മലപ്പുറം: കേരളത്തിലെ ഏക നദീ ഉത്സവമായ തിരുന്നാവായ മാഘമക മഹോത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഈ മാസം 10 മുതല്‍ 12 വരെയാണ് ഉത്സവം. തവനൂരില്‍ നടക്കുന്ന ദ്വിദിന ശതചണ്ഡീയാഗം, മഹാരുദ്രയാഗം, സന്ന്യാസി സംഗമം, നിളാപൂജ എന്നിവയാണ് ഇത്തവണത്തെ പ്രത്യേക പരിപാടികള്‍.
ഓറല്‍ ഹിസ്റ്ററി റിസര്‍ച്ച് ഫൗണ്ടേഷന്, കോഴിക്കോട് ഉഗ്രനരസിംഹ ചാരിറ്റബിള്‍ ട്രസ്റ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ മാതാ അമൃതാനന്ദമയി മഠം, തപസ്യ കലാസാഹിത്യ വേദി, സേവാഭാരതി, സായി വേദവാഹിനി ട്രസ്റ്റ്, തവനൂര്‍ ബ്രഹ്മശിവക്ഷേത്ര കമ്മിറ്റി, തിരുന്നാവായ ദേവസ്വം തുടങ്ങിയ സംഘടനകളെ ഏകോപിപ്പിച്ച് രൂപീകരിച്ച സമിതിയാണ് മാഘമക മഹോത്സവത്തിന് നേതൃത്വം നല്‍കുന്നത്.
പരശുരാമന് നടത്തിയ യാഗദിനങ്ങളില്‍ ഭാരതപ്പുഴയില്‍ ഗംഗ അടക്കമുള്ള പുണ്യനദികളുടെ പ്രവാഹമുണ്ടായെന്നും തുടര്‍ന്ന് ഓരോ മാഘമക മാസത്തിലും 28 ദിവസം പുണ്യനദികളു ടെ പ്രവാഹമുണ്ടാകുന്നുണ്ടെന്നും ഈ ദിവസങ്ങളില്‍ നിളയെ പൂജിക്കുന്നതും സ്നാനം ചെയ്യുന്നതും പുണ്യമാണെന്നുമാണ് വിശ്വാസം. ഈ വിശ്വാസത്തിന്റെ ചുവടുപിടിച്ചാണ് രണ്ടു വര്‍ഷം മുമ്പ് മാഘമക മഹോത്സവത്തിന് തുടക്കമിട്ടത്. പൈതൃക ഗ്രാമങ്ങളായ തവനൂര്‍, തിരുന്നാവായ എന്നിവയുടെ സമഗ്രവികസനവും ഭാരതപ്പുഴയുടെ സംരക്ഷണവുമാണ് മാഘമക മഹോത്സവത്തിന്റെ ലക്ഷ്യം. ഇരുഗ്രാമങ്ങളെയും ബന്ധിപ്പിച്ച് സമഗ്രമായ വികസന പദ്ധതി ഇത്തവണ കേന്ദ്ര ടൂറിസം വകുപ്പിനും പ്രധാനമന്ത്രിക്കും സമര്‍പ്പിക്കും. കാനഡ, അമേരിക്ക, സിങ്കപ്പൂര്‍, മലേഷ്യ, സ്പെയിന് എന്നീ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി നിരവധി പേര് ഉത്സവത്തില്‍ പങ്കെടുക്കും.
വാര്‍ത്താസമ്മേളനത്തില്‍ തിരൂര്‍ ദിനേശ്, പി. ജനാര്‍ദ്ദനമേനോന്‍, ദീപക് പൂന്തോട്ടത്തില്‍, കൃഷ്ണകുമാര്‍ പുല്ലൂരാല്‍, കെ.പി. രാധ, എ.വി. അനില്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: