിച്ചു ചോര തെറിപ്പിച്ചതിനെപ്പറ്റിയാണ് ‘രക്തസാക്ഷി’ എന്ന പരാമര്‍ശം.
മന്ത്രിമാര്‍ പോലും ഓച്ഛാനിച്ചു നില്ക്കുന്ന മുതലാളിക്കു മുന്നില്‍ ഒപ്പം കസേരയിലിരുന്ന് ഇംഗ്ലീഷ് പറഞ്ഞപ്പോള്‍ എന്തേ ഐഎഎസ് എഴുതിയില്ല! എന്നായിരുന്നു അന്വേഷണം. മലയാളത്തില്‍ എന്തെല്ലാം പുതിയ പ്രയോഗങ്ങള്‍. ഫാസ്റ്റ് പാസഞ്ചര്‍ വണ്ടിക്ക് ‘അതിവേഗ ശകടാസുരന്‍’ എന്ന പേരില്‍ അടങ്ങുന്ന ധ്വനികള്‍ എന്തൊക്കെയാണ്!
ആ മനുഷ്യനെ തികച്ചും പച്ചയായിത്തന്നെ രഘുനാഥന് നമ്മുടെ മുന്പില് അവതരിപ്പിക്കുന്നു ആഖ്യായികയില്‍. അദ്ദേഹത്തെ ഒന്നുരണ്ടു തവണ അകലെ കാണാനുള്ള അവസരമേ എനിക്കു ലഭിച്ചിട്ടുള്ളൂ. 1959-60 കാലത്ത് അത് തലശ്ശേരിയില്‍ വച്ചാണ്. തിരുവങ്ങോട്ടു ക്ഷേത്രത്തിന് സമീപം, പില്ക്കാലത്ത് പ്രാന്തസംഘചാലക് ആയിരുന്ന കെ.വി. ഗോപാലന് അടിയോടി വക്കീലിന്റെ വീട്ടിലാണ് ഞാന്‍ പ്രചാരകനായിരുന്ന കാലത്തു താമസിച്ചത്. ഹിന്ദു ധര്‍മ സ്ഥാപന ബോര്‍ഡിന്റെ ഒരു ഓഫീസ് ക്ഷേത്ര വളപ്പിലുണ്ടായിരുന്നു. തിരുവങ്ങാട്ടെ സ്വയംസേവകര്‍ ഒരിക്കല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വന്ന ‘ആര്ഷന്’ എന്ന പേരിലുള്ള ഒരു കഥ കാട്ടിത്തന്നു. ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥി രാമദാസ്, താന്‍ താമസിക്കുന്ന ഹോസ്റ്റല്‍ മുറിയില്‍ യോഗവിദ്യയും ധ്യാനവും ജപവും മറ്റും നടത്തുകയും ആയുര്‍വേദത്തെ അലോപ്പതിയെക്കാള്‍ ശ്രേഷ്ഠമെന്നു കരുതുന്നതിനാല്‍ ആര്ഷന് എന്ന പേരില്‍ അറിയപ്പെടുന്നതുമായിരുന്നു കഥയിലെ പ്രതിപാദ്യം. അടിയോടി വക്കീലിന്റെ അയല്‍വാസി ആയിരുന്ന ജഡ്ജി കുഞ്ഞിരാമന് വൈദ്യരുടെ മകനോ മരുമകനോ ആയിരുന്നു രാമദാസ് എന്നോര്‍ക്കുന്നു. പ്രസിദ്ധിയാര്‍ജിച്ച ‘മന്ദമരുതി’ കൊലക്കേസില്‍ ഒരു ക്രിസ്തീയ പുരോഹിതന് വധശിക്ഷ വിധിച്ചത് കുഞ്ഞിരാമന് വൈദ്യരായിരുന്നു. സ്വയംസേവകര്‍ ‘ആര്ഷന്’ എന്ന കഥ വായിച്ചു നന്നായി ആസ്വദിച്ചു. അക്കാലത്തു കോഴിക്കോട് വിഭാഗ് പ്രചാരകനായിരുന്ന മാധവജിയും വികെഎന്‍ വായനക്കാരനായിരുന്നു. വികെഎന്നിന്റെ ചരിത്രബോധത്തെയും ഭാഷയിലെ സവ്യസാചിത്തത്തെയും അദ്ദേഹം മുക്തകണ്ഠം പ്രശംസിച്ചു. അടിയന്തരാവസ്ഥക്കാലത്ത് അദ്ദേഹത്തെക്കണ്ടു സംസാരിച്ച്, ദല്‍ഹി നേതൃത്വത്തെക്കുറിച്ചുള്ള ശരിയായ വിലയിരുത്തലുള്ള ആളാണ് വികെഎന്‍ എന്നഭിപ്രായം പറഞ്ഞിരുന്നു. അടിയന്തരാവസ്ഥക്കാലത്തെ ‘അപഥ’ സഞ്ചാരത്തിനിടെ എം.എ. കൃഷ്ണനും വി.കെ. എന്നുമായി ബന്ധം പുലര്‍ത്തിയിരുന്നു എന്നറിയാം.
