ദല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല രാജ്യത്തെ പേരെടുത്ത വിദ്യാഭ്യാസ സ്ഥാപനമാണ് എന്നതില്‍ ആര്‍ക്കും അഭിപ്രായവ്യത്യാസമില്ല. സര്‍വകലാശാല വിവാദങ്ങളില്‍പ്പെടുന്നതും ആദ്യമല്ല. ഇവിടത്തെ അധ്യാപകരുടെ തീവ്രരാഷ്ട്രീയ നിലപാടുകളും വിദ്യാര്‍ത്ഥികളുടെ സമര രീതികളും പലപ്പോഴും പ്രശ്നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. രാജ്യദ്രോഹക്കുറ്റം ചുമത്തി വധിക്കപ്പെട്ട അഫ്സല് ഗുരുവിന്റെ പേരില്‍ അനുസ്മരണം സംഘടിപ്പിക്കാന്‍പോലും കാമ്പസ് ഉപയോഗിച്ച സര്‍വകലാശാലയാണിത്. അരാജകപ്രവണതകള്‍ പലതിന്റെയും തുടക്കവും ഈ കാമ്പസില്‍ നിന്നാണ്. അതിന്റെയൊക്കെ തുടര്‍ച്ചയാണ് കഴിഞ്ഞദിവസത്തെ സംഭവങ്ങള്‍.
ഫീസ് വര്‍ദ്ധനയുമായി ബന്ധപ്പെട്ട് രണ്ട് മാസമായി ഇവിടത്തെ വിദ്യാര്‍ത്ഥികള്‍ സമരത്തിലാണ്. സമരത്തിന് പിന്നില്‍ പച്ചയായ രാഷ്ട്രീയമാണെന്ന് തുടക്കംമുതലെ ആരോപണം ഉണ്ടായിരുന്നു. ന്യായമായ ഫീസ് വര്‍ദ്ധനമാത്രമാണെന്നായിരുന്നു പലരും ചൂണ്ടിക്കാണിച്ചത്. ഇതിന്റെ ഭാഗമായി സമരക്കാര്‍ക്ക് സമരത്തിനുള്ള വിദ്യാര്‍ത്ഥികളുടെ പിന്തുണ കുറഞ്ഞുവന്നിരുന്നു. ഇതിനിടയില്‍ പുതിയ വര്‍ഷത്തെ രജിസ്ട്രേഷന് നടപടികള്‍ ആരംഭിച്ചു. പകുതിയിലധികം വിദ്യാര്‍ത്ഥികളും രജിസ്ട്രേഷന് നടപടികള്‍ക്ക് തയ്യാറായത് സമരക്കാര്‍ക്ക് തിരിച്ചടിയായി. ഇതുമറികടക്കാന്‍ ചെയ്ത പ്രവൃത്തി രജിസ്ട്രേഷന് അട്ടിമറിക്കുക എന്നതായിരുന്നു. അതിനായി സര്‍വകലാശാലയുടെ സെന്‍ട്രല്‍ ഇന്‍ഫര്‍മേഷന്‍ സംവിധാനം അടിച്ചുതകര്‍ത്തു. മാത്രമല്ല, രജിസ്ട്രേഷന് തയ്യാറായിനിന്നിരുന്നവരെയെല്ലാം അടിച്ചോടിച്ചു. വലിയതോതിലുള്ള ആക്രമണമാണ് യൂണിവേഴ്സിറ്റി യൂണിയന് ചെയര്‍മാന്റെ നേതൃത്വത്തില്‍ നടന്നത്. ഇടത് തീവ്രവാദ സംഘടനകളില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ കൂടുതലായും ആക്രമിച്ചത് എബിവിപി പ്രവര്‍ത്തകരെയാണ്. മുഖംമൂടി ധരിച്ചായിരുന്നു ആക്രമണം. തിരിച്ചടിയുമുണ്ടായി. ഇരുകൂട്ടരിലുംപെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. എല്ലാവരെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പ്രാ
ഥമിക ശുശ്രൂഷയ്ക്കുശേഷം വിട്ടയയ്ക്കുകയും ചെയ്തു. ഇതിനെയാണ് ആഗോളസംഭവമായി ചിത്രീകരിച്ച് പ്രധാനമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയുമൊക്കെ പ്രതിക്കൂട്ടിലാക്കാനുള്ള നീക്കം. ഇത് തികച്ചും രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംഘടിപ്പിച്ച പ്രതിഷേധം വഴിതെറ്റിയപ്പോള്‍ മറ്റൊരുമാര്‍ഗമായി വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള തല്ലിനെ അവതരിപ്പിക്കുകയാണ്.
കോളേജില്‍ വിദ്യാര്‍ത്ഥി സംഘട്ടനം പുതുമയല്ല, കേരളത്തിലാണെങ്കില്‍ ഒട്ടും. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് പോലെ എസ്എഫ്ഐക്കാര്‍ ഏകപക്ഷീയമായ ആക്രമണം നടത്തുന്ന സ്ഥലങ്ങളുണ്ട്. വിദ്യാര്‍ത്ഥികളെ എറിഞ്ഞോടിച്ച് വെള്ളത്തില്‍ മുക്കിക്കൊന്ന സംഭവത്തിനും കേരളം സാക്ഷ്യം വഹിച്ചിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് പ്രകടനം നടത്തിയതിന്റെ പേരില്‍ എബിവിപി പ്രവര്‍ത്തകരെ തൃശൂര്‍ കേരള വര്‍മ കോളേജില്‍ എസ്എഫ്ഐക്കാര്‍ വളഞ്ഞിട്ട് തല്ലിയത് ഏതാനും ദിവസം മുമ്പാണ്. എതിര് വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളെ മാത്രമല്ല, സ്വന്തം യൂണിയനി
ല്‍പ്പെട്ട കുട്ടികളെയും കുത്തിമലര്‍ത്താന്‍ മടിയില്ലെന്ന് തെളിയിച്ച എസ്എഫ്ഐ നേതാക്കള്‍ നെഞ്ച് വിരിച്ചുനടക്കുന്നു. അവര്‍ക്ക് ഭരണകൂടവും പോലീസും ഒത്താശചെയ്യുന്നതും മലയാളികള്‍ മറന്നിട്ടില്ല. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തോട് ആളുകള്‍ക്ക് വെറുപ്പുതോന്നിയതും ഇടതുപക്ഷ സംഘടനകളുടെ ആക്രമണസ്വഭാവവും വിദ്വേഷപ്രവൃത്തികളുമായിരുന്നുവെന്നതാണ് ചരിത്രം. ഇതെല്ലാം മറന്ന് ജെഎന്‍യുവില്‍ കുറച്ച് വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ തമ്മില്‍ത്തല്ലിനെ പര്‍വതീകരിക്കുകയാണ് കേരളത്തിലെ മാധ്യമങ്ങളും ചില രാഷ്ട്രീയ നേതാക്കളും.
നരേന്ദ്രമോദിയും അമിത്ഷായും ഗൂഢാലോചന നടത്തിയാണ് ആക്രമണം എന്നുവരെ പ്രചരിപ്പിക്കുന്നു. ആര്‍എസ്എസ്സും ബിജെപിയും ആണ് മുഖംമൂടിധരിച്ചെത്തിയതെന്ന് തെളിവൊന്നുമില്ലാതെ പറഞ്ഞുപരത്തുന്നു. ആക്രമണമുണ്ടായപ്പോള്‍ പോലീസ് എന്തേ കാമ്പസിനുള്ളിലേക്ക് ഇരച്ചുകയറാഞ്ഞതെന്ന് ആരോപിക്കുന്നു. തൊട്ടടുത്ത് ജാമിയ മിലിയ സര്‍വകലാശാലയില്‍ സംഘര്‍ഷാവസ്ഥ പരിഹരിക്കാന്‍ പോലീസ് കയറിയതിനെ വലിയ വായില്‍ വിമര്‍ശിച്ചവരാണ് ഇപ്പോള്‍ പോലീസ് കയറാതിരുന്നതിനെ കുറ്റപ്പെടുത്തുന്നത്. മുഖംമൂടി ധരിച്ചവര്‍ ആര്‍എസ്എസ്സുകാരാണെന്ന് എങ്ങനെ മനസ്സിലായി എന്നതിന് ഉത്തരമില്ല. അതേസമയം മുഖംമൂടിക്കാരെ നയിച്ചുകൊണ്ട് യൂണിയന് ചെയര്‍മാനും തീവ്ര ഇടതുപക്ഷ പ്രവര്‍ത്തകയുമായ ഐഷ ഘോഷ് നടന്നുനീങ്ങുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇന്‍ഫര്‍മേഷന്‍ സെന്റര്‍ അടിച്ചുതകര്‍ത്തതിന്റെ പേരില്‍ ഐഷയുള്‍പ്പെടെ 25 വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസും എടുത്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം ഉണ്ടായാല്‍മാത്രമെ സത്യാവസ്ഥ അറിയൂ. സാഹചര്യങ്ങളും തെളിവുകളും സൂചിപ്പിക്കുന്നത് കേന്ദ്രവിരുദ്ധശക്തികളുടെ കയ്യിലെ കളിപ്പാവകളായി ചില വിദ്യാര്‍ത്ഥികള്‍ മാറിയതിന്റെ ഫലമാണ് തമ്മിലടി എന്നാണ്. ഗുരുതരമായി പരിക്കേറ്റ് അത്യാസന്ന നിലയില്‍ ഐസിയുവില്‍ കിടക്കുന്നു എന്നൊക്കെ മാധ്യമങ്ങള്‍ വിളിച്ചുകൂവിയ പലരും പിറ്റേന്നുതന്നെ പൊടിതട്ടി എഴുന്നേറ്റുപോയതും ശ്രദ്ധേയമാണ്. അന്വേഷണത്തിലൂടെ സത്യം പുറത്തുവരുമ്പോള്‍ മാത്രമേ മുഖം നഷ്ടപ്പെടുന്നത് ആര്‍ക്കെന്ന് അറിയാന്‍ കഴിയൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: