ന്യൂദല്‍ഹി: സംഘര്‍ഷകരെ അനുകൂലിക്കുന്നവര്‍ പഠിക്കാനാഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കും സമാധാനം ആഗ്രഹിക്കുന്ന അധ്യാപകര്‍ക്കും പിന്തുണനല്‍കാത്തതെന്തുകൊണ്ടാണെന്ന് ജെഎന്‍യു സര്‍വകലാശാല വിസി എം ജഗ്‌ദേശ് കുമാര്‍. കൂടാതെ സംഘര്‍ഷം കൈകാര്യം ചെയ്ത രീതിയില്‍ മാനവശേഷി മന്ത്രാലയത്തിന് അതൃപ്തിയുണ്ടെന്ന റിപ്പോര്‍ട്ടും വിസി തള്ളി.
സംഘര്‍ഷങ്ങളുടെ പേരില്‍ ജെഎന്‍യു അടച്ചുപൂട്ടില്ല. സമരത്തിലുള്ള പലരും അക്രമസ്വഭാവമുള്ളവരാണ്. ഇത്തരക്കാരായ വിദ്യാര്‍ഥികള്‍ക്ക് ചില അധ്യാപകരാണ് ഒത്താശചെയ്തു കൊടുക്കുന്നതെന്നും സര്‍വകലാശാലയെ രാഷ്‌ട്രീയവല്‍ക്കരിക്കാന്‍ അനുവദിക്കില്ലെന്നും വൈസ് ചാന്‍സലര്‍ പറഞ്ഞു. സംഘര്‍ഷകരായ വിദ്യാര്‍ഥികള്‍ക്ക് എന്തിനാണ് നടി ദീപിക പദുകോണ്‍ അടക്കമുള്ളവര്‍ പിന്തുണനല്‍കുന്നതെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഞായറാഴ്‌ച്ച ക്യാംപസില്‍ അക്രമമുണ്ടായപ്പോള്‍ പോലീസിനെ വിളിക്കാന്‍ വൈകിയെന്ന ആരോപണം തെറ്റാണ്. വൈസ് പോലീസിനെ കൃത്യസമയത്ത് അറിയിച്ചിരുന്നു. എന്നാല്‍ ക്യാംപസിലെത്തിയ പോലീസ് വാഹനം അക്രമികള്‍ അടിച്ചുതകര്‍ക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഫീസ് വര്‍ധനയുടെ കാര്യത്തില്‍ നേരത്തെ സമായവായമുണ്ടായതാണ്. എന്നാലിപ്പോള്‍ അതെല്ലാം മറച്ചുവെച്ചാണ് ഒരു വിഭാഗം വിദ്യാര്‍ഥികള്‍ സമരം തുടരുന്നതെന്നും വിസി പറഞ്ഞു.
















