ന്യൂദല്‍ഹി : വിശ്വാസം, പരസ്പര ബഹുമാനം, ധാരണ എന്നിവയില്‍ അധിഷ്ഠിതമായി ഇന്ത്യ- യുഎസ് ബന്ധം കൂടുതല്‍ കരുത്താര്‍ജ്ജിച്ച ശക്തിയായി വളര്‍ന്നെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യ- യുഎസ് ബന്ധത്തില്‍ ട്രംപ് സംതൃപ്തി പ്രകടിപ്പിച്ചതായും കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നുണ്ട്.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് പുതുവത്സരാശംസകളും മോദി നേര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതില്‍ കൈവരിച്ച സുപ്രധാന പുരോഗതി പ്രധാനമന്ത്രി എടുത്തുപറഞ്ഞു, പരസ്പരം താത്പര്യമുള്ള എല്ലാ മേഖലകളിലും സഹകരണം വര്‍ധിപ്പിക്കുന്നതിന് തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും മോദി ട്രംപിനോട് വ്യക്തമാക്കി.
അതേസമയം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യയുഎസ് ബന്ധത്തിലെ നേട്ടങ്ങളില്‍ ട്രംപ് സംതൃപ്തി പ്രകടിപ്പിക്കുകയും ഉഭയകക്ഷി സഹകരണം കൂടുതല്‍ ആഴത്തിലാക്കാന്‍ സന്നദ്ധത അറിയിക്കുകയും ചെയ്തിട്ടുണ്ട്. പുതുവര്‍ഷത്തില്‍ ഇന്ത്യയ്‌ക്ക് ആശംസകള്‍ അറിയിക്കാനും ട്രംപ് മറന്നില്ല. രാജ്യത്തെ ജനങ്ങളുടെ അഭിവൃദ്ധിക്കും പുരോഗതിക്കും ആശംസകള്‍ അറിയിച്ചെന്നും കേന്ദ്ര സര്‍ക്കാര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം വര്‍ധിപ്പിക്കുന്നതില്‍ കഴിഞ്ഞ വര്‍ഷം കൈവരിച്ച സുപ്രധാന പുരോഗതി പ്രധാനമന്ത്രി എടുത്തുപറയുകയും വര്‍ഷവും തുടരേണ്ട സഹകരണവും ഒന്നിച്ച് പ്രവര്‍ത്തിക്കുന്നതിനുള്ള താല്‍പര്യം പ്രകടിപ്പിക്കുകയും ചെയ്തു. ഇറാന്‍ – യുഎസ് സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് മോദിയും ട്രംപും തമ്മില്‍ സംഭാഷണം നടത്തിയത്.
അതേസമയം ഇറാനും യുഎസും തമ്മിലുള്ള സ്ഥിതി ഗുരുതരമാകാതിരിക്കാന്‍ ഇരുരാജ്യങ്ങളും ശ്രമിക്കണമെന്നും സംയമനം വേണമെന്നും ഇന്ത്യ ആദ്യം അറിയിച്ചിരുന്നു. വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ കഴിഞ്ഞ ദിവസം യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോയുമായും ഇറാന്‍ വിദേശകാര്യ മന്ത്രി ജാവേദ് സരിഫുമായും ചര്‍ച്ച നടത്തുകയും വിഷയത്തില്‍ ഇന്ത്യയുടെ ആശങ്ക വ്യക്തമാക്കുകയും ചെയ്തിരുന്നു.
