മലയാള ഭാഷാ പ്രേമികള്‍ക്ക് ഏറ്റവും സന്തോഷം നല്‍കുന്നതായി രഘുനാഥന്റെ പരിശ്രമം. അദ്ദേഹത്തിന്റെ ഭാഷ ചടുലവും അര്‍ത്ഥ സംപുഷ്ടവുമാണ്. അതിലെ വ്യംഗ്യങ്ങളും സൂചിതങ്ങളും മനസ്സിലാക്കാന്‍ ചരിത്രബോധവും വികെഎന്‍ ഭാഷാ ബോധവും അനിവാര്യമാണ്. അതില്ലാത്തവര്‍ക്ക് അതു വിഷമം സൃഷ്ടിച്ചേക്കും. സുകുമാര്‍ അഴീക്കോട് എഴുതിത്തയ്യാറാക്കിയ ‘തത്വമസി’ ഉപനിഷത്തുക്കളെ അപഗ്രഥിക്കുന്ന മലയാളത്തിലെ അതിവിശിഷ്ടമായ ഗ്രന്ഥമായിട്ടാണല്ലോ കരുതപ്പെടുന്നത്. അതിന് അദ്ദേഹത്തിന് ഒട്ടേറെ പുരസ്കാരങ്ങളും ലഭിച്ചു. അതിന്റെ ഇംഗ്ലീഷ് വിവര്‍ത്തനം തയാറാക്കാന്‍ അഴീക്കോട് വികെഎന്നിനെ ഏല്‍പ്പിച്ചിരുന്നു. അതു സംബന്ധിച്ച് അദ്ദേഹം അഴീക്കോടിന്റെ വീട്ടില്‍ ചെന്നതിനെക്കുറിച്ചുള്ള വിവരണം ഇങ്ങനെയാണ്: ”വികെഎന്‍ അഴീക്കോട് ചര്‍ച്ചയെപ്പറ്റി കാലാന്തരത്തില്‍ പ്രചരിച്ച കഥ ഒന്നാന്തരം ഹാസ സാഹിത്യമായിരുന്നുവത്രേ.” പാതിരായ്ക്ക് വാതിലില്‍ മുട്ടുകേട്ട് ഉണര്‍ന്ന് വാതില്‍ തുറന്ന സുകുമാര്‍ അഴീക്കോട് പാതിയുറക്കത്തില്‍ കാണുന്നത് മാക്സ്മുള്ളറുടെ പുസ്തകവും പൊക്കിപ്പിടിച്ചു നില്ക്കുന്ന വികെഎന്നിനെയാണ്. അശരീരിപോലെ ഒരു ഡയലോഗും.”ഒറിജിനല്‍ കിട്ടി, തത്വമസിയും വായിച്ചു. ഇനി മറ്റൊരു തര്‍ജിമയുടെ ആവശ്യമില്ല.”
കെ. രഘുനാഥന് ഇതില്പരം ഭംഗിയായി രണ്ടുപേരെയും വിലയിരുത്തേണ്ടതില്ല എന്നു തോന്നിപ്പോയി. അദ്ദേഹത്തെ എനിക്കു നേരിട്ടു പരിചയമില്ല. അദ്ദേഹത്തിന്റെ അച്ഛന് അഭിവന്ദ്യനായ കരുണാകരന് നമ്പ്യാരെ നന്നായി അറിയാമായിരുന്നു. ജനസംഘകാലത്ത് പരമേശ്വര്‍ജിയാണ് എന്നെ കൊണ്ടുപോയി പരിചയപ്പെടുത്തിയത്. സോഷ്യലിസ്റ്റ്കാരനായിരുന്ന നമ്പ്യാര്‍ ചടുലമായ മലയാള ശൈലിയുടെ ഉടമയായിരുന്നു. എക്സ്പ്രസ് പത്രാധിപരെന്ന നിലയ്ക്ക് അദ്ദേഹം ആ പത്രത്തെ ശരിക്കും ഊര്‍ജസ്വലമാക്കി. മുഖപ്രസംഗങ്ങള്‍ ഊര്ജദായകങ്ങളായിരുന്നു. തലവാചകങ്ങള്‍ മൂര്‍ച്ചയും ഇരുതലയും മുറിക്കുന്ന വിധത്തിലുമുള്ളവ.
പരമേശ്വര്‍ജി തന്നെയാണ് അദ്ദേഹത്തിന് ഓര്‍ഗനൈസര്‍ വാരിക നല്കാന് നിര്‍ദേശിച്ചത്. ഓര്‍ഗനൈസറില്‍ കെ.ആര്. മല്‍ക്കാനി എഴുതുന്ന മുഖപ്രസംഗങ്ങളും പത്രാധിപരില്‍നിന്നുള്ള കത്തുകളും ഏറെ ഇഷ്ടപ്പെട്ടിരുന്നതായി എക്സ്പ്രസ് ഓഫീസിലെ മുറിയില്‍ കയറിച്ചെല്ലുമ്പോഴൊക്കെ അദ്ദേഹം വ്യക്തമാക്കുമായിരുന്നു.
ജന്മഭൂമി പത്രം ആരംഭിക്കാനുള്ള ആലോചനകള്‍ നടക്കുന്ന കാലത്തു പലപ്പോഴും നമ്പ്യാരുമായി ചര്‍ച്ച ചെയ്യാന്‍ അവസരമുണ്ടായി. തൃശൂരില്‍ നിന്നുതന്നെ പ്രസിദ്ധീകരിച്ചിരുന്ന നവാബ് രാജേന്ദ്രന്റെ ‘ജന്മഭൂമി’ എന്ന പത്രത്തിന്റെ അവകാശമായിരുന്നു വാങ്ങിയത്. ആ പത്രത്തിന് അത്ര സല്പേരല്ല ഉള്ളതെന്നും, നിങ്ങളുടെ കയ്യിലാവുമ്പോള്‍ സല്പേരായിക്കൊള്ളും എന്ന് കരുണാകരന് നമ്പ്യാര്‍ അഭിപ്രായപ്പെട്ടിരുന്നു. പത്രത്തിലെ എഴുത്തുകാരന് എന്ന നിലയില്‍ ഞാന്‍ മാതൃകയായി കണ്ട ആദ്യത്തെ ആള് കോട്ടയത്തെ ആര്.കെ. കര്‍ത്താവും പിന്നത്തേത് നമ്പ്യാരുമായിരുന്നു. അവരുടെ നിശിതമായ ഭാഷ മനസ്സില്‍ തറച്ചുകയറുന്നതായിരുന്നു. രഘുനാഥനെ പരിചയപ്പെടാന്‍ കഴിഞ്ഞിട്ടില്ല. അഭിവന്ദ്യ പിതാവിന്റെ രൂപവും ഭാവവും ഭാഷയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട് എന്ന് ‘മുക്തകണ്ഠം’ വായിച്ചപ്പോള്‍ തോന്നി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: