പേരാവൂര്‍: പണിമുടക്ക് ദിനത്തില്‍ 108 ആംബുലന്‍സില്‍ യുവതിക്ക് സുഖപ്രസവം. പേരാവൂര്‍ എടത്തൊട്ടി സ്വദേശി അമൃതാ വൈശാഖാണ് കൂത്തുപറമ്പ് മാനന്തേരിയില്‍ വെച്ച് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പുലര്‍ച്ചെ മൂന്നരയോടെ അമൃതയ്‌ക്ക് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് വീട്ടില്‍ നിന്ന് തലശേരി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് വീട്ടുകാര്‍ ഓട്ടോറിക്ഷയില്‍ അമൃതയുമായി തിരിച്ചു. കുറച്ച് ദൂരം പിന്നിട്ടതോടെ ആരോഗ്യനില മോശമായതിനാല്‍ മുന്നോട്ട് പോകാന്‍ കഴിയാത്ത അവസ്ഥയിലായി.
ഹര്‍ത്താല്‍ ദിനത്തില്‍ മറ്റു വാഹനങ്ങള്‍ കിട്ടാതെ എന്ത് ചെയ്യണമെന്ന അവസ്ഥയില്‍ നില്‍ക്കുമ്പോഴാണ് 108 ആംബുലന്‍സില്‍ പ്രസവം നടന്നു എന്ന ഫേസ്ബുക്ക് പോസ്റ്റ് വൈശാഖിന്റെ ഓര്‍മയില്‍ വന്നത്. ഉടന്‍ തന്നെ വൈശാഖ് 108 ആംബുലന്‍സിന്റെ സഹായം തേടി. കണ്‍ട്രോള്‍ റൂമില്‍ നിന്ന് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ സര്‍വീസ് നടത്തുന്ന 108 ആംബുലന്‍സ് ഉടന്‍ എത്തി.
അമൃതയുടെ ആരോഗ്യനില മോശമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ ഹണിമോള്‍ മാനുവല്‍ അമൃതയെ ആംബുലന്‍സിലേക്ക് മാറ്റി. ആംബുലന്‍സ് പൈലറ്റ് ധനേഷ് അമൃതയുമായി ആശുപത്രിയിലേക്ക് തിരിച്ചു. എന്നാല്‍ യാത്രാമധ്യേ 5.10ന് ആംബുലന്‍സിനുള്ളില്‍ വെച്ച് ഹണിയുടെ പരിചരണത്തില്‍ അമൃത പ്രസവിക്കുകയായിരുന്നു. പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം ഉടന്‍ തന്നെ അമ്മയെയും കുഞ്ഞിനെയും ധനേഷ് കൂത്തുപറമ്പ് സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. വൈശാഖ്-അമൃത ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞാണ് ഇത്.
















