ഗുവാഹത്തി: പുതുവര്‍ഷത്തിലെ ആദ്യ പരമ്പരയ്ക്കായി വിരാട് കോഹ്ലി നയിക്കുന്ന ഇന്ത്യന്‍ ടീം നാളെ കളത്തിലിറിങ്ങും. ഈ വര്‍ഷത്തെ ട്വന്റി 20 ലോകകപ്പിനുളള ഒരുക്കത്തിന്റെ ഭാഗമായി നടക്കുന്ന പരമ്പരയില്‍ അയല്‍ക്കാരായ ശ്രീലങ്കയാണ് എതിരാളികള്‍. ആദ്യ മത്സരം ബര്‍സപ്ര സ്റ്റേഡിയത്തില്‍ നാളെ രാത്രി ഏഴിന് ആരംഭിക്കും.
മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. രണ്ടാം മത്സരം ചൊവ്വാഴ്ച ഇന്‍ഡോറിലും അവസാന മത്സരം വെള്ളിയാഴ്ച പൂനെയിലും നടക്കും. പരിക്ക്മൂലം കളിക്കളത്തില്‍ നിന്ന് വിട്ടുനിന്ന പേസര്‍ ജസ്പ്രീത് ബുംറ ഈ പരമ്പരയില്‍ തിരിച്ചുവരും. കഴിഞ്ഞ ആഗസ്റ്റ് – സെപ്തംബര്‍ മാസത്തെ വിന്‍ഡീസ് പര്യടനത്തിനുശേഷം ഇതാദ്യമായാണ് ബുംറ കളത്തിലിറങ്ങുന്നത്. വിശാഖപട്ടണത്ത് വിന്‍ഡീസിനെതിരായ രണ്ടാം ഏകദിന മത്സരത്തിന് മുമ്പുള്ള പരിശീലന സെഷനില്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് പന്തെറിഞ്ഞുകൊടുത്ത് ബുംറ ഫിറ്റ്നസ് തെളിയിച്ചിരുന്നു.
കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇന്ത്യന്‍ ട്വന്റി 20 ടീമിലെ സ്ഥിരം സാന്നിദ്ധ്യമായ രോഹിത് ശര്‍മ ഈ പരമ്പരയില്‍ കളിക്കില്ല. ജോലിഭാരം കണക്കിലെടുത്ത് മാനേജ്മെന്റ് വിശ്രമം അനുവദിച്ചിരിക്കുകയാണ്. അതേസമയം പരിക്ക് ഭേദമായ ശിഖര്‍ ധവാന് ടീമില്‍ തിരിച്ചെത്തി. രോഹിതിന്റെ അഭാവത്തില്‍ ശിഖര്‍ ധവാനും കെ.എല്‍. രാഹുലും ഇന്നിങ്സ് ഓപ്പണ്‍ ചെയ്തേക്കും.
ബംഗ്ലാദേശിനും വിന്‍ഡീസിനും എതിരായ പരമ്പരയില്‍ ടീമിലുണ്ടായിരുന്നിട്ടും കളിക്കാന്‍ അവസരം ലഭിക്കാത്ത മലയാളി താരം സഞ്ജു സാംസണ് ഇത്തവണയും ടീമിലുണ്ട്. പക്ഷെ കളിക്കാന്‍ അവസരം കിട്ടുമോയെന്ന് കണ്ടറിയണം. പരിചയസമ്പന്നനായ പേസര്‍ ലസിത് മലിംഗയാണ് ശ്രീലങ്കയെ നയിക്കുന്നത്. മുന്‍ നായകന് ഏയ്ഞ്ചലോ മാത്യൂസ് പതിനാറു മാസത്തിനുശേഷം ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: