ന്യൂദല്‍ഹി: അമേരിക്കയുമായുള്ള സംഘര്‍ഷം ഒഴിവാക്കാന്‍ ഇന്ത്യ മുന്നോട്ട് വെയ്‌ക്കുന്ന ഏത് സമാധാന ശ്രമങ്ങളെയും സ്വാഗതം ചെയ്യുമെന്ന് ഇറാന്‍. അമേരിക്കയുമായി തങ്ങള്‍ യുദ്ധത്തിന് ആഗ്രഹിക്കുന്നില്ലെന്നും ഇറാന്‍ വ്യക്തമാക്കി. അമേരിക്കയും ഇറാനുമായി ഇന്ത്യ നല്ല സൗഹൃദമാണ് പുലര്‍ത്തുന്നത്. ഇതാണ് സമാധാന ശ്രമങ്ങളെ ഇന്ത്യയെ ആശ്രയിക്കാന്‍ ഇറാനെ പ്രേരിപ്പിച്ചത്. അതേസമയം, യുദ്ധം ഒഴിവാക്കാനും മേഖലയില്‍ സമാധാനം പുലര്‍ത്താനും ഇന്ത്യ പറയുന്നത് അംഗീകരിക്കുമെന്ന് ഇന്ത്യയിലെ ഇറാന്‍ സ്ഥാനപതി അലി ചെഗെനി നേരത്തെ പറഞ്ഞിരുന്നു.
ഇറാഖിലെ രണ്ട് യുഎസ് സൈനിക താവളങ്ങള്‍ക്കെതിരെ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇറാന്‍ പ്രതിനിധിയുടെ പ്രതികരണം. ലോകത്ത് സമാധാനം പുലരാന്‍ ആഗ്രഹിക്കുന്ന രാജ്യമാണ് ഇന്ത്യ . എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള എല്ലാ സംരംഭങ്ങളെയും ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. എന്നിരുന്നാലും ഇന്ത്യ തങ്ങള്‍ക്ക് നല്ല സുഹൃത്താണ്. ലോകത്ത് സമാധാനത്തിനും അഭിവൃദ്ധിക്കും സഹായിക്കുന്ന ഇന്ത്യയുടെ ഏത് നീക്കങ്ങളെയും തങ്ങള്‍ സ്വാഗതം ചെയ്യും അലി ചെഗെനി പറഞ്ഞു.
ഇറാന്റെ സൈനിക കമാന്‍ഡറും റെവല്യൂഷണി ഗാര്‍ഡിന്റെ മേധാവിയുമായ സുലൈമാനിയെ അമേരിക്ക വധിച്ചതിനു ശേഷം ഇരു രാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം രൂഷമായിരുന്നു. അമേരിക്കയുടെ സൈനികത്താവളത്തില്‍ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തുകയും ചെയ്തിരുന്നു. അതേസമയം, ഇറാഖിലേക്കുള്ള യാത്രകള്‍ പരമാവധി ഒഴിവാക്കണമെന്നും ഇന്ത്യാക്കാര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. ഇറാഖില്‍ നിന്നും മറ്റു രാജ്യങ്ങളിലേക്കുള്ള യാത്രകള്‍ പരമാവധി ഒഴിവാക്കണം. ഇറാഖ്-ഇറാന്‍ വ്യാമപാത ഉപയോഗിക്കരുതെന്നും വിദേശകാര്യ മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്.
ഇറാഖ്, ഇറാന്‍, പേര്‍ഷ്യന്‍ ഗള്‍ഫ്, ഒമാന്‍ ഉള്‍ക്കടല്‍ തുടങ്ങിയ രാജ്യങ്ങളുടെ വ്യോമാതിര്‍ത്തിക്കുള്ളില്‍ പ്രവേശിക്കരുതെന്ന് അമേരിക്കയുടെ യാത്രാവിമാനങ്ങള്‍ക്ക് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇറാഖിലെ അമേരിക്കയുടെ തന്ത്രപ്രധാനമായ രണ്ട് സൈനിക കേന്ദ്രങ്ങള്‍ ഇറാന്‍ ആക്രമിച്ചതോടെ ഏത് തരത്തിലുള്ള തിരിച്ചടിയാണ് അമേരിക്ക നല്‍കുന്നതെന്ന് പ്രവചനാതീതമാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമെന്ന് ആദ്യം വാര്‍ത്ത വന്നെങ്കിലും പിന്നീട് അദ്ദേഹം പ്രതികരണം ട്വിറ്ററില്‍ ഒതുക്കി. ഇറാന്‍ വിഷയത്തില്‍ നാളെ ഔദ്യോഗിക പ്രതികരണമുണ്ടാവുമെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.
















