ന്യൂദല്‍ഹി: ശബരിമല പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീംകോടതി അടുത്ത തിങ്കളാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ഒമ്പതംഗ ഭരണഘടനാ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട എഴുപതോളം ഹര്‍ജികള്‍ ആണ് സുപ്രീംകോടതിയുടെ ഒന്‍പതംഗ ഭരണഘടന ബെഞ്ച് പരിഗണിക്കുന്നത്.
ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ചുകൊണ്ട് 2018 സപ്തംബര്‍ 28ന് പുറപ്പെടുവിച്ച വിധിക്കെതിരായ പുനഃപരിശോധനാ ഹര്‍ജികളും 2006-ല്‍ യുവതി പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ യങ് ലോയേഴ്സ് അസോസിയേഷന് നല്കിയ ഹര്‍ജികളുമാണ് ജനുവരിയില്‍ പരിഗണിക്കുന്നതെന്ന് സുപ്രീംകോടതി അഡീഷണല്‍ രജിസ്ട്രാര്‍ കേസിലെ കക്ഷികള്‍ അയച്ച നോട്ടീസില്‍ പറഞ്ഞിരുന്നു. വിധി നടപ്പിലാക്കുന്നതിന് സാവകാശം തേടി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നല്കിയ സാവകാശ അപേക്ഷയും ബഞ്ചിന് മുമ്പാകെ ലിസ്റ്റ് ചെയ്തിട്ടുണ്ട്.
വിപുലമായ ബഞ്ചിന്റെ തീരുമാനം വന്ന ശേഷം യുവതീ പ്രവേശനത്തിന് സംരക്ഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിക്കാം എന്നാണ് കോടതി നിലപാട്.
ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയം ഗൗരവമുള്ളതാണെന്നും സ്ഥിതി വഷളാക്കാന്‍ കോടതി ഉദ്ദേശിക്കുന്നില്ലെന്നും സുപ്രീംകോടതി ബിന്ദു അമ്മിണിയും രഹ്ന ഫാത്തിമയും നല്കിയ ഹര്‍ജികള്‍ പരിഗണിക്കവേ വ്യക്തമാക്കിയിരുന്നു. യുവതീ പ്രവേശന വിഷയം വിശാല ബെഞ്ചിന് വിട്ടതല്ലെയെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു. രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥ സ്ഫോടനാത്മകമാണ്, അക്രമം ഉണ്ടാക്കാന്‍ കോടതി ആഗ്രഹിക്കുന്നില്ലെന്നും വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: