മാക്സിനെയും മഹാത്മാ ഗാന്ധിയേയും അനുയായികള്‍ പരാജയപ്പെടുത്തിയതിനാണ് മാനവ ചരിത്രം സാക്ഷിയായത്. ഞാനൊരു മാക്സിസ്റ്റല്ലായെന്നുള്ളതുമാത്രമാണ് സത്യമെന്ന് മാക്സിന് പ്രഖ്യാപിക്കേണ്ടിവന്നു. താന്‍ മുന്നില്‍ നിന്ന് നയിച്ച ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പിരിച്ചു വിടണമെന്ന് പറയേണ്ട അവസ്ഥ ഗാന്ധിജിക്കുമുണ്ടായി. 1948 ജനുവരി 30ന് മരണപ്പെടുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് കശ്മീരിനുവേണ്ടി ഒരു യുദ്ധമുണ്ടായെങ്കില്‍ സിന്ധിലെ ഹിന്ദുവിനു വേണ്ടിയും ഒരു യുദ്ധമാകാമെന്ന് അഹിംസയുടെ പ്രവാചകന് പറയേണ്ടി വന്നതും ഗാന്ധി കണ്ട സമൂഹം ഗാന്ധിയന്‍ ലോക വീക്ഷണത്തില്‍ നിന്ന് എത്രയകലെയായിയെന്നത് വ്യക്തമാക്കുന്നു. (ഇപ്പറഞ്ഞതിനര്‍ത്ഥം മഹാത്മജി ജീവിച്ചിരുന്നെങ്കില്‍ യുദ്ധത്തിന് പച്ചക്കൊടി കാണിക്കുമായിരുന്നെന്നല്ല, വിഭജനത്തോടെ സിന്ധില്‍ പെട്ടുപോയ ഹിന്ദുവിന്റെ അവസ്ഥ ഗാന്ധിജിയെ എത്രമാത്രം അസ്വസ്ഥനാക്കിയെന്ന് എടുത്തു കാണിക്കുക മാത്രമാണ് ചെയ്തത്).
ലോകത്തിന് നേതൃത്വം കൊടുക്കാന്‍ ഭാരതത്തെ സ്വതന്ത്രയാക്കൂ
മാര്‍ഗമേതായാലും ലക്ഷ്യം അതിനെ ന്യായീകരിക്കുമെന്ന് പറഞ്ഞ മാക്സിനെയും മാര്‍ഗങ്ങളും ലക്ഷ്യങ്ങളെ പോലെ സംശുദ്ധമാകണമെന്ന് നിഷ്കര്‍ഷിച്ച അഹിംസയുടെ അപ്പോസ്തലനായ ഗാന്ധിജിയേയും അനുയായികള്‍ തന്നെ നിരാശപ്പെടുത്തി എന്നതാണ് ചരിത്രം.
പുത്തന്‍ പണക്കാരുടെ പൂമുഖത്ത് കസവുമുണ്ടും തിളങ്ങുന്ന ജുബ്ബയും സ്വര്‍ണ്ണമാലയും അണിയിച്ച് ഇരുത്താറുള്ള ജീവനുള്ള കാഴ്ച വസ്തുക്കളുടെ രൂപത്തിലാണ് ഗാന്ധിജിയുടെ കപട അനുയായികള്‍ ആ പേരിനെയും പൊരുളിനെയും ഇന്ന് ഉപയോഗിക്കുന്നത്. പക്ഷേ ഭാരതീയ ദര്‍ശനപാരമ്പര്യത്തില്‍ നിന്നും ലോകത്തിന്റെയും കാലത്തിന്റെയും സമസ്യകള്‍ക്ക് സ്വാമി വിവേകാനന്ദനും വീരസവര്‍ക്കറും കണ്ടെത്തിയ പോംവഴികളോടൊപ്പം ഗാന്ധിമാര്‍ഗം കൂടി കൂട്ടിച്ചേര്‍ത്താല്‍ ലോകം നേരിടുന്ന വെല്ലുവിളികള്‍ക്ക് ഫലപ്രദമായ പരിഹാരമാകും. സ്വാഭാവികമായും ആ മഹാരഥന്മാരുടെ കണ്ടെത്തലുകളില്‍ വൈവിധ്യങ്ങളുണ്ട്. പക്ഷേ ആ വൈവിധ്യങ്ങളെല്ലാം വിശ്വം നിറഞ്ഞു നില്ക്കുന്ന വിശാലവും സമഗ്രവുമായ ചിന്ത വ്യത്യസ്ഥ രൂപങ്ങളെടുത്തപ്പോള് പ്രകടമായ വേഷവ്യതിയാനങ്ങളും നിറഭേദങ്ങളുമാണെന്നാണ് ഭാരതം ആഘോഷിക്കുന്ന സത്യം. അതുകൊണ്ടു തന്നെയാണ് ഈ ലേഖനത്തിന്റെ തുടക്കത്തില്‍ സൂചിപ്പിച്ചതുപോലെ കപട ഗാന്ധിയന്മാര് മഹാത്മാവില്‍ നിന്ന് അകന്നു പോയപ്പോള്‍ ഭാരതീയ ദേശീയതയോടും ഹൈന്ദവസാംസ്കാരികതയോടും പ്രതിബദ്ധതയുള്ളവര്‍ ഗാന്ധിജിയെ വിവേകാനന്ദനോടും വീരസവര്ക്കറോടും ചേര്ത്തുനിര്ത്തിപുതിയലോകത്തിന്റെ വഴികാട്ടികളുടെ ആചാര്യശ്രേണി പടുത്തുയര്‍ത്തുന്നതിന്റെ യുക്തിയും അനിവാര്യതയും വ്യക്തമാകുന്നത്.
വള്ളത്തോള്‍ കണ്ട ഗാന്ധിജി ക്രിസ്തുദേവന്റെ പരിത്യാഗശീലവും, കൃഷ്ണന്റെ ധര്മ്മരക്ഷോപായങ്ങളും, ബുദ്ധന്റെ അഹിംസയും രന്തിദേവന്റെ ദയാവായ്പും ശ്രീഹരിശ്ചന്ദ്രന്റെ സത്യവും മുഹമ്മദിന്റെ സ്ഥൈര്യവും ഒത്തു ചേര്‍ന്ന വ്യക്തിത്വമായിരുന്നു. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തണം. സാമ്രാജ്യത്വ അധിനിവേശവേട്ടക്കാരും അവരുടെ ഇരകളും തമ്മിലുണ്ടാകുന്ന സംഘട്ടനങ്ങള്‍ ഒഴിവാക്കണം. പ്രകൃതിയുടെ ചൂഷണം തടയണം. അറിവിന്റെ ചക്രവാളങ്ങള്‍ മാനവ സമാജത്തിന്റെ പൊതു സമ്പത്തായി മാറ്റിയെടുക്കണം. ആത്യന്തികമായി ലോകസമാധാനവും സഹവര്‍ത്തിത്വവും സുസ്ഥിരവികസനവും ശാന്തിയും സാദ്ധ്യമാക്കണം. അത്തരം ലക്ഷ്യങ്ങളിലേക്കുള്ള വഴിതേടുന്ന വര്‍ത്തമാനകാല ലോകം എന്താണ് ചെയ്യേണ്ടത്?
മാക്സും മാവോ സേതൂംഗും കുഴിച്ച കുഴിയിലേക്ക് കുതറി വീഴുകയല്ല, വിവേകാനന്ദനുംവീരസവര്ക്കറും മഹാത്മാ ഗാന്ധിയും കെട്ടി ഒരുക്കിയ പടവുകളിലൂടെ നടന്നു കയറുകയാണ് അതിന് പരിഹാരം. മാനവസമൂഹത്തിന് ഒന്നായി, ഒരുമയോടെ, തല ഉയര്‍ത്തി, നല്ലനാളുകളുടെ പുതിയ ഉയരങ്ങളിലെത്തി നിലയുറപ്പിക്കാനുള്ള മാര്‍ഗം അതുമാത്രമാണെന്ന തിരിച്ചറിവാണ് പുതിയ സമൂഹം ഉള്‍ക്കൊള്ളേണ്ടത്. മാക്സിന്റെയും വിവേകാനന്ദന്റെയും ലക്ഷ്യം മാനവികതയുടെ ഉയര്ച്ചയായിരുന്നെന്ന് ഉള്‍ക്കൊള്ളുമ്പോള്‍ പോലും രണ്ടു പേരും കണ്ടെടുത്ത വേറിട്ട വഴികള്‍ തിരിച്ചറിയേണ്ടതുണ്ട്. വേട്ടയാടാനും വെട്ടിപ്പിടിക്കാനും കളം നിറഞ്ഞു നില്‍ക്കുന്നവരെ കുടുക്കാന്‍ കുഴി കുഴിക്കണം. ഇരകള്‍ ഒത്തുപിടിച്ച് വേട്ടക്കാരെ കഴിയിലിട്ട് മൂടണം. അതാണ് മാക്സിന്റെ വഴി. പക്ഷേ വേട്ടക്കാരെ ഒതുക്കിക്കഴിഞ്ഞാല്‍ തങ്ങള്‍ കുഴിച്ച കുഴിയില്‍ തങ്ങളെയും തള്ളിയിടാന്‍ തക്കം പാര്‍ത്തു പിന്നില്‍ നില്ക്കുന്നവരുണ്ടായിരുന്നെന്ന് ഇരകള്‍ തിരിച്ചറിയുമ്പോഴേക്കും തിരുത്തലിനുംതിരിച്ചടിക്കും കെല്‍പ്പ് നഷ്ടപ്പെട്ടവര്‍ക്ക് വേറെ വഴിയില്ലാതെ വരും. ലെനിന്റെയും സ്റ്റാലിന്റെയും റഷ്യയിലും മാവോയുടെ ചൈനയിലും കമ്യൂണിസം കടന്നു ചെന്നിടത്തെല്ലാം വര്ഗശത്രുക്കളെക്കാളധികം അടിസ്ഥാന വര്‍ഗത്തെ കൊന്നൊടുക്കിയതിന്റെ ചരിത്രമാണ് വെളിപ്പെടുന്നത്.
അവിടെയാണ് വിവേകാനന്ദന്റെ മാര്‍ഗം വേറിട്ട വഴി തുറന്നത്. കുഴി കുഴിക്കുന്നതിന് പകരം പടികള്‍ പണിത് പരസ്പരം കൈ കൊടുത്ത് നടന്നു കയറാന്‍ പഠിപ്പിക്കുന്നു. അങ്ങനെയൊരു വഴി കാട്ടാന്‍ വിവേകാനന്ദന് ദര്‍ശന വ്യക്തത കൈവന്നത് ഭാരതീയദര്‍ശനത്തിന്റെ വിശ്വരൂപം തിരിച്ചറിഞ്ഞ്, സ്വയം ജ്ഞാനരൂപമായി വിളങ്ങിക്കഴിഞ്ഞപ്പോഴാണ്. ‘ഉണരൂ, ഉയരൂ, ലക്ഷ്യം നേടും വരെ വിശ്രമിക്കരുത്’ എന്നാണ് മാനവസമൂഹത്തോട് വിവേകാനന്ദന് ആവശ്യപ്പെട്ടത്. വിജയവഴിയിലേക്ക് ലോകത്തിന് നേതൃത്വം കൊടുക്കാനുള്ള ധാര്‍മ്മികശക്തിയുള്ള ഭാരതത്തിന്റെ കര്‍മ്മശേഷിയെ സ്വതന്ത്രയാക്കാന്‍ വേണ്ടി ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ മറ്റു സകല ദേവതമാരെയും മാറ്റിനിര്‍ത്തി ഭാരതാംബയെ പൂജിച്ച് കര്‍മ്മനിരതരാകാന്‍ ആവശ്യപ്പെട്ടു. ലോകത്തിന് നേതൃത്വം കൊടുക്കാന്‍ ഭാരതത്തിനേ കഴിയൂയെന്ന് ലോകത്തെ ബോധ്യപ്പെടുത്തി. അങ്ങനെ നേതൃത്വം നല്‍കേണ്ടതിനെ ഭാരതത്തെ സ്വതന്ത്രയാക്കി കര്മ്മസജ്ജമാക്കേണ്ടത് ഓരോ ഭാരതീയന്റെയും കടമയാണെന്ന് ഭാരതീയ സമൂഹത്തോട് സ്പഷ്ടമാക്കി.
പോരാട്ട വീര്യം പൊതു സമൂഹത്തിലെത്തിക്കാന്‍
ആ ചരിത്ര ഘട്ടത്തിലാണ് വിനായക ദാമോദര്‍ സവര്‍ക്കര്‍ അമ്മഭാരതത്തിന്റെ മോചനം തന്നെ ജീവിതലക്ഷ്യമായി സ്വീകരിച്ചത്. തൂക്കിലേറ്റപ്പെട്ട ചപേക്കര്‍ സഹോദരന്മാരുടെ ചോരയ്ക്ക് പകരം ചോദിക്കാനുള്ള വികാരവിക്ഷോഭം കേവലം പതിനൊന്നു വയസ്സുകാരനില്‍ ഉയര്‍ന്നുവന്നു. ഭാരതത്തില്‍ വന്ന പാരതന്ത്ര്യത്തിന്റെ കാരണങ്ങള്‍ പഠിക്കണം, സമാന്തര സാഹചര്യം നേരിട്ട മറ്റു രാജ്യങ്ങളുടെ പോരാട്ട രീതികള്‍ പഠിക്കണം, അവരുടെ ആയുധങ്ങളും സഹകരണവും തേടണം. ഒപ്പം തന്നെ ഭാരതീയ ജനതയെ പോര്ക്കളത്തിലിറക്കുന്നതിനുള്ള ആവേശം പകരാന്‍ കഴിയുന്ന ഈ രാജ്യത്തിന്റെ പോരാട്ട പാരമ്പര്യം പൊതു സമൂഹത്തിലെത്തിക്കണം. കര്‍മ്മശേഷിയുള്ള പോരാളികളുടെ കൂട്ടായ്മ സൃഷ്ടിക്കണം. പതിനൊന്നു വയസ്സുകാരന് കൂട്ടുകാരെയും കൂട്ടി ‘അഭിനവ് ഭാരത്’ സംഘടിപ്പിച്ചു. ഇംഗഌഷ് രാജഭരണത്തിന്റെ കിരീട ധാരണാഘോഷങ്ങള് ബഹിഷ്കരിച്ചു. വിദേശ വസ്തുക്കള്‍ അഗ്നിക്കിരയാക്കി. ശത്രുവിന്റെ മടയില്‍ ചെന്ന് അവരുടെ ശക്തി അറിഞ്ഞ് രണതന്ത്രം തയാറാക്കാന്‍ ഇംഗ്ലണ്ടില്‍ പഠിക്കാന്‍ പോയി.
അധിനിവേശവിരുദ്ധ പോരാട്ടങ്ങള്‍ക്ക് ആക്കം കൂട്ടാന്‍ ഹൈന്ദവ സമൂഹത്തിലെ ജാതി വ്യവസ്ഥ തകര്‍ക്കണമെന്നും ബ്രാഹ്മണരും ക്ഷത്രിയരും വൈശ്യരും ശൂദ്രരും പോര്ക്കളത്തിലിറങ്ങണമെന്നും ആയുധം എടുത്ത് പോരാടണമെന്നതുമായിരുന്നു സവര്‍ക്കറുടെ രണതന്ത്രം. ഒപ്പം ലണ്ടനില്‍ യുവസവര്ക്കറുടെ വാസസ്ഥലം ലോകത്തിലെ പലരാജ്യങ്ങളില്‍ നിന്നുമുള്ള യുവ വിപ്ലവകാരികള്‍ക്ക് ഒന്നിച്ചിരുന്ന് പുതുവഴികള്‍ തേടുന്നതിനിടമായി മാറി. റഷ്യന്‍ വിപ്ലവകാരി ലെനിനുള്പ്പെടെയുള്ളവര് അവിടെയെത്തി തങ്ങുളുടെയിടങ്ങളിലെ പോരൊരുക്കങ്ങള് പരസ്പരം പങ്കുവെച്ചു. അങ്ങനെ ലഭിച്ച ആയുധങ്ങളും ആയുധ നിര്‍മ്മാണരീതികളും ഭാരതത്തിലേക്ക് ഒളിച്ചു കടത്തി.
ജര്‍മ്മനിയില്‍ നടന്ന സോഷ്യലിസ്റ്റ് ഇന്റര്‍നാഷണലില്‍ പങ്കെടുക്കാന്‍ സവര്‍ക്കര്‍ക്ക് ക്ഷണം ലഭിച്ചു. അതില്‍ പങ്കെടുക്കാന്‍ മാഡം ഗാമയെ പറഞ്ഞയച്ചു. സവര്‍ക്കര്‍ ലണ്ടനില്‍ വളര്‍ത്തിയെടുത്ത ധീരപോരാളി മദന്‍ലാല്‍ ധിംഗ്ര ഇംഗ്ലീഷ് ഉദ്യോഗസ്ഥനെ വെടിയുതിര്‍ത്ത് വധിച്ചതും അതിന് ഇംഗ്ലീഷ് ഭരണകൂടം നല്കിയ വധശിക്ഷ തല ഉയര്‍ത്തിനിന്ന് ഏറ്റുവാങ്ങിയതും ഇംഗ്ലീഷ് ശക്തികളുടെ ഉറക്കം കെടുത്തി. ആ ധീര വിപ്ലവകാരിയെ ആന്‍ഡമാനിലേ കാരാഗ്രഹത്തില്‍ ഇരട്ട ജീവപര്യന്തം തടവിലേക്ക് തള്ളിവിട്ടു. ഇരുപത്തിയഞ്ചു വയസ്സിനുള്ളില്‍, സൂര്യന് അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ഉറക്കം കെടുത്തുമെന്നുറപ്പായപ്പോള് കൊടും ക്രൂരതയുടെ തടവറയിലേക്ക് തള്ളിയിട്ട് കൊന്നു കുഴിച്ചു മൂടാനും ശ്രമിച്ചു. പക്ഷേ ആ കല്ത്തുറുങ്കിനുള്ളിലും വീരസവര്‍ക്കറുടെ സര്‍ഗശേഷി ചിന്തയ്ക്ക് അഗ്നിച്ചിറകുകള്‍ നല്കുന്ന കവിതകളായി. അങ്ങനെയാണ് ശിക്ഷയില്‍ ഇളവു ലഭിച്ച് തടവ് ഇടം രത്നഗിരി ജില്ലയായി മാറിയപ്പോള്‍ ഹിന്ദുത്വം എന്ന ദര്‍ശനത്തിന് ക്രോഡീകൃതരൂപം നല്കി ‘എസ്സെന്‍ഷ്യല്‍സ് ഓഫ് ഹിന്ദുത്വ’ എന്ന രചന നിര്‍വ്വഹിച്ചത്. ഒരു ഹിന്ദു യഥാര്‍ത്ഥ ഹിന്ദുവാകുന്നത് അവന് ഹിന്ദുവല്ലാതെയാകുമ്പോഴാണ് എന്നെഴുതി വിവേകാനന്ദനെ ശരിയായി അറിയാന്‍ ശ്രമിച്ചിട്ടില്ലാത്ത, വീരസവര്‍ക്കറെ തമസ്കരിക്കാന്‍ ശ്രമിക്കുന്ന, മഹാത്മജിയെ ഉപേക്ഷിച്ചുകഴിഞ്ഞ, സ്ഥാപിത താത്പര്യക്കാരുടെ ഹിന്ദുവിരുദ്ധ വര്‍ഗീയതയില്‍നിന്നും ഭാരതത്തെ മോചിപ്പിക്കണം. സവര്‍ക്കര്‍ പറഞ്ഞവസാനിപ്പിച്ചതു പോലെ ഹിന്ദു ഹിന്ദു അല്ലാതെയാകണം. ഒപ്പം തന്നെ, മുസ്ലീമും ക്രിസ്ത്യാനിയും മറ്റു വിശ്വാസങ്ങളുടെ കള്ളികളില്പ്പെട്ടവരും പുറത്തേക്ക് വരണം. എല്ലാവരും മനുഷ്യരായി ഉയരണം, വളരണം. ലോകം ഒന്നിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: