കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരേ രൂക്ഷമായ നിലപാട് സ്വീകരിക്കുന്ന പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജിയുടെ പുതിയ നിലപാടില്‍ അമ്പരന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍. ഇന്നു വൈകിട്ട് കൊല്‍ക്കത്തയില്‍ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മമത ബാനര്‍ജി ഒറ്റയ്‌ക്ക് കൂടിക്കാഴ്ച നടത്തും. രാജ്ഭവനിലാണ് ചര്‍ച്ച. കൂടിക്കാഴ്ചയിലെ പ്രധാന ചര്‍ച്ചാ വിഷയം എന്തായിരിക്കുമെന്നത് വ്യക്തമല്ല. പ്രധാനമന്ത്രിക്കായി ഗവര്‍ണര്‍ ജഗദീപ് ധന്‍കര്‍ രാജഭവനില്‍ അത്താഴ വിരുന്ന് ഒരുക്കുന്നുണ്ട്. ഈ വിരുന്നിലേക്ക് മമത ബാനര്‍ജിക്കും ക്ഷണമുണ്ട്. ഇവിടെ വച്ചു പ്രധാനമന്ത്രിയുമായി മമത ഒറ്റയ്‌ക്ക് കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്.
പൗരത്വ ഭേദഗതിക്ക് എതിരായി ശക്തമായ പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടെയാണു പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തുന്നത്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി നരേന്ദ്ര മോദി ഇന്ന് വൈകിട്ടാണ് മോദി കൊല്‍ക്കത്തയില്‍ എത്തുക. മാത്രമല്ല പ്രധാനമന്ത്രിയുമായി മമത ബാനര്‍ജി നാളെ വേദി പങ്കിടുകയും ചെയ്യും. കൊല്‍ക്കത്ത പോര്‍ട്ട് ട്രസ്റ്റിന്റെ 150ാം വാര്‍ഷികാഘോഷ പരിപാടിയിലാണ് ഇരുനേതാക്കളും വേദി പങ്കിടുമെന്നും റിപ്പോര്‍ട്ടുണ്ട്. കേന്ദ്ര ഷിപ്പിംഗ് സഹമന്ത്രി മന്‍സുഖ് മാണ്ഡവ്യ കഴിഞ്ഞ ദിവസം നേരിട്ട് എത്തിയാണ് മമത ബാനര്‍ജിയെ പരിപാടിയിലേക്ക് ക്ഷണിച്ചത്. പൗരത്വ ഭേദഗതി നിയമത്തിന് എതിരെ മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ ബംഗാളില്‍ ശക്തമായ പ്രക്ഷോഭമാണ് നടക്കുന്നത്. പശ്ചിമ ബംഗാളില്‍ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കില്ലെന്ന് മമത പ്രഖ്യാപിച്ചിരുന്നു. മാത്രമല്ല എന്‍പിആര്‍ നടപടികള്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ നിര്‍ത്തി വെയ്‌ക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ നരേന്ദ്ര മോദിയുമായി മമത ബാനര്‍ജി വേദി പങ്കിടുമോ എന്ന സംശയം ഉയര്‍ന്നിരുന്നു.
















