ശബരിമല: മകരവിളക്കിനോട് അനുബന്ധിച്ച് പമ്പയിലേക്ക് കൂടുതല്‍ കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വ്വീസ് നടത്തും. നിലവില്‍ സര്‍വ്വീസ് നടത്തുന്ന 180 ബസുകള്‍ക്ക് പുറമേ വിവിധ ഡിപ്പോകളില്‍ നിന്ന് 900 ബസുകള്‍ കൂടി പമ്പയില്‍ എത്തിക്കാനാണ് തീരുമാനം.
തെക്കന്‍ മേഖലയിലെ ഡിപ്പോകളില്‍ നിന്നും 260ഉം മദ്ധ്യമേഖലയില്‍ നിന്ന് 48 ഉം വടക്കന്‍ മേഖലയില്‍ നിന്ന് 230 ബസുകളുമാണ് എത്തിക്കുന്നത്. മകരവിളക്ക് ദിനത്തില്‍ പമ്പ മുതല്‍ പ്ലാംതോട് വരെയുള്ള റോഡിന്റെ ഇടതു വശം ചേര്‍ന്ന് 380 ബസുകളും പ്ലാപ്പള്ളിയില്‍ 150 ബസുകളും നിലയ്ക്കലിലെ പാര്‍ക്കിംങ് ഗ്രൗണ്ടില്‍ 250 ബസുകളുമാണ് ക്രമീകരിക്കുന്നത്.
തിരുവാഭരണച്ചാര്‍ത്തും മകരവിളക്കും കണ്ട് മലയിറങ്ങി വരുന്ന തീര്‍ത്ഥാടകരെ നിലയ്ക്കലിലേക്ക് ചെയിന്‍ സര്‍വ്വീസ് വഴി എത്തിക്കാനാണ് കെഎസ്ആര്‍ടിസി പദ്ധതി തയാറാക്കിയിരിക്കുന്നത്. പമ്പയില്‍ നിന്നും തീര്‍ത്ഥാടകരെ നിലയ്ക്കലില്‍ എത്തിച്ച ശേഷമാകും ദീര്‍ഘദൂര സര്‍വ്വീസുകള്‍ ആരംഭിക്കുക. പമ്പയില്‍ നിന്നും തിരുവനന്തപുരം, ചെങ്ങന്നൂര്‍, പത്തനംതിട്ട, എരുമേലി എന്നിവിടങ്ങളിലേക്കുള്ള ദീര്‍ഘദൂര സര്‍വ്വീസുകള്‍ 15ന് രാത്രി 9 മണിയോടെ ആരംഭിക്കും.
15ന് രാവിലെ മുതല്‍ 16ന് ഉച്ചവരെ നിലയ്ക്കലില്‍ നിന്നും പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടില്ല. 15ന് രാത്രി എട്ടുമണിക്ക് ശേഷമേ നിലയ്ക്കലിലെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ നിന്നും സ്വകാര്യ വാഹനങ്ങള്‍ പുറത്തേക്ക് കടത്തിവിടൂ. വാഹന ഗതാഗതം നിയന്ത്രിക്കുന്നതിനായി കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥരെയും നിലയ്ക്കല്‍ – പമ്പ റോഡില്‍ വിന്യസിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: