ടെഹ്‌റാൻ: ഏത് ആഗോള ശക്തിയേയും നേരിടാൻ സുസജ്ജമാണെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുള ഖമേനി. ഇറാഖിലെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണം അമേരിക്കയുടെ മുഖത്തേറ്റ അടിയാണെന്നും ഖമേനി പറഞ്ഞു. ഇറാൻ നടത്തിയ മിസൈലാക്രമണത്തിന് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഖമേനി.
മേഖലയിൽ നിന്നും അമേരിക്ക വിട്ടുപോകണം. ആണവ കരാർ സംബന്ധിച്ച് യാതൊരുവിധ ചർച്ചയ്‌ക്കില്ലെന്നും ഖമേനി പറഞ്ഞു. കഴിഞ്ഞ രാത്രി അമേരിക്കയുടെ മുഖമടച്ച് അടി നൽകി. എന്നാൽ അത് പര്യാപ്തമല്ല. ഇറാന്റെ വിപ്ലവം സജീവമായി നിൽനിൽക്കുന്നുണ്ടെന്നുള്ളതിന് തെളിവാണ് കാസിം സുലൈമാനിയുടെ സംസ്കാര ചടങ്ങുകളിൽ കണ്ടത്. മേഖലയിലെ അമേരിക്കയുടെ സാന്നിധ്യം അവസാനിപ്പിക്കണം. തങ്ങളുടെ പ്രധാന ശത്രുക്കൾ അമേരിക്കയും ഇസ്രായേലുമാണ്. അമേരിക്ക ഒരിക്കലും ഇറാനുമായുള്ള ശത്രുത അവസാനിപ്പിക്കാൻ പോകുന്നില്ല. അമേരിക്കൻ ജനതയോട് ഒരിക്കലും ഇറാന് ശത്രുതയില്ല. എന്നാൽ അവരെ ഭരിക്കുന്ന മൂന്നുനാലു പേർ തങ്ങളുടെ ലക്ഷ്യമാണെന്നും ഖമേനി പറഞ്ഞു.
ഇറാഖിൽ യുഎസ്-സഖ്യ സേനകളുടെ രണ്ട് വ്യോമതാവളങ്ങൾ ആക്രമിച്ച് 80 അമേരിക്കൻ സൈനികരെ വധിച്ചതായി ഇറാൻ അവകാശപ്പെട്ടിരുന്നു. 15 മിസൈലുകളാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നും ഇറാൻ ഔദ്യോഗിക ടി.വി റിപ്പോർട്ട് ചെയ്യുന്നു. ആക്രമണം അമേരിക്ക സ്ഥിരീകരിച്ചെങ്കിലും മരണ സംഖ്യയെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
















