ടെഹ്റാന്: അമേരിക്കയ്ക്ക് തങ്ങളോട് ഏറ്റുമുട്ടലിന് ധൈര്യമില്ലെന്ന് ഇറാന് സൈനിക തലവന്‍ മേജര്‍ ജനറല്‍ അബ്ദു റഹീം മൗസവി. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്വിറ്ററിലൂടെ വീണ്ടും ഭീഷണി മുഴക്കിയതിന് പിന്നാലെ ഇറാന്റെ മറുപടി.
അതേസമയം ‘കോട്ട് ധരിച്ച ഭീകരനാണ്’ ട്രംപെന്നാണ് ഇറാന് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍സ് മന്ത്രി മുഹമ്മദ് ജവാദ് അസാരി ജറോമി ട്വിറ്ററില്‍ കുറിച്ചത്.
ഇറാനെ പരാജയപ്പെടുത്താന്‍ ആര്‍ക്കും സാധിച്ചിട്ടില്ല. ചരിത്രം ട്രംപും ഉടന്‍ പഠിക്കും ഇസ്ലാമിക് സ്റ്റേറ്റ്, ഹിറ്റ്ലര്‍, ജെങ്കിസ്ഖാന്റെ പടയാളികള്‍ എന്നിവരെല്ലാം സംസ്കാരത്തിന് എതിരായിരുന്നെന്നും ഇറാന് മന്ത്രി ട്വീറ്റ് ചെയ്തു. ഡൊണാള്‍ഡ് ട്രംപിന്റെ തുടര്‍ച്ചയായുള്ള വിമര്‍ശനങ്ങള്‍ക്കിടെയാണ് വെല്ലുവിളി ഉയര്‍ത്തി ഇറാനും രംഗത്തെത്തിയത്.
യുഎസ് സ്ഥാപനങ്ങളോ, പൗരന്മാരെയോ ഇറാന് ആക്രമിച്ചാല്‍ കുറച്ച് പുതിയ ആയുധങ്ങള്‍ ഇറാനിലേക്ക് അയക്കുമെന്ന കാര്യത്തില്‍ സംശയമൊന്നും വേണ്ടെന്നായിരുന്നു ട്രംപിന്റെ അവസാനത്തെ പ്രതികരണം.
അമേരിക്കയെ ആക്രമിച്ചാല്‍ ഇറാനിലെ പ്രധാനപ്പെട്ട 52 കേന്ദ്രങ്ങളെ ആക്രമിക്കുമെന്നും ട്രംപ് ഭീഷണി മുഴക്കി. വളരെ വേഗത്തിലും അതിശക്തവുമായ ആക്രമണമാകും ഉണ്ടാകുകയെന്നും ട്രംപ് ഭീഷണി മുഴക്കിയിരുന്നു. അമേരിക്ക ഇറാനിലെ 52 കേന്ദ്രങ്ങളെ ലക്ഷ്യം വയ്ക്കുന്നുണ്ട്. ചിലത് ഇറാനും ഇറാന് സംസ്കാരത്തിനും തന്നെയും വളരെ പ്രധാനപ്പെട്ടവയാണ്. ടെഹ്റാന് യുഎസിനെ ആക്രമിച്ചാല്‍ ഇവയെ വളരെ വേഗത്തിലും കഠിനമായും ബാധിക്കും- ട്രംപ് ട്വീറ്റ് ചെയ്തു.
അതേസമയം ഇറാനി ജനറല്‍ കാസ്സിം സൊലേമാനിയെ അമേരിക്ക ഡ്രോണ്‍ ആക്രമണത്തില്‍ കൊലപ്പെടുത്തിയതിന് പിന്നാലെ യുഎസിന് തിരിച്ചടി നല്‍കും എന്ന് ഇറാന് വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ അതിന് വ്യക്തമായ സൂചനകള്‍ നല്കുന്ന ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. ചരിത്രത്തിലാദ്യമായി ഇറാനിലെ ക്യോം ജാംകരന്‍ മോസ്കിലെ താഴികക്കുടത്തില്‍ ചുവപ്പു കൊടി ഉയര്‍ന്നു. ഇറാനിയന്‍ പാരമ്പര്യമനുസരിച്ച് യുദ്ധം വരുന്നതിന്റെ സൂചനയാണിതെന്നാണ് ഇറാനില്‍ നിന്നുള്ള വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: