വാഷിങ്ടണ്‍: ഇറാന്റെ ക്വദ്സ് സേനാ മേധാവി ഖാസിം സുലൈമാനിയെ വധിച്ച യുഎസ് നടപടിയെ പിന്തുണച്ച് നാറ്റോ (ദി നോര്‍ത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓര്ഗനൈസേഷന്) രംഗത്ത്. പശ്ചിമേഷ്യയില്‍ അമേരിക്ക സ്വീകരിച്ച നയങ്ങളെ പിന്തുണയ്ക്കുന്നുവെന്ന് വ്യക്തമാക്കിയ നാറ്റോ, ഇറാന് വിവിധ ഭീകര സംഘടനകളില്‍ നിന്നുള്ള പിന്തുണയെയും അപലപിച്ചു.
ഇറാന്-ഇറാഖ് വിഷയത്തില്‍ ചേര്‍ന്ന പ്രത്യേക യോഗത്തിന് ശേഷമായിരുന്നു നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോളന്‍ബര്‍ഗ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. പുതിയ സംഘര്‍ഷങ്ങള്‍ക്ക് ആര്‍ക്കും താത്പര്യമില്ലെന്നും അതിനാല്‍ ആക്രമണങ്ങളില്‍ നിന്നും പ്രകോപനപരമായ പ്രവൃത്തികളില്‍ നിന്നും ഇറാന് പിന്തിരിയണമെന്നും സ്റ്റോളന്‍ബര്‍ഗ് ആവശ്യപ്പെട്ടു.
അതേസമയം, ഇറാന് വിദേശകാര്യ മന്ത്രി ജാവേദ് ഷരീഫിന് അമേരിക്ക വിസ നിഷേധിച്ചു. നാളത്തെ യുഎന്‍ രക്ഷാസമിതി യോഗത്തില്‍ പങ്കെടുക്കുന്നതിനാണ് ജാവേദ് യുഎസിലേക്ക് പോകാനിരുന്നത്. സുലൈമാനിയെ വധിച്ച സംഭവത്തില്‍ വിശദീകരണം നല്‍കാനുള്ള അവസരമാണ് ഷെരീഫിന് ഇതോടെ നഷ്ടമായത്. 2019 സപ്തംബറില്‍ യുഎന്‍ പൊതുസഭാ സമ്മേളന സമയത്തും ഷെരീഫിന് വിസ നിഷേധിച്ചിരുന്നു. യുഎന്നിലെ ഇറാന്റെ പ്രതിനിധികള്‍ക്ക് അമേരിക്കയില്‍ കഴിഞ്ഞ വര്‍ഷം മുതല്‍ യാത്രാ നിയന്ത്രണം ശക്തമാക്കിയിരുന്നു. യുഎന്‍ ആസ്ഥാനത്തിന് ചുറ്റുമുള്ള ആറ് ബ്ലോക്കുകളടങ്ങുന്ന മൂന്ന് മേഖലകളില്‍ മാത്രമാണ് ഇവര്‍ക്ക് യാത്രാനുമതി നല്‍കിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: