കൊച്ചി: റെക്കോഡുകള്‍ തകര്‍ത്ത് സ്വര്‍ണവില. 320 രൂപ കൂടി ഉയര്‍ന്നാല്‍ ഒരു പവന് സ്വര്‍ണത്തിന്റെ വില 30,000 എത്തും. ഇന്ന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കൂടിയത്. ഇതോടെ വില ഗ്രാമിന് 3710 രൂപയും പവന് 29,680 രൂപയുമായി.
ഇന്നലെ 27 ഡോളറില്‍ അധികമാണ് സ്വര്‍ണവില ഉയര്‍ന്നത്. ഇത് കേരളത്തില്‍ രണ്ടുതവണ സ്വര്‍ണവില ഉയരാനിടയാക്കി. രാജ്യാന്തര വിപണിയില്‍ ട്രോയ് ഔണ്‍സിന് (31.1 ഗ്രാം സ്വര്‍ണം) 1552 ഡോളറാണ് ഇപ്പോഴത്തെ വില. ഇറാഖിലെ യുഎസ് ആക്രമണത്തെത്തുടര്‍ന്ന് എംസിഎക്സ് ഗോള്‍ഡ് ഫ്യൂച്ചേഴ്സ് ഒരുശതമാനം (400 രുപ) ഉയര്‍ന്ന് 39,680 രൂപയായി. രണ്ടാഴ്ചയ്ക്കിടെ 10 ഗ്രാം സ്വര്‍ണത്തിന്റെ വിലയില്‍ 1,700 രൂപയുടെ വര്‍ധനവുണ്ടായി. ബാഗ്ദാദില്‍ വീണ്ടും യുഎസ് ആക്രമണമുണ്ടായ സാഹചര്യത്തില്‍ വരും വ്യാപാര ദിവസങ്ങളിലും സ്വര്‍ണവില ഉയരാനാണു സാധ്യത. രണ്ടു ദിവസം കൊണ്ട് 440 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിന് 3680 രൂപയാണ് വെള്ളിയാഴ്ചത്തെ വില. 19 ദിവസം കൊണ്ട് സ്വര്‍ണവില പവന് 1,440 രൂപ കൂടി. 2019 ഡിസംബര്‍ 13ന് 28,000 രൂപയായിരുന്നു പവന്റെ വില. പിന്നീട് തുടര്‍ച്ചയായ ദിവസങ്ങളില്‍ വില വര്‍ധിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: