ലഖ്‌നൗ: ഗോരഖ്പൂരില്‍ സ്വാതന്ത്ര്യ സമരസേനാനി അഷ്ഫാഖുള്ള ഖാന്റെ പേരില്‍ വന്‍ സുവോളജിക്കല്‍ ഗാര്‍ഡന്‍ നിര്‍മ്മിക്കാനൊരുങ്ങി യോഗി സര്‍ക്കാര്‍. ഇതിനായി 234 കോടി രൂപയാണ് യോഗി സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം.
ഇത് ഗോരഖ്പൂരിന് അന്താരാഷ്‌ട്ര പ്രതിച്ഛായ നല്‍കുന്ന അഷ്ഫാഖുള്ള സുവോളജിക്കല്‍ ഗാര്‍ഡന്‍ പദ്ധതി 21.34 ഏക്കറിലായാണ് ഒരുങ്ങുന്നത്. സൂവോളജിക്കല്‍ പാര്‍ക്ക് വന്യജീവി സംരക്ഷണത്തിന് പ്രോത്സാഹനമാകുമെന്നും യുപി സര്‍ക്കാര്‍ വ്യക്തമാക്കി. ധീരദേശാഭിമാനി അഷ്ഫാഖുള്ള ഖാനോടുള്ള ആദരസൂചകമായാണ് സൂവോളജിക്കല്‍ പാര്‍ക്കിന് ഈ പേരുതന്നെ നല്‍കിയതെന്ന് ഉത്തര്‍പ്രദേശ് മന്ത്രി ശ്രീകാന്ത് ശര്‍മ്മ മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി. ലഖ്‌നൗ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ വിദ്യാര്‍ത്ഥികള്‍ക്കായി 200 ഹോസ്റ്റല്‍ നിര്‍മ്മിക്കുന്നതിനും മന്ത്രിസഭാ യോഗം തീരുമാനമെടുത്തു.
ചന്ദ്രശേഖര്‍ ആസാദിന്റെ ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ അസോസിയേഷനിലെ സജീവ സാന്നിധ്യമായിരുന്നു അഷ്ഫാഖുള്ള ഖാന്‍. സ്വാതന്ത്യ സമരപോരാളിയായ അദ്ദേഹത്തെ 1927 ഡിസംബര്‍ 19 ന് ബ്രിട്ടീഷ് ഭരണകൂടം തൂക്കിലേറ്റുകയായിരുന്നു.
















