കൊച്ചി: സംസ്ഥാനത്തെ ജയിലുകളെയും കോടതികളെയും ബന്ധിപ്പിച്ചു വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം ഹൈക്കോടതിയില്‍ ചേര്‍ന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ 53 ജയിലുകളെയും 372 കോടതികളെയും 87 സ്റ്റുഡിയോകള്‍ വഴി ബന്ധിപ്പിച്ചാണ് പദ്ധതി. തുറന്ന ജയിലുകള്‍ ഇതിലില്ല. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളാണ് ആദ്യഘട്ടത്തില്‍. ഈ സാമ്പത്തിക വര്‍ഷം തീരുംമുമ്പ് എല്ലാ ജില്ലകളിലും പൂര്‍ത്തിയാക്കും. ഇനി തടവുകാരെ കോടതിമുറികളില്‍ ഹാജരാക്കാതെ വിചാരണ ചെയ്യാം.
പോലീസ് മുഖേനയും പ്രത്യേക ദൂതന് വഴിയല്ലാതെയും വാറന്റുകള്‍ നടപ്പാക്കാം. തടവുകാരുടെ വാറന്റ്, പരാതി തുടങ്ങിയവ ഓണ്‍ലൈനായി അയയ്ക്കുന്നതിനുള്ള സ്കാനര്‍ സംവിധാനവും നിലവില്‍ വന്നു. തടവുകാരെ ഇലക്ട്രോണിക് സംവിധാനത്തിലൂടെ ഹാജരാക്കി റിമാന്‍ഡ് നീട്ടാം. വിചാരണയും ഓണ്‍ലൈനാക്കുന്നത് പരിഗണനയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദിവസം 600 മുതല്‍ 800 വരെ പോലീസുകാരാണ് തടവുകാര്‍ക്ക് എസ്കോര്‍ട്ട് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്നത്. ബത്തയിനത്തില്‍ കോടിക്കണക്കിന് രൂപ ചെലവാകും, ഇത് ലാഭിക്കാം. രോഗബാധിതരും യാത്ര വയ്യാത്തവരുമായ തടവുകാരെയും തീവ്രവാദികള്‍ അടക്കമുള്ളവരെയും പുറത്തു കൊണ്ടു പോകുമ്പോഴുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാം. വീഡിയോ പിന്നീട് പരിശോധനക്ക് ലഭിക്കുകയും ചെയ്യും. കുറ്റവും ശിക്ഷയും സംബന്ധിച്ച് പൊതുജനാഭിപ്രായം മാറി വരുന്ന കാലഘട്ടമാണിതെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ജയിലിനെക്കുറിച്ചുള്ള കാഴ്ച്ചപ്പാടു തന്നെ മാറി വരുന്നു. ജയിലുകളില്‍ മെറ്റല്‍ ഡിറ്റക്ടര്‍ അടക്കമുള്ളവ സ്ഥാപിക്കുന്നതിനുള്ള ഭരണാനുമതി നല്‍കിക്കഴിഞ്ഞു. ഇ-പ്രിസണ്‍ സോഫ്റ്റ് വെയര്‍, സിസിടിവി, ഇലക്ട്രോണിക് ഫെന്‍സിങ് തുടങ്ങിയവ നടപ്പാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു. പ്രതിദിനം 93 ജുഡീഷ്യല്‍ മണിക്കൂര്‍ ലാഭിക്കാന്‍ പുതിയ സംവിധാനം വഴി സാധിക്കുമെന്ന് വ്യവസായ വകുപ്പു മന്ത്രി ഇ.പി. ജയരാജന് പറഞ്ഞു.
25 കോടി രൂപ ചെലവില്‍ കെല്‍ട്രോണിന്റെ നേതൃത്വത്തില്‍ ബിഎസ്എന്‍എല്‍, യുണൈറ്റഡ് ടെലികോം ലിമിറ്റഡ്, പീപ്പിള്‍ ലിങ്ക്, ഐടി മിഷന് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി.
കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍ അധ്യക്ഷത വഹിച്ചു. ഹൈബി ഈഡന്‍എംപി, ടി.ജെ. വിനോദ് എംഎല്‍എ, പ്രിസണ്‍സ് ആന്‍ഡ് ആന്റി കറക്ഷണല്‍ സര്‍വീസസ് ഡയറക്ടര്‍ ജനറല്‍ ഋഷിരാജ് സിങ്, ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ കെ. ഹരിപാല്‍ എന്നിവര്‍ സംസാരിച്ചു. സംസ്ഥാന ഐടി മിഷന് ടെക്നോളജി ഹെഡ് വി.കെ. ഭദ്രന്, ബിഎസ്എന്‍എല്‍ കേരള സര്‍ക്കിള്‍ ചീഫ് ജനറല്‍ മാനേജര്‍ ഡോ. പി.ടി. മാത്യു, കെല്‍ട്രോണ്‍ മാനേജിങ് ഡയറക്ടര്‍ ടി.ആര്. ഹേമലത എന്നിവര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: