ന്യൂദല്‍ഹി: ജെഎന്‍യുവിയില്‍ നടന്ന അക്രമത്തില്‍ ഇടതു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രവര്‍ത്തകരുടെ പങ്ക് വെളിവാക്കി സർവകലാശാലയുടെ പത്രക്കുറിപ്പ്. ഫീസ് വര്‍ധനയെ അനുകൂലിച്ച് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ മുന്നോട്ടു വരുന്നത് ഇടത് സംഘടനകളുടെ പ്രതിഷേധ സമരങ്ങള്‍ക്ക് തിരിച്ചടിയാകുമോ എന്ന ആശങ്കയാണ് ആക്രമണമുണ്ടാകാന്‍ കാരണമെന്ന് ജെഎന്‍യു അധികൃതര്‍ വ്യക്തമാക്കുന്നു
ശൈത്യകാല രജിസ്‌ട്രേഷന്‍ നടപടി തടസപ്പെടുത്താന്‍ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ദിവസങ്ങളായി നടക്കുന്ന അതിക്രമമാണ് അക്രമത്തിലേക്ക് വഴിമാറിയത്. കുറച്ചു ദിവസങ്ങളായി ക്യാമ്പസിനുള്ളിലേക്ക് സമരവുമായി സഹകരിക്കാത്ത വിദ്യാര്‍ത്ഥികളേയോ ജീവനക്കാരേയോ അധ്യാപകരേയൊ പ്രവേശിപ്പിക്കുന്നുണ്ടായിരുന്നില്ല. എന്നാല്‍, ഇന്നലെ വൈകിട്ട് ശൈത്യകാല രജിസ്‌ട്രേഷനില്‍ പങ്കെടുക്കണം എന്ന ആവശ്യവുമായി കുറച്ചു വിദ്യാര്‍ത്ഥികള്‍ എത്തി. ഇവരെ സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ മര്‍ദിച്ചു. ഒപ്പം, രജിസ്‌ട്രേഷന്‍ നടപടി നടക്കുന്ന കെട്ടിടത്തിൽ അക്രമം അഴിച്ചു വിട്ടു.
ഞായറാഴ്ച വൈകിട്ട് നാലരയോടെ സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ അഡ്മിന്‍ ബ്ലോക്കിലും ഹോസ്റ്റലിലും കടന്നുകയറി. ഇവരെല്ലാം മുഖംമൂടി ധരിച്ച നിലയിലായിരുന്നു. ഇവര്‍ രജിസ്‌ട്രേഷന്‍ നടപടിയുമായി സഹകരിക്കുന്ന വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദിച്ചു. ഇതോടാപ്പം മുഖംമൂടിധാരികള്‍ പെരിയാര്‍ ഹോസ്റ്റലില്‍ കടന്നു കയറി കമ്പും കല്ലുകളും ഇരുമ്പുദണ്ഡുകളുമായി വിദ്യാര്‍ഥികളെ മര്‍ദിച്ചു. സമരക്കാരുടെ മര്‍ദനത്തില്‍ സുരക്ഷാജീവനക്കാര്‍ക്കും പരുക്കേറ്റെന്നും ജെഎന്‍യു. കുറച്ചു സമരക്കാരായ വിദ്യാര്‍ഥികളുടെ ഇടപെടല്‍ മൂലം ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ അക്കാദമിക് സമയം നഷ്ടമാവുകയാണെന്നും ജെഎന്‍യു വൈസ് ചാന്‍ലസര്‍ വ്യക്തമാക്കി.
ജനുവരി ഒന്ന് വരെ രജിസ്‌ട്രേഷന്‍ നടപടികള്‍ സുഗമമായി നടന്ന് വരികയായിരുന്നു. എന്നാല്‍ മൂന്നാം തീയതി മുതലാണ് ഇതിനെതിരെ ക്യാമ്പസില്‍ ഇടത് സംഘടനകളുടെ നേതൃത്വത്തില്‍ അക്രമം ആരംഭിച്ചത്. രജിസ്‌ട്രേഷനായി എത്തിയ നിരവധി വിദ്യാര്‍ത്ഥികളെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
















