തൃശൂര്‍: കര്‍ഷകര്‍ക്ക് സുസ്ഥിര വരുമാനം ഉറപ്പാക്കണമെന്നും കാര്‍ഷിക സംരംഭങ്ങള്‍ക്കും മറ്റേതൊരു ആധുനിക വ്യവസായത്തിന് തുല്യമായി പ്രത്യേകാവകാശങ്ങള്‍ ലഭിക്കണമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. കേന്ദ്ര-സംസ്ഥാന കൃഷി വകുപ്പുകളുടെ നേതൃത്വത്തില്‍ വടക്കുന്നാഥ ക്ഷേത്രമൈതാനിയില്‍ സംഘടിപ്പിക്കുന്ന വൈഗ-2020 അന്താരാഷ്ട്ര ശില്‍പ്പശാലയും പ്രദര്‍ശനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനുള്ള പദ്ധതികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ രൂപംനല്കി. കര്‍ഷകരുടെ പ്രതിമാസ വരുമാനം വര്‍ധിപ്പിക്കാനുള്ള പദ്ധതികള്‍ 2022 ആകുമ്പോഴേക്കും ഫലം കാണും. നൂതന സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തി മൂല്യവര്‍ദ്ധനവിലൂടെ കാര്‍ഷിക മേഖലയില്‍ നിന്നുള്ള വരുമാനം വര്‍ധിപ്പിക്കുന്നതിന് കര്‍ഷകര്‍ ശ്രമിക്കണം. കാര്‍ഷിക സംരംഭങ്ങള്‍ക്കും മറ്റേതൊരു ആധുനിക വ്യവസായത്തിന് തുല്യമായി പ്രത്യേകാവകാശങ്ങള്‍ ലഭിക്കേണ്ടതുണ്ട്, ഗവര്‍ണര്‍ പറഞ്ഞു.
മന്ത്രി വി.എസ്. സുനില്‍കുമാര്‍ അധ്യക്ഷനായി. മന്ത്രിമാരായ പ്രൊഫ. സി. രവീന്ദ്രനാഥ്, എ.സി. മൊയ്തീന്, ചീഫ് വിപ്പ് കെ. രാജന് എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. മേയര്‍ അജിത വിജയന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, കോര്പ്പറേഷന് കൗണ്‍സിലര്‍ എം.എസ്. സമ്പൂര്‍ണ്ണ, കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ആര്. ചന്ദ്രബാബു, അഡീഷണല്‍ ചീഫ് സെക്രട്ടറി ദേവേന്ദ്രകുമാര്‍ സിങ്, കൃഷി ഡയറക്ടര്‍ ഡോ. ദത്തന് ഖേല്‍ക്കര്‍ എന്നിവര്‍ സംസാരിച്ചു.
പ്രസംഗത്തില്‍ നിന്ന് വ്യതിചലിച്ചു; കശ്മീരിനെ കുറിച്ച് വാചാലനായി ഗവര്‍ണര്‍
ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും കശ്മീര്‍ ഇല്ലാതെ ഇന്ത്യയില്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. വൈഗ-കാര്‍ഷിക മേളയുടെ ഉദ്ഘാടന പ്രസംഗത്തിലാണ് അദ്ദേഹം കശ്മീരിനെ കുറിച്ച് പരാമര്‍ശിച്ചത്. 350 സ്റ്റാളുകള്‍ ഒരുക്കിയ മേളയില്‍ കശ്മീരിലെയും ആന്‍ഡമാന്‍ നിക്കോബാറിലെയും തമിഴ്നാട്ടിലെയുമെല്ലാം കര്‍ഷകരെ ഉള്‍പ്പെടുത്തിയതില്‍ സന്തോഷമുണ്ടന്ന് പറഞ്ഞ ഗവര്‍ണര്‍ എഴുതി തയാറാക്കിയ പ്രസംഗത്തില്‍ നിന്ന് വ്യതിചലിച്ച് കശ്മീരിനെ കുറിച്ച് വാചാലനായി.
കശ്മീര്‍ ശക്തികേന്ദ്രമാണ്. അറിവിന്റെ കേന്ദ്രമായ ശാരദാപീഠം കൂടിയാണെന്നതാണ് കശ്മീരിന്റെ പ്രത്യേകത. ഇന്ത്യയുടെ സാംസ്കാരിക പാരമ്പര്യത്തില്‍ കശ്മീരിന് പ്രത്യേക സ്ഥാനമുണ്ട്. കശ്മീര്‍ ഇല്ലാതെ ഇന്ത്യ പൂര്‍ണമാകില്ല. കശ്മീര്‍ ജനത നമ്മളിലൊരാളാണെന്നും അവര്‍ക്ക് നമ്മുടെ നെഞ്ചിലിടമുണ്ടെന്നും തോന്നണം. നമുക്ക് കശ്മീര്‍ ജനതയെ ഇഷ്ടമാണെന്ന് തോന്നുന്നതിനായി അവരെ നെഞ്ചോട് ചേര്‍ത്ത് പിടിക്കണമെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു.
കരിങ്കൊടി കാണിക്കാനെത്തിയ യൂത്ത് കോണ്‍.-കെഎസ്യുക്കാര് അറസ്റ്റില്‍
പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച ഗവര്‍ണറെ കരിങ്കൊടി കാണിക്കാനുള്ള യൂത്ത് കോണ്‍ഗ്രസ്-കെഎസ്യുക്കാരുടെ ശ്രമം പോലീസ് തടഞ്ഞു. കെഎസ്യു ജില്ലാ സെക്രട്ടറി വി.എസ്. ഡേവിഡ്, യൂത്ത് കോണ്‍ഗ്രസ് നേതാവ് എം.വി. അരുണ്‍ എന്നിവരെയാണ് പോലീസ് പാറമേക്കാവ് ക്ഷേത്രത്തിന് സമീപത്തു നിന്ന് പിടികൂടിയത്. ഇവരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഗവര്‍ണര്‍ക്കു നേരെ പ്രതിഷേധമുണ്ടാകുമെന്ന് രഹസ്യാന്വേഷണ വിഭാഗം നേരത്തെ വിവരം നല്കിയിരുന്നതിനാല് പോലീസ് കര്‍ശന നിരീക്ഷണവും പരിശോധനയും സുരക്ഷയും ഒരുക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: