ഇന്‍ഡോര്‍: പുതുവര്‍ഷത്തില്‍ പുത്തന്‍ വിജയം തേടി കോഹ് ലിയുടെ ഇന്ത്യന്‍ സൈന്യം ഇറങ്ങുന്നു. ശ്രീലങ്കക്കെതിരായ ടി 20 പരമ്പരയിലെ രണ്ടാം മത്സരം ഹോള്‍ക്കര്‍ സ്റ്റേഡിയത്തില്‍ ഇന്ന് നടക്കും. രാത്രി ഏഴിന് കളി തുടങ്ങും. ഗുവാഹത്തിയിലെ ആദ്യ മത്സരം മഴയെ തുടര്‍ന്ന് ഒരു പന്തുപോലും എറിയാനാകാതെ ഉപേക്ഷിച്ചിരുന്നു.
പരിക്കില്‍ നിന്ന് മോചിതനായി തിരിച്ചെത്തിയ ഓപ്പണര്‍ ശിഖര്‍ ധവാന് ഈ മത്സരം നിര്‍ണായകമാണ്. ലോകകപ്പില്‍ ഓപ്പണറുടെ സ്ഥാനം ലഭിക്കണമെങ്കില്‍ ശ്രീലങ്കക്കെതിരായ രണ്ട് മത്സരങ്ങളിലും മിന്നുന്ന പ്രകടനം കാഴചവയ്ക്കണം. രോഹിതിന് വിശ്രമം അനുവദിച്ചിരിക്കുന്നതിനാല്‍ കെ.എല്‍. രാഹുലിനൊപ്പം ശിഖര്‍ ധവാന് ഇന്നിങ്സ് ഓപ്പണ്‍ ചെയ്യും. ഈ പരമ്പരയ്ക്ക് ശേഷം രോഹിത് തിരിച്ചെത്തുമ്പോള്‍ ധവാനോ, രാഹുലിനോ ഓപ്പണറുടെ സ്ഥാനം നഷ്ടമാകും. മുപ്പത്തിയഞ്ചുകാരനായ ധവാന് ഫോം കണ്ടെത്താന്‍ വിഷമിക്കുകയാണ്. അവസാന 12 മത്സരങ്ങളില്‍ ധവാന് നേടിയത് 272 റണ്‍സ് മാത്രം.
അതേസമയം, രാഹുല്‍ മുന്‍ നിരയില്‍ സ്ഥാനം ലഭിച്ചപ്പോഴൊക്കെ മികവ് കാട്ടി. വിന്‍ഡീസിനെതിരായ മൂന്ന് ഏകദിനങ്ങളിലും മൂന്ന് ടി 20 മത്സരങ്ങളിലും തകര്‍ത്തുകളിച്ചു. ആറ് ഇന്നിങ്ങ്സുകളിലായി ഒരു സെഞ്ചുറിയും മൂന്ന് അര്‍ധശതകവും നേടി.ഗുവാഹത്തിയിലെ ആദ്യ മത്സരം മഴയില്‍ മുങ്ങിയ സാഹചര്യത്തില്‍ വിരാട് കോഹ്ലി പ്ലേയിങ് ഇലവനില്‍ മാറ്റം വരുത്താനുള്ള സാധ്യത കുറവാണ്. ആദ്യ മത്സരത്തിനായി തെരഞ്ഞെടുത്ത മൂന്ന് പേസര്‍മാരും രണ്ട് സ്പെഷ്യലിസ്റ്റ് സ്പിന്നര്‍മാരും ടീമിലുണ്ടാകും. വാഷിങ്ങ്ടണ്‍ സുന്ദറും കുല്‍ദീപ് യാദവുമാണ് ടീമിലെ സ്പിന്നര്‍മാര്‍. ഓരോ പരമ്പരകളിലും ബഞ്ചിലിരിക്കുന്ന മനീഷ് പാണ്ഡ്യയ്ക്കും മലയാളി താരം സഞ്ജു സാംസണും ഇന്നും പുറത്തിരിക്കേണ്ടിവരും. പരിക്ക് ഭേദമായി തിരിച്ചെത്തിയ പേസര്‍ ജസ്പ്രീത് ബുംറ ഇന്ന് കളിക്കളത്തിലിറങ്ങും.
ഹോള്‍ക്കാര്‍ സ്റ്റേഡിയത്തില്‍ ഒരു ടി 20 മത്സരം മാത്രമേ നടന്നിട്ടുള്ളൂ. 2017 ല്‍ ഇവിടെ നടന്ന മത്സരത്തില്‍ ഇന്ത്യ ശ്രീലങ്കയെ 88 റണ്‍സിന് തോല്‍പ്പിച്ചു.പരിചയ സമ്പന്നനായ ക്യാപ്റ്റന്‍ ലസിത് മലിംഗ, ഓള് റൗണ്ടര്‍ ഏയഞ്ചലോ മാത്യൂസ് എന്നിവരാണ് ശ്രീലങ്കയുടെ കരുത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: