ലക്‌നൗ : തെരെഞ്ഞെടുപ്പില്‍ കൃതൃമത്വം കാട്ടിയ സമാജ് വാദി പാര്‍ട്ടി നേതാവ് അസംഖാനെയും കുടുംബത്തെയും പിടികിട്ടാപ്പുള്ളികളായി ഉത്തര്‍പ്രദേശ് പോലീസ് പ്രഖ്യാപിച്ചു. അസംഖാന്‍, ഭാര്യ തന്‍സീന്‍ ഫാത്തിമ, മകന്‍ അബ്ദുള്ള അസംഖാന്‍ എന്നിവരെയാണ് മൂന്ന് കേസുകളില്‍ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചത്. അസംഖാനെയും കുടുംബത്തേയും പിടികിട്ടാപ്പുള്ളികളായി നേരത്തെ കോടതി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പോലീസും പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിക്കുന്നത്.
ജനുവരി 24 ന് വിസ്താരത്തിനായി കോടതിയില്‍ ഹാജരായില്ലെങ്കില്‍ ഇവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനും കോടതി ഉത്തരവുണ്ട്. ഇതിന് പുറമേ മൂന്ന് പേരും പിടികിട്ടാപ്പുള്ളികളാണെന്ന് ജില്ലാ ഭരണ കൂടം പൊതു അറിയിപ്പ് നല്‍കുകയും ഇവരുടെ വീടിനുമുന്നില്‍ പോസ്റ്റര്‍ ഒട്ടിക്കുകയും ചെയ്തിട്ടുണ്ട്. അബ്ദുള്ള അസംഖാന്‍ വ്യാജ ജനന സര്‍ട്ടിഫിക്കേറ്റ് ഉണ്ടാക്കി തെരഞ്ഞെടുപ്പില്‍ മത്സരിച്ചു എന്നാണ് ഒരു കേസ്. വഞ്ചനയ്‌ക്കും, വ്യജരേഖ ചമയ്ച്ചതിനും മറ്റു രണ്ടുകേസുകളും ഇവര്‍ക്കെതിരെയുണ്ട്. കേസില്‍ ഹാജരാകാന്‍ കഴിഞ്ഞ മാസം മൂന്ന് പേര്‍ക്കും കോടതി നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഇവര്‍ കോടതി മുന്‍പാകെ ഹാജരായില്ല. തുടര്‍ന്നാണ് അസംഖാനെയും കുടുംബത്തെയും പിടികിട്ടാപ്പുള്ളികളായി കോടതി പ്രഖ്യാപിച്ചത്.
















